നന്ദി... ഒപ്പം നിറഞ്ഞ സ്നേഹവും
ഭൂലോകത്തിന്റെ സ്പന്ദനം തന്നെ നിലനിൽക്കുന്നത് കണക്കിലാണ്. ഇത് നമ്മെ പറഞ്ഞു പഠിപിച്ചത് സ്ഫടികം എന്ന സിനിമയിൽ ചാക്കോ മാഷാണ്. ജീവിതവും ഏകദേശം ഇതുപോലെ തന്നെയാണ്. കണക്കുകളുടെയും കണക്കു കൂട്ടലുകളുടെയും ഒരു കാലയളവാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതം. ഇതിൽ ചിലപ്പോഴൊക്കെ കണക്കു തീർക്കലും കാണും. കഴിഞ്ഞ ദിവസം കാലഗണനയിൽ ഒരു കണക്കുകൂടി ഫോർ പി.എം എന്ന ഗൾഫിലെ തന്നെ ആദ്യത്തെ സായാഹ്ന പത്രം പൂർത്തീകരിച്ചു. മൂന്ന് വർഷം മുന്പ് വളരെ ലളിതമായി ഇങ്ങനെ ഒരു പത്രം ആരംഭിക്കുന്പോൾ ബഹ്റനിലെ ജനങ്ങൾ കൂടെ നിൽക്കുമെന്ന ചിന്ത മാത്രമായിരുന്നു മൂലധനം. അത് അക്ഷരം പ്രതി ശരിവെയ്ക്കുന്ന രീതിയിൽ ഇന്ന് ഫോർ പി.എം വളർന്നിരിക്കുന്നു.
തികച്ചും സ്വതന്ത്രമായ ഒരു ദിനപത്രം എന്ന ആശയത്തിൽ നിന്ന് വ്യതിചലിക്കാതെ തന്നെ മൂന്ന് വർഷം പൂർത്തീകരിക്കുന്പോൾ നിരവധി വ്യത്യസ്ത അഭിപ്രായങ്ങളുടെ ക്രോഡീകരണം കത്രിക വെയ്ക്കാതെ പ്രസിദ്ധീകരിക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യം ഞങ്ങൾക്കുണ്ട്. ഒരു മാധ്യമം ചെയ്യേണ്ടുന്ന പ്രധാന കർമ്മം അത് തന്നെയാണെന്ന് ഞങ്ങൾ കരുതുന്നു. ഏതൊരു അഭിപ്രായത്തിനും ഒരു മറു പക്ഷം ഉണ്ടാകും. ആ രണ്ടു പക്ഷങ്ങളും ഒരു സ്ഥലത്ത് തന്നെ ചർച്ച ചെയുന്പോഴാണ് അവിടെ ആശയങ്ങളുടെ സംവാദങ്ങൾ സംഭവിക്കുന്നത്. അത് ആരോഗ്യകരമാകുന്പോൾ പരസ്പരം ഉള്ള അറിവ് പങ്കു വെയ്ക്കൽ കൂടിയായി ആ ചർച്ചകൾ മാറുന്നു. അതിനാണ് കഴിഞ്ഞ മൂന്ന് വർഷവും ഫോർ പി.എം ശ്രമിച്ചത്. ആ നിലപാട് തന്നെ വരും വർഷങ്ങളിലും തുടരണം എന്ന് തന്നെയാണ് ആഗ്രഹം.
