ബഹ്‌റൈനിൽ വേനൽക്കാല തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോട് 99.56% സ്ഥാപനങ്ങളും സഹകരിച്ചതായി തൊഴിൽ മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിൽ വേനൽക്കാല തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോട് ഇത്തവണ 99.56% സ്ഥാപനങ്ങളും സഹകരിച്ചതായി തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ ബന്ധങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഖിൽ അബുഹുസൈൻ അറിയിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാല് വരെ പുറത്ത് ജോലി ചെയ്യുന്നത് നിരോധിക്കുന്ന ഈ നടപടി, തൊഴിലാളികളെ കടുത്ത ചൂടിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്.

ഇത്തവണ ഇതുമായി ബന്ധപ്പെട്ട് നടത്തിയ 17,000-ത്തിലധികം പരിശോധനാ സന്ദർശനങ്ങളിൽ ആറ് ലംഘനങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും, ഇത് ആകെ 2 തൊഴിലാളികളെ മാത്രമാണ് ബാധിച്ചതെന്നും അറിയിച്ച അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ചൂടിൻ്റെ സമ്മർദ്ദത്തെയും സൂര്യപ്രകാശം നേരിട്ടേൽക്കുന്നതിൻ്റെയും അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നത് മന്ത്രാലയം തുടരുകയാണെന്നും വ്യക്തമാക്കി.

ബഹ്‌റൈനിൽ ഇതാദ്യമായാണ് മൂന്നുമാസം തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. മുൻവർഷങ്ങളിൽ ഇത് രണ്ട് മാസമായിരുന്നു. നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവോ 500 മുതൽ 1,000 ദിനാർ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ചുമത്തുമെന്നും തീരുമാനിച്ചിരുന്നു.

article-image

്നംന

You might also like

  • Straight Forward

Most Viewed