രണ്ട് കൊലക്കേസുകളിലെ പിടികിട്ടാപ്പുള്ളി ബഹ്‌റൈനിൽ നിന്ന് മടങ്ങവെ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായി


പ്രദീപ് പുറവങ്കര

മനാമ:രണ്ട് കൊലക്കേസുകളിലെ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ കുറ്റവാളി നിഷാർ ഹസൻ ബഹ്‌റൈനിൽനിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടിയിലായതായി പോലീസ് അധികാരികൾ അറിയിച്ചു. വിമാനത്താവള അധികൃതരുടെ സഹായത്തോടെ ജംഷഡ്പൂർ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാൾക്കെതിരെ നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഏകദേശം രണ്ട് വർഷം മുമ്പ് സാക്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്വർണ്ണരേഖാ നദിക്ക് സമീപം വെടിയേറ്റ് മരിച്ച പവൻ യാദവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയാണ് നിഷാറെന്ന് ഇത് സംബന്ധിച്ച് ഈസ്റ്റ് സിംഗ്ഭൂം ജില്ലാ പൊലീസ് സ്റ്റേഷനിൽ നടന്ന വാർത്താ സമ്മേളനത്തിൽ പോലീസ് അധികൃതർ അറിയിച്ചു. ആ കേസിൽ മറ്റ് ഒമ്പത് പേരെ ഇതിനോടകം അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

2023-ൽ നടന്ന രാജാ സിംഗിന്റെ കൊലപാതകം, ആശുതോഷ് ഓജയെ വധിക്കാനുള്ള ശ്രമം എന്നിവയുൾപ്പെടെ മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. ഭൂമി ഇടപാടുകളിൽ ഏർപ്പെട്ടിരുന്നവരിൽ നിന്ന് ഇയാൾ പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് ഇയാൾ രാജ്യം വിട്ട് ബഹ്റൈനിലെത്തിയത്.

നിഷാറിനെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് ജാർഖണ്ഡ് സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ ഏഴ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ ക്രിമിനൽ ശൃംഖല, സാമ്പത്തിക ഇടപാടുകൾ, ആയുധ വിതരണ മാർഗ്ഗങ്ങൾ, സ്വത്ത് നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed