ബഹ്‌റൈൻ കിരീടാവകാശി മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മാർപ്പാപ്പ പോപ്പ് ലിയോ 14ആമനുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ സിറ്റി സ്റ്റേറ്റിലും ഇറ്റലിയിലും നടത്തുന്ന ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയതായിരുന്നു കിരീടാവകാശി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ വത്തിക്കാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, സഹിഷ്ണുത, സഹവർത്തിത്വം, വിവിധ മതങ്ങൾ തമ്മിലുള്ള സംവാദം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ചയിൽ കിരീടാവകാശി വ്യക്തമാക്കി.
ഹമദ് രാജാവിന്‍റെ ആശംസകളും സന്തോഷങ്ങളും കിരീടാവകാശി മാർപ്പാപ്പയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ കോർട്ട് കാര്യ മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി.
ess
fdsfsd