വിടപറയും മുന്പേ...
പ്രദീപ് പുറവങ്കര
“നാട്ടിലേക്കല്ലേ, ഒന്ന് ഇവരെയും നോക്കിക്കോണേ”... അച്ഛാ പോകല്ലേ എന്ന് പറഞ്ഞു കഴുത്തിൽ തൂങ്ങി പിടിച്ചു ആടുന്ന മൂന്ന് വയസ്സുകാരി പെൺകുട്ടിയുടെ കൈ സ്നേഹപൂർവ്വം വിടുവിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആ ചെറുപ്പക്കാരൻ വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് എന്നോട് ഇങ്ങനെ പറഞ്ഞത്. തൊട്ടടുത്ത് സിന്ദൂര തിളക്കം മങ്ങി തുടങ്ങിയ തികച്ചും ഗ്രാമീണയായ ഭാര്യയും, ഏഴു വയസ്സിന്റെ പകത്വ കാണിക്കാൻ വേണ്ടിയായിരിക്കണം കരയാതെ മൂടി കെട്ടിയ അന്തരീക്ഷംപോലെ മൂത്ത മകളും നിൽപ്പുണ്ടായിരുന്നു. അമിത ഭാരങ്ങൾ ഒന്നുമില്ലാതെ യാത്ര പതിവുള്ള എനിക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല. തീർച്ചയായും എന്ന് ഉറപ്പ് നൽകി അവർക്ക് പോകേണ്ട കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി അലറി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ആശ്വസിപ്പിച്ച് അവരെയും കൂട്ടി എമിഗ്രേഷൻ കൗണ്ടറിലേക്ക് ഞാൻ നീങ്ങി. വളരെ ഗൗരവത്തോടെ അദ്ദേഹം അപ്പോഴും തന്റെ കുടുംബത്തോട് കൈവീശി യാത്ര പറഞ്ഞു കൊണ്ടിരുന്നു.
ഇടയ്ക്ക് വീണ്ടും ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ധീരനെന്ന് തോന്നിച്ച ആ സുഹൃത്ത് ആരും കാണാതെ കണ്ണ് തുടക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ പെട്ടന്ന് ചിരിച്ചുകാണിച്ചു. വിമാനത്താവളത്തിന്റെ പതിവ് ശബ്ദങ്ങൾ അന്തരീക്ഷത്തിൽ മുഴുകുന്പോഴും ഒരു അച്ഛന്റെ, ഭർത്താവിന്റെ തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. മൂത്ത മകൾക്ക് സ്കൂൾ അവധി തുടങ്ങിയപ്പോൾ ഒരു മാസത്തെ സന്ദർശനത്തിന് വന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. രണ്ട് ചെറിയ മക്കളുടെയും കൈ പിടിച്ച് എനിക്ക് മുന്പിൽ നടന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ മുഖത്തും കണ്ണുനീര്‍ വീണതിന്റെ പാടുകൾ കണ്ടു. എങ്കിലും ഞാൻ അതു ശ്രദ്ധിക്കാത്ത രീതിയിൽ തനിയെയായ തന്റെ പുന്നാര അച്ഛനെ ഓർത്ത് വാവിട്ട് കരയുകയായിരുന്ന ഇളയ കുട്ടിയെ എന്റെ കൈയിലുണ്ടായിരുന്ന മിഠായി നല്‍കി സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ആത്മബന്ധമുള്ളവർ തമ്മിൽ യാത്ര ചോദിക്കുന്നത് അത് തത്കാലത്തേക്കാണെങ്കിൽ പോലും ഉണ്ടാക്കുന്നത് വിരഹവികാരങ്ങളുടെ വേലിയേറ്റമായിരിക്കും. ഇത്തരം വിടപറയൽ നേരങ്ങളിലാണ് വിവാഹ വേദികളിലെ സ്നേഹചുംബനങ്ങളേക്കാൾ അധികം ചുംബനങ്ങൾ പരസ്പരം പങ്കുവെയ്ക്കുക. ആശുപത്രി മുറിയുടെ നാല് ചുവരുകൾക്കുള്ളിലാണ് ഏതൊരു ആരാധനാലയങ്ങളെക്കാളും അധികം പ്രാർത്ഥനകൾ നടക്കുന്നത് എന്നത് പോലെയാണിത്. ഗൾഫിലെ പ്രവാസികളായ സാധാരണക്കാർക്കാണ് ഈ ഒരു വേദന നന്നായി അറിയുന്നത്. പ്രവാസത്തിന്റെ വേദനയെ പറ്റി തോന്ന്യാക്ഷരത്തിൽ നിരവധി തവണ എഴുതിയിട്ടുണ്ട്. എങ്കിലും മുകളിൽ പറഞ്ഞ അനുഭവം പോലെ ഒരോ തവണയും ചില സന്ദർഭങ്ങൾ വരുന്പോൾ അതിനെ പറ്റി എഴുതാതിരിക്കാൻ സാധിക്കുന്നില്ല. ഗൾഫിൽ മൂന്ന് തരം പ്രവാസികളാണുള്ളത്. ഒന്ന് അതിസന്പന്നർ. സ്വന്തമായി വിമാനം വരെയുള്ളവർ. എത്രയോ പേർക്ക് ജോലി കൊടുക്കുന്നവർ. രണ്ടാമത്തേത് അത്യാവശ്യം സന്പന്നർ. ഇഷ്ടമുള്ള നേരത്ത് നാട്ടിൽ പോയി വരാൻ സാധിക്കുന്നവർ. നല്ല പദവികളിൽ ഉദ്യോഗം നോക്കുന്നവർ, ബിസിനസുകാർ. മൂന്നാമത്തേത് അടിസ്ഥാന വർഗ്ഗമായ തൊഴിലാളി സുഹൃത്തുക്കൾ. രണ്ടോ മൂന്നോ വർഷം കൂടുന്പോൾ കന്പനി അനുവദിക്കുന്ന അവധിദിനങ്ങളിൽ പല എയർപോർട്ടുകളിലൂടെ നാട്ടിലെത്തുന്നവർ. പ്രവാസലോകത്ത് ഇവരിൽ ഭൂരിഭാഗം പേരുടെയും തലയിണകളൊക്കെ കണ്ണുനീർ സഞ്ചികളായിരിക്കും. തങ്ങൾ ആർക്കൊക്കെ വേണ്ടി ജോലി ചെയ്യുന്നുവോ അവരെയൊക്കെ പിരിഞ്ഞിരിക്കേണ്ടി വരുന്ന ദുരവസ്ഥ നേരിടുന്നവർ. അവരാണ് നാട്ടിൽ നിന്ന് ഗൾഫിലേയ്ക്ക് വരുന്പോൾ ഏറ്റവുമധികം വിഷമം അനുഭവിക്കുന്നത്.
ഇതുപോലെ ഓരോ യാത്രയപ്പും വികാരഭരിതമാണ്. ഇന്ന് ജൂൺ ഒന്നാണ്. കേരളത്തിലെ വലിയൊരു വിഭാഗം മാതാപിതാക്കളും താത്കാലികമാണെങ്കിലും തങ്ങളുടെ മക്കൾക്ക് അത്തരമൊരു യാത്രയപ്പ് നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടികളും നാളെ ധാരാളമുണ്ടാകും. അമ്മയുടെ മാറത്ത് നിന്ന്, അച്ഛന്റെ നോട്ടത്തിൽ നിന്ന് അക്ഷരത്തിന്റെ മധുരം നുകരാൻ പോകുന്ന ഈ കുസൃതികുരുന്നുകളുടെ യാത്രയപ്പാണ് ഇതിൽ ഏറ്റവും വേദനാജനകം. ഇവിടെയും കണ്ണുനീര് പടരും. മാതാപിതാക്കൾക്ക് ആനന്ദകണ്ണീർ, കുട്ടികൾക്ക് അക്ഷരനോവിന്റെ വാവിട്ട് കരച്ചിൽ. പുതിയ ലോകത്ത് അവർക്ക് ലഭിക്കേണ്ടത് നല്ല അദ്ധ്യാപകരെയാണ്. അക്ഷരങ്ങൾ ഉരുവിട്ട് കൊടുക്കുന്നതിനോടൊപ്പം ജീവിതമൂല്യങ്ങളും പഠിപ്പിക്കുന്ന, കൈ പിടിച്ചു നടക്കുന്ന ഗുരനാഥന്മാർ.
എന്നും നാട്ടിൽ വിദ്യാലങ്ങൾ തുറക്കുന്പോൾ മഴ പെയ്യുന്നത് പതിവാണ്. സ്കൂൾ ബാഗിന്റെ ഭാരവും താങ്ങി, ഓട്ടോയിലും ബസിലുമായി കുത്തിനിറച്ച് നമ്മുടെ കുട്ടികൾ ഈ മഴ നനയും. അവർ നനയട്ടെ, മഴനൂലുകൾ അവരെ തൊടുന്പോൾ അത് സരസ്വതികടാക്ഷമായി അവരിൽ നിറയട്ടെ. ഇന്നത്തെ വിദ്യാഭ്യാസം സമ്മാനിക്കുന്ന പരിമിതികൾക്കപ്പുറത്തേക്ക് ചിന്തിക്കാൻ അവർക്ക് സാധിക്കട്ടെ. 56 അക്ഷരങ്ങൾക്ക് അപ്പുറത്തേക്ക് ഒരക്ഷരമെങ്കിലും ഉണ്ടാക്കാൻ അവർക്ക് സാധിക്കട്ടെ. ഒപ്പം ആദ്യമായി തങ്ങളുടെ കുരുന്നുകളെ വിദ്യാലയത്തിലേയ്ക്ക് വിടുന്ന മലയാളത്തിലെ എല്ലാ മാതാപിതാക്കൾക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ...

