സൂക്ഷിച്ചാൽ ദുഖിക്കേണ്ട


സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി ഈ മാസം 16 വരെ സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചിരിക്കുന്നു. സാധരണക്കാരെ സംബന്ധിച്ചടുത്തോളം കൂനിമേൽ കുരു എന്ന രീതിയിൽ‍ തന്നെയാണ് ലോക്ക്ഡൗൺ കാലയളവിൽ പല വിധ ബുദ്ധിമുട്ടുകളുമായി മുമ്പോട്ട് പോകേണ്ടി വരിക. അതേസമയം അതീവ ഗുരുതരമായ അവസ്ഥയിൽ സർവമനുഷ്യരെയും തൊട്ടും തലോടിയും കടന്നുപോകുന്ന കോവിഡ് വൈറസ് ബാധയെ ചെറുക്കാൻ മറ്റൊരുവഴിയും തത്കാലം നമ്മുടെ മുമ്പിൽ ഇല്ല എന്ന് തന്നെ മനസിലാക്കേണ്ടിയിരിക്കുന്നു. അതു കൊണ്ട് തന്നെ സമ്പൂർണ ലോക്ക്ഡൗണുമായി പൂർണമായി സഹകരിക്കുക എന്ന ഒരു ഓപ്ഷൻ മാത്രമേ ഇപ്പോൾ സ്വീകരിക്കാൻ സാധിക്കൂ. കോവിഡ് രോഗവ്യാപനം അതിതീവ്ര നിലയിലെത്തിയ സാഹചര്യത്തിൽ വിദഗ്ധസമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഒന്പതു ദിവസത്തെ പൂർണമായ അടച്ചിടൽ നിലവിൽ വന്നിരിക്കുന്നത്.

കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനത്തിനു മുകളിലാണ്. അതായത് പരിശോധിക്കപ്പെടുന്നവരിൽ നാലിലൊന്നുപേർക്കു രോഗബാധ കണ്ടെത്തുന്നു എന്നർത്ഥം. പരിശോധന നടത്താത്ത എത്രയോപേർക്കും കോവിഡ് പിടിപെട്ടിട്ടുണ്ടാകാം എന്നത് മറ്റൊരു യാത്ഥാർത്ഥ്യം. ഇന്ന് രാജ്യത്തുതന്നെ രോഗവ്യാപനനിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടു ജില്ലകളാണ് കേരളത്തിലെ എറണാകുളവും കോഴിക്കോടും. രാജ്യത്തിപ്പോൾ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലുലക്ഷത്തിനു മുകളിലാണ് എന്നതും ആശങ്ക വർദ്ധിപ്പിക്കുന്ന കാര്യമാണ്.

അതേസമയം കഴിഞ്ഞ ലോക്ക്ഡൗണിൻറെ കാലത്ത് എത്രയോ ചെറുകിട വ്യവസായങ്ങൾ വരുമാനമില്ലാതെ പൂട്ടിപ്പോയിട്ടുണ്ട്. എത്രയോ ആളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇത്തവണയും ഈക്കാര്യങ്ങൾ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഭക്ഷ്യകിറ്റ് കൊടുക്കുന്നത് കൊണ്ട് തത്കാലം പട്ടിണി കൂടാതെ കഴിയാമെങ്കിലും അത് മാത്രമല്ലലോ സാധാരണക്കാരന്റെ ആവശ്യം. അത് കൊണ്ട് സമസ്ത മേഖലകളിലും നടപ്പിലാക്കേണ്ട പരിഷ്കാരങ്ങളെ കുറിച്ച് ഭരണതലങ്ങളിൽ ഗൗരവമായ ചർച്ച വേണ്ടതുണ്ട്. വിശക്കുന്നവന് മീൻ നൽകുന്നതിൽ അല്ല അവന് മീൻ പിടിക്കാനുള്ള കഴിവും അതിന് വേണ്ട പരിശീലനവും നൽകുന്നതിലാണ് മിടുക്ക് എന്നും പഴമൊഴിയും ഓർക്കാം. ഒപ്പം സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന ചിന്ത കൂടി പങ്കിട്ട് കൊള്ളട്ടെ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed