മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ബാങ്കിങ് തട്ടിപ്പ്; മൂന്നു ക്രിമിനൽ സംഘങ്ങളെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു

മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ബാങ്കിങ് തട്ടിപ്പ് നടത്തിവന്ന മൂന്നു ക്രിമിനൽ സംഘങ്ങളെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. 13 ഏഷ്യക്കാർ അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച പൊലീസ് പിടിയിലായത്. പൊലീസ്, ബാങ്ക് തുടങ്ങിയ ഏജൻസികളിലെ ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു തട്ടിപ്പ്.
ബാങ്കിങ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യൽ, ട്രാഫിക് പിഴ അടക്കൽ, താമസ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സംഘം ഉപഭോക്താക്കളെ ബന്ധപ്പെട്ടിരുന്നത്. ഇതുവഴി ശേഖരിക്കുന്ന ഇരകളുടെ സ്വകാര്യ വിവരങ്ങൾ ചൂഷണം ചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടുകയാണ് ചെയ്തിരുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു.
ഡെബിറ്റ് കാർഡിലെ മൂന്നു ഡിജിറ്റുള്ള നമ്പർ, ഒറ്റത്തവണ പാസ്വേർഡ് (ഒ.ടി.പി) തുടങ്ങിയ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നതിനായി ഇരകളെ ബോധ്യപ്പെടുത്താൻ പലതരം തന്ത്രങ്ങളും സംഘം പ്രയോഗിച്ചിരുന്നു. ഓഫിസ് ഉദ്യോഗസ്ഥരിൽ ജനങ്ങൾക്കുള്ള വിശ്വാസം മുതലെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും ദുബൈ പൊലീസ് വ്യക്തമാക്കി.
പ്രതികളിൽനിന്ന് 50ലധികം മൊബൈൽ ഫോണുകളും സിമ്മുകളും പൊലീസ് പിടിച്ചെടുത്തു. സൈബർ തട്ടിപ്പ് തടയാനായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. ടെക്സ്റ്റ് മെസേജ്, ഇമെയിലുകൾ, ഫോൺ കാളുകൾ എന്നിവ മുഖേന ബാങ്കുകൾ ഒരിക്കലും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുകയോ അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശിക്കുകയോ ചെയ്യില്ലെന്ന് പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
സംശയകരമായ രീതിയിലുള്ള ഫോൺ കാളുകളോ മെസേജുകളോ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കുകയോ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയോ ചെയ്യാം. പൊലീസ് വെബ്സൈറ്റിലെ ഇ-ക്രൈം പ്ലാറ്റ്ഫോമിലൂടെയും ദുബൈ പൊലീസ് ആപ്പിലൂടെയും പരാതികൾ സമർപ്പിക്കാം.
dxff