കാറിൽ നിന്ന് ബസ്സിലേയ്ക്ക്...


ബഹ്റിനിൽ ഇത്തവണ വന്നപ്പോൾ കണ്ട പ്രകടമായ ഒരു മാറ്റം സ്മാർട്ട് ബസുകൾ ജനങ്ങൾ ഉപയോഗിച്ചു തുടങ്ങി എന്നതാണ്. പൊതുഗതാഗത സംവിധാനം പൊതുജനങ്ങൾ ഉപയോഗിച്ചു തുടങ്ങിയാൽ അത് ഒഴിവാക്കുന്നത് ഗതാഗതകുരുക്കും, മാനസിക സമ്മർദ്ദവുമാണ്. കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷയിൽ കൊച്ചിയിലെ കാക്കനാട് നിന്ന് പാലാരിവട്ടം വരെ കുടുംബവുമായിസഞ്ചരിച്ചപ്പോൾ ഗതാഗതകുരുക്കിൽപ്പെട്ട് പെടാപാട് പെടുന്ന ഓട്ടോ ഡ്രൈവർ റോഡിന്റെ എതിർവശത്ത് നിന്ന് വന്ന നിരവധികാറുകളെ ചൂണ്ടികാണിച്ചിട്ട്  അതിനകത്തേയ്ക്ക് നോക്കാൻ  ആവശ്യപ്പെട്ടു.  ഏതിലെങ്കിലും ഡ്രൈവറല്ലാതെ മാറ്റാരെങ്കിലുമുണ്ടോ എന്നതായിരുന്നു പിന്നെയുള്ള ചോദ്യം.  ശരിയാണ്, തൊട്ടുതൊട്ടിലെന്ന മട്ടിൽ ക്യൂ നിൽക്കുന്ന 95 ശതമാനം കാറുകളിലും ഒരാൾ മാത്രം സഞ്ചരിക്കുന്നു. അതോടൊപ്പം ബസ്സുകളുടെയും മറ്റ് വാഹനങ്ങളുടെയും നീണ്ട നിരയുമുണ്ട്. പക്ഷെ പകുതിയിലധികം ബസുകളിലും ആളില്ല. എല്ലാം പോകുന്നത് ഒരേ സ്ഥലത്തേയ്ക്ക്. ഇത് മാറേണ്ടതുണ്ട്. 

ഇനി വരുന്ന ദിവസങ്ങൾ നാട്ടുക്കാർക്ക് മഴക്കാലവും, നാട്ടിൽ ഇല്ലാത്തവർക്ക് അവധികാലവുമാണ്. നാട്ടിൽ കാലു കുത്തുന്പോൾ തൊട്ടു പ്രവാസിയുടെ ആദ്യദിവസങ്ങളിലെ ധൂർത്ത് ആരംഭിക്കും. അത് ആദ്യം തുടങ്ങുന്നത് നമ്മുടെ എയർപ്പോർട്ടുകളിലുള്ള ടാക്സികൾ വാടകയ്ക്കെടുത്താണ്. പ്രീപെയ്ഡ് ടാക്സിയാണെങ്കിൽ പോലും വീട്ടിലെത്തിയാൽ ഒരഞ്ഞൂറ് സന്തോഷത്തിന്റെ പേരിൽ ടാക്സിക്കാരന്റെ പോക്കറ്റിൽ തിരുകുന്ന ശീലമാണ് മിക്കവർക്കുമുള്ളത്. എന്നാൽ തിരിച്ചു പോകാനാകുന്പോഴേക്കും ആരുടെയെങ്കിലും കൈയിൽ നിന്ന് കടം വാങ്ങി വിമാനത്താവളത്തിലെത്തേണ്ട ഗതിയിലാകും മിക്കവരും. ഈ സ്ഥിതി മാറാൻ പ്രവാസികൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. കഴിഞ്‍ഞ ദിവസം കൊച്ചിയിൽ വെളുപ്പിന് വന്നിറങ്ങിയപ്പോൾ ഞാൻ പോയി കാത്തു നിന്നത് ബസ് ടെർമിനിലിൽ ആയിരുന്നു. പത്ത് മിനിട്ടിനുള്ളിൽ തന്നെ ആദ്യത്തെ ബസ് വന്നു. അതും ലോ ഫ്ളോർ എയർ കണ്ടീഷൻ ബസ്. ഇരുപത് മിനിട്ടു കൊണ്ട് വെറും അറുപത് രൂപയ്ക്കാണ് പാലാരിവട്ടത്ത് എത്തിയത്. സ്വസ്്ഥം, സുന്ദരം യാത്ര. ഇത് ടാക്സിയാണെങ്കിൽ കുറഞ്ഞത് 900 രൂപയും, പിന്നെ നേരത്തേ പറഞ്ഞ സന്തോഷവും കൂടിയായാൽ നല്ലൊരു കാശ് തീർന്നു കിട്ടും. ഈ സൗകര്യം കൊച്ചിയിൽ മാത്രമല്ല, കോഴിക്കോടും, തിരുവനന്തപുരത്തും ഒക്കെയുണ്ട്. ഉപയോഗിക്കുന്നവർ വളരെ കുറച്ചാണെന്ന് മാത്രം. 

കുത്തിതിരുകി ബസ്സിൽ പോകേണ്ട ആവശ്യം ലോ ഫ്ളോർ ബസ്സുകൾ വന്നതോടെ നഗരങ്ങളിലെങ്കിലും മാറിയിരിക്കുന്നു. സാധാരണ ചാർജിനെക്കാൾ കുറച്ച് അധികമാണെങ്കിലും ഓട്ടോ ടാക്സി നിരക്കുകളെക്കാൾ ഏറെ കുറവും, ഏറെ സൗകര്യപ്രദവുമാണ് ഈ ബസ്സുകൾ. നാട്ടിലെത്തിയാൽ തന്നെ നമ്മളിൽ പലരുടെയും മറ്റൊരു പ്രധാന ഹോബി റെന്റ് എ കാർ എടുത്തുകറങ്ങുന്നതാണ്. ഇതും ഇവിടെയുള്ള പൊതുഗതാഗതത്തിന്റെ സൗകര്യങ്ങൾ ഉപയോഗിച്ചാൽ കുറയ്ക്കാവുന്നതേയുള്ളൂ. കേരളത്തിൽ നിലവിൽ ട്രെയിൻ ഗതാഗതവും വളരെ സുഗമമാണ്. മുന്പത്തെ പോലെ വൈകിപോക്ക് ഏറെ കുറഞ്ഞിരിക്കുന്നു. പറഞ്ഞ സമയത്ത് ട്രെയിനുകൾ ഓടുന്നു. അവധിയുടെ ഗൃഹാതുരമായ കാറ്റ് അടിക്കുന്ന ഈ നേരത്ത് ഇത്തരം മുൻകരുതലുകൾ എടുത്താൽ സാധാരണക്കാരായ പ്രവാസികൾക്ക് നല്ലത് !!

You might also like

  • Lulu Exchange
  • Straight Forward

Most Viewed