കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചേക്കും

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ചേക്കാൻ സാധ്യത. ഇന്നുച്ചയ്ക്ക് 12 മണിയ്ക്ക് തിരുവനന്തപുരത്ത് ചേരുന്ന വാർത്താ സമ്മേളത്തിൽ അടൂർ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് കൗൺസിൽ ചെയർമാൻ സ്ഥാനം ഗിരീഷ് കാസറവള്ളി രാജിവച്ചത്. ഡയറക്ടർ ശങ്കർ മോഹന്റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേരാണ് കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഉന്നതസ്ഥാനങ്ങൾ രാജിവച്ചത്.
ശങ്കർ മോഹന്റെ രാജി സമയത്ത് തന്നെ രാജിന്നദ്ധത പ്രകടിപ്പിച്ച അടൂരിനെ സർക്കാർ തണുപ്പിക്കുകയായിരുന്നു. സിപിഐഎം പി.ബി അംഗം എം.എ.ബേബി വിവാദങ്ങൾക്കിടയിലും അടൂരിന് പരസ്യപിന്തുണയുമായി രംഗത്തെത്തി. അടൂരിനെ ജാതിവാദി എന്നുവിളിക്കുന്നത് ശുദ്ധ ഭോഷ്‌കാണെന്നായിരുന്നു എം എ ബേബിയുടെ പ്രതികരണം. അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യയാണ്. ജീവിതകാലം മുഴുവന്‍ അടൂർ ഒരു മതേതര വാദിയായിരുന്നു. മാധ്യമപ്രവർത്തകർ പ്രകോപിപ്പിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ. അദ്ദേഹം പറയുന്ന ഓരോ വാക്കുകളും എടുത്ത് സമൂഹമാധ്യമങ്ങളിൽ ചിത്രവധം ചെയ്യുകയാണ്. അതു വിപ്ലവകരമായ പ്രവർത്തനമാണെന്ന് കരുതുന്നവർ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിക്കണമെന്നും ബേബി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോട്ടയം ജില്ലയിലെ കെ ആർ നാരായണന്‍ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് കോളേജിൽ കടുത്ത ജാതിവിവേചനം നടക്കുന്നതായി വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ രാജിയിലേക്കാണ് ഒടുവിൽ വിദ്യാർത്ഥി പ്രതിഷേധം എത്തിയത്. വിദ്യാർത്ഥി സമരം 50ാം ദിവസത്തിലേക്ക് എത്തിയ സാഹചര്യത്തിൽ ശങ്കർ മോഹൻ സ്വയം രാജിവച്ചൊഴിയുകയായിരുന്നു.
58t