ഡിസ്കൗണ്ട് കാർഡ് പദ്ധതിക്ക് ബഹ്റൈൻ പാർലമെന്റിന്റെ അംഗീകാരം

സ്വദേശികളായ പൗരന്മാരുടെ ജീവിതച്ചെലവ് ലഘൂകരിക്കുക എന്ന ലക്ഷ‍്യത്തോടെ മുന്നോട്ട് വെച്ച ഡിസ്കൗണ്ട് കാർഡ് പദ്ധതിക്ക് ബഹ്റൈൻ പാർലമെന്റിന്റെ അംഗീകാരം.
വിവിധ മേഖലകളിൽനിന്ന് എതിർപ്പ് നേരിട്ട ഈ നിർദേശം മന്ത്രിസഭയുടെ തുടർ അനുമതിക്കായി നൽകിയിരിക്കുകയാണ്. സ്വദേശി പൗരന്മാരുടെ നിത്യ ജീവിതത്തിലെ ചെലവുകൾ കുറക്കുക എന്ന ലക്ഷ്യത്തോടെ അവശ്യ സാധനങ്ങൾ വാങ്ങൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ടെലികമ്യൂണിക്കേഷൻ, ഗതാഗതം തുടങ്ങിയവയിൽ ഡിസ്കൗണ്ട് അനുവദിക്കുന്ന പദ്ധതിക്കാണ് എം.പി ഡോ. അലി അൽ നുഐമിയുടെ നേതൃത്വത്തിൽ നിർദേശം നൽകിയത്.
പൗരന്മാർക്ക് ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ആശ്വാസം, അവശ്യ സാധനങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാവുക എന്നീ രണ്ട് കാര്യങ്ങൾക്കാണ് നിർദേശം പ്രധാനമായും പരിഗണന നൽകുന്നത്. എന്നാൽ, ഇത്തരം ഒരു നിർദേശം സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഡിസ്കൗണ്ട് നിർദേശം പുനഃപരിശോധിക്കണമെന്ന് ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ആവശ്യപ്പെട്ടു.
സർക്കാർ ഇതിനകംതന്നെ നേരിട്ടുള്ള സാമ്പത്തിക സഹായം, സബ്‌സിഡി സേവനങ്ങൾ, ക്ഷേമ പരിപാടികൾ എന്നിവയിലൂടെ പൗരന്മാർക്ക് പിന്തുണ നൽകുന്നുണ്ടെന്നും, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ സൗജന്യമായാണ് നൽകുന്നതെന്നും, ഇത് അടിസ്ഥാന ആവശ്യങ്ങൾക്ക് നൽകുന്ന സർക്കാറിന്റെ മികച്ച പിന്തുണകളാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
sdff