പ്രവാസി കുടുംബങ്ങളുടെ നെഞ്ചിടിപ്പ് ഉയർത്തി യുഎഇയിൽ കെട്ടിട വാടകയും സ്കൂൾ ഫീസും വർധിക്കുന്നു


യുഎഇയിൽ കെട്ടിട വാടകയും സ്കൂൾ ഫീസും വർധിക്കുന്നു. മലയാളികൾ ഉൾപ്പെടെ പ്രവാസി കുടുംബങ്ങളുടെ നെഞ്ചിടിപ്പ് ഉയർന്നു. വർധിച്ച ജീവിതച്ചെലവ് എങ്ങനെ പിടിച്ചുനിർത്തുമെന്ന ചിന്തയിലാണ് വിദേശികൾ. ദുബായിലും ഷാർജയിലും ചിലയിടങ്ങളിൽ 10% മുതൽ 25% വരെ വാടക ഉയർന്നതായാണു റിപ്പോർട്ടുകൾ. മറ്റ് എമിറേറ്റുകളിൽ 5% വീതം കൂടിയിട്ടുണ്ട്. വാടക വർധനയിൽനിന്നു രക്ഷപ്പെടാൻ കുറ‍ഞ്ഞ വാടകയുള്ള വിദൂര എമിറേറ്റിലേക്കു ചേക്കേറുന്ന പ്രവണതയും വ്യാപകം. വീടുമാറ്റത്തിന്റെ പൊല്ലാപ്പിൽ നിന്ന് രക്ഷപ്പെടാൻ കൂടിയ വാടക നൽകി തുടരുന്നവരും ഏറെ. വാടക വർധനയ്ക്കു പിന്നാലെ സ്കൂൾ ഫീസ് വർധിപ്പിച്ചതും പ്രവാസികളെ പ്രയാസത്തിലാക്കി. ദുബായിൽ മൂന്നും ഷാർജയിൽ അഞ്ചു ശതമാനവും ഫീസ് വർധിപ്പിച്ചു. അബുദാബിയിലും 3% വർധിപ്പിക്കുമെന്നാണു സൂചന. ഫീസിനൊപ്പം ബസ് ഫീസും വർധിപ്പിക്കുന്നതോടെ വിദ്യാഭ്യാസ ചെലവേറും.

അതാതു എമിറേറ്റുകളിലെ വിദ്യാഭ്യാസ വകുപ്പ് നടത്തിയ നിലവാര പരിശോധനയിൽ മികവു പുലർത്തിയതിന് ആനുപാതികമായാണ് ഫീസ് വർധനയ്ക്ക് സ്കൂളുകൾക്ക് അനുമതി നൽകുന്നത്. ശരാശരിയിലും താഴെയുള്ള സ്കൂളുകൾക്കു ഫീസ് വർധിപ്പിക്കാൻ അനുമതിയില്ല. ഏപ്രിൽ മുതൽ പുതിയ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന ഇന്ത്യൻ സ്കൂളുകളിലായിരിക്കും ആദ്യം ഫീസ് വർധന നടപ്പാക്കുക. രണ്ടും മൂന്നും കുട്ടികൾ ഉള്ളവർ രക്ഷിതാക്കളുടെ ഒന്നോ രണ്ടോ മാസത്തെ ശമ്പളം മുഴുവൻ മാറ്റിവച്ചാലും സ്കൂളിൽ അടയ്ക്കാൻ തികയില്ലെന്ന അവസ്ഥയിലാണ്. വിദ്യാഭ്യാസ വർഷാരംഭമായതിനാൽ റീ റജിസ്ട്രേഷൻ ഫീസ്, വാർഷിക ഫീസ്, കംപ്യൂട്ടർ, ലാബ്, പരീക്ഷാ ഫീസ്, ട്യൂഷൻ ഫീസ് തുടങ്ങിയവയെല്ലാം ഒന്നിച്ച് അടയ്ക്കേണ്ടതുണ്ട്. അതിനു പുറമെ യൂണിഫോം, പുസ്തകം, സ്റ്റേഷനറി തുടങ്ങിയ ചെലവുകൾ വേറെയും. വർധിച്ച ജീവിത ചെലവ് എങ്ങനെ നേരിടുമെന്ന ചിന്തയിലാണ് ഇടത്തരം കുടുംബങ്ങൾ. വാർഷിക പരീക്ഷ കഴിയുന്നതോടെ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കാനുള്ള തീരുമാനത്തിലാണ് ചിലർ. വൻതുക ഫീസുള്ള സ്കൂളിൽനിന്ന് താരതമ്യേന കുറഞ്ഞ ഫീസുള്ള സ്കൂളിലേക്കു മാറ്റിയും മറ്റു ചിലർ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നു.

article-image

sdfgdfg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed