എല്ലാ വാഹന നിർമ്മാതാക്കളോടും ഫ്‌ളക്‌സ് ഫ്യുവൽ എഞ്ചിനുകൾ നിർമ്മിക്കാൻ ആവശ്യപ്പെടുമെനന്ന് കേന്ദ്രം


ന്യൂഡൽഹി: അടുത്ത എട്ട് മാസത്തിനുള്ളിൽ ഫ്‌ളക്‌സ് ഫ്യുവൽ എഞ്ചിനുകൾ നിർമ്മിക്കാൻ വാഹന നിർമ്മാതാക്കളോട് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 100 ശതമാനം എഥനോൾ, ഗ്യാസോലിൻ എന്നിവയിൽ പ്രവർത്തിപ്പിക്കാൻ ആകുന്ന ഫ്ലക്ക്‌സ് ഫ്യുവൽ എഞ്ചിൻ വാഹനങ്ങൾ വിപണിയിൽ എത്തിച്ചാൽ പെട്രോൾ, ഡീസൽ വിലക്കയറ്റം പിടിച്ചു നിർത്താനാകും എന്നും മന്ത്രി സൂചിപ്പിച്ചു.

കരിമ്പ്, ചോളം, മുള എന്നിവയും ജൈവ അവശിഷ്ടങ്ങളും എഥനോൾ നിർമാണത്തിന് ഉപയോഗിക്കാം എന്നത് കാർഷിക മേഖലക്കും സഹായകരമായേക്കും. അതേസമയം എഥനോളിൻെറ ഇന്ധനക്ഷമത കുറവായതിനാൽ വാഹനങ്ങളുടെ മൈലേജ് കുറഞ്ഞേക്കാം. കൂടാതെ എഥനോൾ ഉത്പാദനം താരതമ്യേന കുറവാണ് എന്നതും വെല്ലുവിളികൾ ഉയർത്തുന്നു. ഈ പ്രതിസന്ധികൾ തരണം ചെയ്താൽ ഇന്ത്യൻ ഓട്ടോമോബൈൽ വ്യവസായത്തിന് അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ 15 ലക്ഷം കോടിയുടെ വരുമാന നേട്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഫ്ലക്‌സ് ഫ്യുവൽ എഞ്ചിനുകളുടെ നിർമ്മാണം വരുന്ന 6-8 മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഇതിനോടകം തന്നെ വാഹന നിർമ്മാതാക്കൾക്ക് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള എഞ്ചിനുകളുടെ പ്രവർത്തനത്തിനായി പൂർണ്ണ അനുമതി നൽകാൻ ഈ വിഷയം സുപ്രീം കോടതിയെ അറിയിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

You might also like

Most Viewed