നവ മാധ്യമങ്ങളും ദൃശ്യ ശ്രവ്യ മാധ്യമങ്ങളുമൊക്കെ പ്രചാരത്തിൽ ഉണ്ടെങ്കിലും അച്ചടി മാധ്യമങ്ങൾക്ക് ഇപ്പോഴും സ്വീകാര്യത ലഭിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് നാലാം വർഷത്തിലേക്ക് കടക്കുന്ന ഫോർ പി.എം. ഇനി വിവിധ രീതിയിലുള്ള മാധ്യമങ്ങൾ തമ്മിൽ ഒത്തു ചേർന്ന് പ്രവർത്തിക്കുന്ന കാലമാണ് വരാൻ ഇരികുന്നത്. ഇന്ന് പക്ഷെ കൊടിയുടേയും, ജാതിയുടെയും, മതത്തിന്റെയും നാവായി നിരവധി മാധ്യമങ്ങൾ മാറിയിട്ടുണ്ട്. പല വാർത്തകളും ഇവർ കൊടുക്കാതെ മാറ്റി വെക്കുന്പോൾ നവ മാധ്യമങ്ങളിൽ കൂടി അത് വെളിച്ചം കാണുന്നു. ഇന്ന് ഒരു സ്മാർട്ട് മൊബൈൽ ഫോൺ കൈവശമുള്ള ആരും കാര്യങ്ങൾ പരസ്പരം അറിയിക്കാൻ കഴിവുണ്ടെങ്കിൽ ഒരു മാധ്യമ പ്രവർത്തകനാണ്. ഇന്ന് ആർക്കും തന്നെ ഒന്നും ഒളിപ്പിക്കാൻ സാധ്യമല്ല. എത്ര തന്നെ അതിനു ശ്രമിച്ചാലും അറിയേണ്ടത് ആളുകൾ അറിഞ്ഞിരിക്കും. ചിലപ്പോൾ നിയമത്തിന്റെ പിടിയിൽ നിന്ന് സ്വാധീനം കാരണം അവർ രക്ഷപ്പെട്ടേക്കാം. പക്ഷെ പൊതു ജന മധ്യത്തിൽ അവർ എന്നും കുറ്റവാളിയായി തന്നെ നിൽക്കും.
ഒരു അന്തി പത്രം എന്ന ബ്രാന്റിൽ നിന്ന് മാറി കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്നു വായിക്കാൻ പറ്റുന്ന ഒരു ജനകീയ പത്രമാകാൻ ഫോർ പി.എമ്മിന് സാധിച്ചു എന്ന് തന്നെയാണ് ദിനം പ്രതി വർദ്ധിച്ചു വരുന്ന സർക്കുലേഷൻ കണക്കുകൾ വ്യക്തമാക്കുന്നത്.
ഗൾഫിന്റെ മാറി മാറി വരുന്ന സാഹചര്യങ്ങളിലും കഴിഞ്ഞ മൂന്ന് വർഷവും നിങ്ങളുടെ വൈകുന്നേരങ്ങളെ വാർത്താ സംപുഷ്ടമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. കുറ്റവും കുറവും തീർച്ചയായും ഉണ്ടാകാം. അത് തിരുത്തി കൂടുതൽ വ്യക്തതയോടെ മുന്പോട്ട് പോകാൻ നിങ്ങൾ, പ്രിയ വായനക്കാർ, ഞങ്ങളുടെ താളുകളിൽ പരസ്യങ്ങൾ തന്നു സഹായിക്കുന്നവർ, വാർത്തകൾ ഞങ്ങളിൽ എത്തിക്കുന്ന പ്രിയ സുഹൃത്തുക്കൾ, ഒക്കെ തുടർന്നും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങളെ വാത്സല്യ പൂർവ്വം പ്രോത്സാഹിപ്പിക്കുന്ന ബഹ്‌റിൻ ഗവൺമെന്റ്, അൽ അയാം പബ്ലിഷിംഗ് മാനേജ്‌മെന്റ്, ജീവനക്കാർ ഒപ്പം ഒരു പത്രം വർത്തമാന പ്രതികൂല സാഹചര്യങ്ങളിലും നടത്തികൊണ്ട് പോകാൻ ഞങ്ങൾക്ക് താങ്ങും തണലും ആകുന്ന സ്പാക്, ന്യൂസ്‌മിൽ മാനേജ്‌മന്റ്, ജീവനക്കാർ എന്നതിൽ ഉപരി ഒന്നിച്ചു പ്രവർത്തിക്കുന്ന പ്രിയ കുടുംബാംഗങ്ങൾ എന്നിവർക്കൊക്കെ ഹൃദയം നിറഞ്ഞ നന്ദി... ഒപ്പം മനസ് നിറഞ്ഞ സ്നേഹവും.

