തൊഴിൽ പരിശോധനകൾ ശക്തമാക്കി ബഹ്റൈൻ എൽഎംആർഎ


രാജ്യത്ത്  തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥരുടെ പരിശോധന ശക്തമാവുകയാണ്. വിസ കാലാവധി കഴിഞ്ഞിട്ടും ജോലിയിൽ തുടരുക, സി.പി.ആർ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതിരിക്കുക, തൊഴിൽ വിസയിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ ജോലി ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്നവരെയാണ് പ്രധാനമായും പരിശോധനകളിൽ പിടികൂടുന്നത്. കാപിറ്റൽ ഗവർണറേറ്റ് പൊലീസിന്റെ സഹകരണത്തോടെ കഴിഞ്ഞ ദിവസം മനാമ മേഖലയിൽ നടത്തിയ പരിശോധനകളിലും നിയമം  ലംഘിച്ച ഏതാനും പേരെ പിടികൂടിയതായും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. 

നിയമപരമായ രേഖകളില്ലാതെ ഒരാളെക്കൊണ്ട് തൊഴിലെടുപ്പിച്ചാൽ സ്ഥാപന ഉടമക്ക് 1000 ദീനാറാണ് പിഴയടക്കേണ്ടിവരുക. പിടിക്കപ്പെടുന്ന തൊഴിലാളിക്ക് പിഴയും നാടുകടത്തലും നേരിടേണ്ടിവരുകയും ചെയ്യാം. മിക്ക കേസുകളിലും ബഹ്റൈനിലേക്ക് പെട്ടന്ന് തിരിച്ചുവരാൻ കഴിയാത്ത രീതിയിലാണ് നാടുകടത്തുന്നത്.  സന്ദർശക വിസയിൽ ആളുകൾ കൂടുതലായി വരാൻ തുടങ്ങിയതും പരിശോധന വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.

എൽ.എം.ആർ.എ വിസയിലേക്ക് മാറിയാൽ മാത്രമേ ബഹ്റൈനിൽ ജോലി ചെയ്യാൻ നിയമപരമായി അനുവാദമുള്ളൂ. വിവിധ സർക്കാർ അതോറിറ്റികളുമായി സഹകരിച്ച് വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് അതോറിറ്റിയിലെ അസി. അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ അബ്ദുൽ അസീസ് അബ്ദുറഹ്മാൻ അദ്ദൂസരി വ്യക്തമാക്കി.

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed