ശ്മാ­ശന നി­ശബദ്ത ആർ­ക്ക് വേ­ണ്ടി­...


പ്രദീപ് പുറവങ്കര

“പെരുന്പാവൂരിൽ നിന്ന് നമ്മുടെ വീട്ടിലേയ്ക്ക് ദൂരം അധികമില്ല”. ഈ സന്ദേശവുമായി ഒരു ചിത്രം നമ്മെ വേദനിപ്പിച്ചിട്ട് നൂറ്റാണ്ടുകളൊന്നുമായിട്ടില്ല. രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ ഓടി കൊണ്ടിരിക്കുന്ന ബസിൽ വെച്ച് നിർഭയ എന്ന് പേരിട്ട ജ്യോതി സിംഗ് പാണ്ഡേയുടെ പീഢന കഥ പുറത്ത് വന്നപ്പോൾ നമ്മൾ കുറേ മെഴുകുതിരി കത്തിച്ച് പതിവ് പോലെ പ്രാർത്ഥിച്ചത് ഏറെ കാലം മുന്പായിരുന്നില്ല. ട്രെയിനിൽ നിന്ന് തള്ളിയിട്ട് ഒരു പാവത്തിനെ കൊന്നവനെ നമ്മൾ ഇന്നും നല്ല ബിരിയാണി കൊടുത്തു പോറ്റുന്നു. ഈ സംഭവങ്ങളിലെ ഇരകൾക്ക് വേണ്ടി പ്രതിഷേധിച്ചത് പോലെ വീണ്ടും നമുക്ക് കുറച്ച് നേരം ഞെട്ടാനും ഫേസ് ബുക്കിൽ പ്രതിക്ഷേധിച്ച് കണ്ണീർ വാർക്കാനും ഒരു ഇരയെ കൂടി നമുക്ക് ലഭിച്ചിരിക്കുന്നു. ആസിഫ എന്ന ഗോതന്പിന്റെ നിറമുള്ള എട്ടുവയസുകാരി പെൺകുട്ടി. 

എത്ര ഭയാനകമായാണ്, എത്ര നിർവികാരമായാണ്, എത്ര ഹിംസാത്മകമായാണ്, സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തെ തറപറ്റിച്ച് സ്വാതന്ത്ര്യം നേടിയ ആർജ്ജവമുള്ള ഒരു സമൂഹം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് നമ്മെ ഈ നേരത്ത് ഏറെ ചിന്തിപ്പിക്കേണ്ട കാര്യം. ഇത്തരം സംഭവങ്ങളൊന്നും വെറും രാഷ്ട്രീയപാർട്ടികളുടെ കേവല വാഗ്വാദ പ്രതിസന്ധികളുടെ ഫലമോ, ജനാധിപത്യ, മതേതര വാദികളുടെ ഹൃദയവേദനകളുടെ പങ്കിടല്ലോ മാത്രമായി ചുരുങ്ങിപോകരുത്. ഇത് ഭാരതമെന്ന രാജ്യത്ത് സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനെയും ആഴത്തിൽ ചിന്തിപ്പിക്കേണ്ട, ആശങ്കപ്പെടുത്തേണ്ട സംഭവങ്ങൾ കൂടിയാണിത്. 

പീഢനങ്ങളിൽപ്പെട്ട് ഞെരിഞ്ഞമരുന്ന ഇരകളുടെ മുകളിൽ ചാടിവീഴുന്നവരെ കാപാലികരായാണ് എന്നും നമ്മൾ കണ്ടിരുന്നത്. അതിന് ഒരു രാഷ്ട്രീയത്തിന്റെയോ, മതത്തിന്റെയോ നിറം ചാർത്താൻ ആരും ശ്രമിക്കാറില്ലായിരുന്നു. എന്നാൽ ആസിഫയുടെ ക്രൂരമായ മരണത്തോടെ അതും നമ്മുടെ രാജ്യത്ത് സംഭവിച്ചിരിക്കുന്നു. എന്നാൽ നാടോടികളായ മുസ്ലീം സമുദായത്തിൽ‍പ്പെട്ട എട്ടു വയസുകാരിയായ ആസിഫയെ തട്ടിക്കൊണ്ടുപോയി, മയക്കിക്കിടത്തി, പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ക്രൂരമായി‍‍ ബലാത്സംഗം ചെയ്തപ്പോൾ രാഷ്ട്രീയവും മതവും ചർച്ചചെയ്യപ്പെടുന്നു. ഈ ഭീകരമായ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നപ്പോൾ നിയമവാഴ്ച്ച ഉയർ‍ത്തിപ്പിടിക്കാൻ ബാധ്യതയുള്ള സംസ്ഥാന സർ‍ക്കാരിലെ രണ്ടു ബി.ജെ.പി മന്ത്രിമാരും ജമ്മു കാശ്മീരിലെ ഒരു വിഭാഗം അഭിഭാഷകരും കുറ്റവാളികളായ ‘ഹിന്ദുക്കളുടെ’ അറസ്റ്റിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി. ദേശീയപതാകയും മറ്റ് ദേശീയത ചിഹ്നങ്ങളും ബലാത്സംഗികളെ രക്ഷിക്കാനായി അവർ ഉപയോഗിച്ചു.  

ഒരു രാജ്യത്തിന്റെ, അവിടെയുള്ള സമൂഹത്തിന്റെ ധാർമ്മികത രൂപപ്പെടുത്തുന്നതിൽ അവിടെയുള്ള നേതാക്കൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തെ സാധാരണക്കാർക്ക്, കുറ്റവാളികൾ‍ക്ക്, നിയമനടത്തിപ്പ് സംഘങ്ങൾ‍ക്ക്, തങ്ങൾ തെറ്റും ശരിയും വേർ‍തിരിച്ചറിയുന്നവരാണ് എന്ന് വ്യക്തമായ സന്ദേശവും അവർ നൽകും. ഭരണഘടന ലംഘിക്കപ്പെടുന്പോൾ അവർ നിശ്ബദരാകില്ല. ഇവിടെ ദൗർഭാഗ്യകരമായ പല സംഭവങ്ങൾ അരങ്ങേറുന്പോഴും രാജ്യത്തിന്റെ നേതാക്കൾ നിശബ്ദരായിരിക്കുന്നതിന്റെ കാരണം വെറും വോട്ട് ബാങ്ക് രാഷ്ട്രീയമാണെങ്കിൽ അത് കുറ്റകരമായ അനാസ്ഥയായി ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നതിന് യാതൊരു സംശയവുമില്ല. ഇത്തരം നിശബദ്ത ശ്മശാനത്തിലെ നിശബ്ദതയായി മാത്രമേ കാണാൻ സാധിക്കൂ. അധികാരത്തിന് വേണ്ടിയുള്ള ആർത്തിപ്പിടിച്ച ഓട്ടത്തിലാണവർ എന്ന് സാധാരണക്കാരൻ തിരിച്ചറിയുമെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed