വൃക്ക വിൽക്കാനുണ്ടെന്ന വ്യാജേന വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ആഫ്രിക്കൻ പൗരൻ റിമാൻഡിൽ

ശാരിക
മനാമ l വൃക്ക വിൽക്കാനുണ്ടെന്ന വ്യാജേന വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ആഫ്രിക്കൻ പൗരൻ റിമാൻഡിൽ. പണത്തിനുവേണ്ടി തന്‍റെ ഒരു അവയവം വിൽക്കുകയാണെന്ന് തെറ്റായി അവകാശപ്പെട്ട് ഒരു വീഡിയോ ചിത്രീകരിക്കുകയും അത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതായി പ്രതി സമ്മതിച്ചെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ അറിയിച്ചു.
ഒപ്പിട്ട ഒരു ചെക്ക് കൈവശം വെച്ചും പണം വാങ്ങിയും നിൽക്കുന്നതായി വീഡിയോയിൽ കാണിച്ചിരുന്നു. സൈബർ ക്രൈം ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ ഇയാളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുകയായിരുന്നു. തമാശക്കും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും വേണ്ടി മാത്രമാണ് വീഡിയോ ചെയ്തതെന്നും ഒരു വിൽപനയും നടന്നിട്ടില്ലെന്നും ഇയാൾ പറഞ്ഞു. അതേസമയം, പൊലീസ് കൂടുതൽ അന്വേഷണം നടത്തണമെന്നും ചെക്ക് നൽകിയ ബാങ്കിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാനും പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടു.
58.900 ദിനാറിന്‍റെ ചെക്കാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ചെക്ക് നൽകിയ കമ്പനിയിലെ ജീവനക്കാരനെയും, ചെക്ക് കൈപ്പറ്റിയ ആളെയും ഉൾപ്പെടെ സാക്ഷികളെ വിളിച്ചുവരുത്തി. അന്വേഷണത്തിൽ, വീഡിയോയിലെ അവകാശവാദങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. യഥാർത്ഥത്തിൽ ഒരു സഹപ്രവർത്തകന് കൊടുക്കാനുള്ള തൊഴിൽപരമായ കുടിശ്ശികയാണ് ചെക്ക് തുക. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ തുടർന്നും നടപടി സ്വീകരിക്കുമെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി വ്യക്തമാക്കി.
fdsfds