തലശേരി ഇരട്ടക്കൊലപാതകം: മൂന്നു പേർ പോലീസ്‍ കസ്റ്റഡിയിൽ

തലശേരിയിൽ ലഹരി മാഫിയാ സംഘത്തെ ചോദ്യംചെയ്ത സിപിഐഎം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ കൊന്നക്കേസിൽ മൂന്നു പേർ കസ്റ്റഡിയിൽ. തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫർഹാന്‍, നവീന്‍ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. കേസിൽ മുഖ്യ പ്രതിയായ പാറായി ബാബുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.ബാബുവും ജാക്‌സണുമാണ് തന്നെ കുത്തിയതെന്ന് മരിച്ച ഖാലിദ് മരണമൊഴി നൽകിയിരുന്നു. ലഹരി വിൽപന തടഞ്ഞതിനെ വിരോധം കൊണ്ടാണ് സംഘം ഇരുവരെയും ആക്രമിച്ച് കൊന്നതെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. സിപിഐഎം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണ ഹൗസിൽ പൂവനാഴി ഷമീർ (40), ബന്ധു തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ ഖാലിദ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ നെട്ടൂർ സ്വദേശി ഷാനിബ് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.പ്രദേശത്ത ലഹരി വിൽപ്പന ചോദ്യംചെയ്ത ഷമീറിന്റെ മകൻ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് ജാക്‌സൺ മർദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തും. പ്രശ്‌നപരിഹാരമെന്ന വ്യാജേന ഇരുവരെയും റോഡിലേക്ക് വിളിച്ചിറക്കി കൊല്ലുകയായിരുന്നു.