ഇന്ത്യൻ നാവികസേനയുടെ പടിഞ്ഞാറൻ കപ്പൽ വ്യൂഹത്തിലെ മൂന്ന് കപ്പലുകൾ മനാമ തുറമുഖത്ത്

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ നാവികസേനയുടെ പടിഞ്ഞാറൻ കപ്പൽ വ്യൂഹത്തിലെ മൂന്ന് കപ്പലുകൾ മനാമ തുറമുഖത്ത് ഔദ്യോഗിക സന്ദർശനം നടത്തി. റിയർ അഡ്മിറൽ രാഹുൽ വിലാസ് ഗോഖലെയുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. ഐ.എൻ.എസ് മോർമുഗാവോ, ഐ.എൻ.എസ് തർക്കാഷ്, ഐ.എൻ.എസ് ടബാർ എന്നീ കപ്പലുകളാണ് സന്ദർശനത്തിൽ പങ്കെടുത്തത്.
സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ റിയർ അഡ്മിറൽ രാഹുൽ വിലാസ് ഗോഖലെ, യു.എസ് നേവൽ ഫോഴ്‌സ് സെൻട്രൽ കമാൻഡിന്റെയും കമ്പൈൻഡ് മാരിടൈം ഫോഴ്‌സിന്റെയും കമാൻഡറായ വൈസ് അഡ്മിറൽ ജോർജ് വൈക്കോഫുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. അറേബ്യൻ ഗൾഫിലും പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലും പ്രവർത്തന ഏകോപനം, വിവരങ്ങൾ കൈമാറൽ, ശേഷി വർധിപ്പിക്കൽ എന്നിവ സംബന്ധിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.
ഇന്ത്യൻ പ്രതിനിധി സംഘം ബഹ്‌റൈൻ പ്രതിരോധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും വിദേശകാര്യ മന്ത്രാലയം അധികൃതരുമായും കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനിലെ പ്രമുഖ വ്യക്തികളും നയതന്ത്ര ഉദ്യോഗസ്ഥരും സംയുക്ത സമുദ്ര സേനയിലെ നാവിക കമാൻഡർമാരും പങ്കെടുത്ത ഔദ്യോഗിക സ്വീകരണവും കപ്പലുകളിൽ ഒരുക്കിയിരുന്നു.
sdfdsf