ബഹ്‌റൈനിലെ സെൻട്രൽ, പരമ്പരാഗത മാർക്കറ്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഏകീകൃത നിയമങ്ങൾക്ക് അംഗീകാരം

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ സെൻട്രൽ, പരമ്പരാഗത മാർക്കറ്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഏകീകൃത നിയമങ്ങൾക്ക് മൂന്ന് മുനിസിപ്പൽ കൗൺസിലുകളും കാപിറ്റൽ ട്രസ്റ്റീസ് ബോർഡും അംഗീകാരം നൽകി. സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, നിയമപരവും ആരോഗ്യപരവുമായ മാനദണ്ഡങ്ങൾ ഉറപ്പാക്കുക, വാണിജ്യ ഇടങ്ങൾ ആധുനികവത്കരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പരിഷ്കരണം.
പുതിയ നിയമ പ്രകാരം ഔദ്യോഗികമായി അനുമതിയുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മാത്രമേ മാർക്കറ്റുകളിൽ കച്ചവടം ചെയ്യാൻ അനുവാദമുണ്ടാവുകയുള്ളൂ. ഇതു കൂടാതെ മന്ത്രിതല അംഗീകാരമില്ലാതെ ഒരു വ്യാപാരിക്ക് ഒരു മാർക്കറ്റിൽ ഒന്നിലധികം സ്ഥലം സ്വന്തമാക്കാനോ, അനുവദിച്ച ഇടങ്ങൾ മുൻകൂർ അനുമതിയില്ലാതെ മറ്റൊരാൾക്ക് ഉപവാടകയ്ക്ക് നൽകാനോ, കൈമാറ്റം ചെയ്യാനോ പാടില്ല.
മാർക്കറ്റ് പ്രദേശത്തെ ശുചിത്വം, സുരക്ഷ, സ്ഥലത്തിന്റെ പരിപാലനം എന്നിവയുടെ പൂർണ ഉത്തരവാദിത്തം വ്യാപാരിക്കായിരിക്കും. നിയമം ലംഘിച്ച് വിൽക്കുന്ന സാധനങ്ങൾ കണ്ടുകെട്ടാനും ലേലം ചെയ്യാനും പിഴ കഴിച്ചുള്ള തുക വ്യാപാരിക്ക് തിരികെ നൽകാനും മുനിസിപ്പാലിറ്റിക്ക് അധികാരം നൽകുന്ന വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്.
േേുേീു്