സ്ത്രീയെന്ന നിറദീപം...
“അപ്പോ അമ്മ ജോലിക്ക് പോയാൽ എനിക്കാരാ ഭക്ഷണം തരിക”? ചോദ്യം നാലര വയസ്സുകാരി മകളുടേതാണ്. ഒരു ജോലിക്കായി ബയോഡാറ്റ അയക്കുന്ന തിരക്കിലായിരുന്നു ഭാര്യ. അത് കണ്ടാണ് മകൾക്ക് ആകാംക്ഷ ഏറിയത്. നമ്മുടെ നാട്ടിൽ ഇപ്പോഴും അമ്മയെന്നത് വീട്ടിലെ കാര്യങ്ങൾ നോക്കുന്ന, ഭക്ഷണം വെച്ചുവിളന്പുന്ന ഒരു ഉപകരണമാണ്. കാലം എത്ര പുരോഗമിച്ചാലും ആ ഒരു ചിന്ത മാത്രം രൂഢമൂലമായി നമ്മുടെ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്നു. നമ്മുടെ വീട്ടകങ്ങളിൽ നല്ല ബുദ്ധിയുള്ള, വിദ്യാഭ്യാസമുള്ള, കഴിവുള്ള എത്രയോ സ്ത്രീകൾ ചപ്പാത്തിക്ക് മാവ് കുഴക്കുന്നുണ്ടാകും, ദോശയ്ക്ക് അരിയാട്ടുന്നുണ്ടാകും. ഇതൊന്നും തെറ്റല്ല. പക്ഷെ ഈ ജോലികൾ പുരുഷൻമാർക്കും ചെയ്യാവുന്നതാണ് എന്നത് സത്യമാണ്. യഥാർത്ഥത്തിൽ ഇവരുടെ കഴിവുകൾ ശരിയായ അർത്ഥത്തിൽ ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ നേട്ടമുണ്ടാകുന്നത് പൊതുസമൂഹത്തിനാണ്.
മുന്പൊക്കെ പന്ത്രണ്ടോ പതിനഞ്ചോ വയസ് ആകുന്പോൾ തന്നെ വിവാഹം ചെയ്ത് ഭർത്താവിന്റെ വീട്ടിലേയ്ക്ക് സ്ഥലം മാറ്റപ്പെടുന്ന സ്ത്രീകളുടെ എണ്ണം നമ്മുടെ ഇടയിൽ ഏറെ കൂടുതലായിരുന്നു. അവരുടെ ജീവിത സൗഭാഗ്യങ്ങളൊക്കെ നിശ്ചയിച്ചിരുന്നത് വിവാഹമെന്ന കർമ്മം ആയിരുന്നു. തന്റെ കഴുത്തിൽ താലി കെട്ടുന്ന പുരുഷന്റെ താളത്തിനൊത്തായിരിക്കും അവളുടെ ബാക്കി ജീവിതം. ഇന്ന് അത്തരം സ്ത്രീകളുടെ എണ്ണം ഏറെ ഇല്ലാതായിട്ടുണ്ട്. പെൺമക്കളെ കൂടുതൽ പഠിപ്പിക്കാൻ മാതാപിതാക്കൾ താത്പര്യം കാണിക്കുന്നു. എന്നെങ്കിലും സ്വന്തം കാലിൽ നിൽക്കേണ്ടി വന്നാൽ അതിന് സാധിക്കുന്ന രീതിയിലാണ് പെൺമക്കളെയും വളർത്തുന്നത്. പക്ഷെ ഇന്നും വിവാഹത്തിന്റെ ആലോചനകൾ മുറുകുന്പോഴേ പുരുഷൻ പത്താം ക്ലാസ് തോറ്റതാണെങ്കിൽ പെൺകുട്ടിക്ക് കുറഞ്ഞത് ഡിഗ്രീയെങ്കിലും വേണമെന്നതാണ് നമ്മുടെ നാട്ടുനടപ്പ്. ഡിഗ്രി വരെ പഠിച്ച പെൺകുട്ടി വീട്ടിലിരിക്കുന്പോൾ പഠനം പൂർത്തിയിക്കാത്ത പുരുഷൻ ജോലി ചെയ്യാൻ പോകുന്നു. പലപ്പോഴും വിവാഹത്തിന് ശേഷം കുട്ടികളൊക്കെയായി കഴിഞ്ഞാൽ നമ്മുടെ സ്ത്രീകൾ സത്യത്തിൽ വലിയൊരു ധർമ്മസങ്കടത്തിൽ പെടുകയാണ്. ഇത്രയും കാലം പഠിച്ചതൊക്കെ കുട്ടികളെ വളർത്താൻ വേണ്ടി മാത്രമാണോ എന്ന ചിന്ത അവരെ അലട്ടുന്നു. ഇന്ന് ഇന്ത്യയിലെ 55ശതമാനം സ്ത്രീകളും ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്ന് കൂടി അറിയുന്പോഴാണ് ഇതിലെ ഭീകരത നമ്മൾ മനസിലാക്കുക. വനിതാ സംവരണവും, സ്ത്രീ ശാക്തീകരണവുമൊക്കെ നമ്മുടെ രാഷ്ട്രീയക്കാരുടെ നാവിൻതുന്പത്തെ പ്രധാനപ്പെട്ട വിഭവങ്ങളാണെങ്കിലും എത്ര വനിതകൾ സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുവെന്ന് ചിന്തിച്ചാൽ വിരലിൽ എണ്ണാൻ പറ്റുന്നതേയുള്ളൂവെന്ന് മനസ്സിലാകും. ഇന്ന് സത്രീകളിൽ മിക്കവരും ജോലി ചെയ്യുന്നത് വിവാഹത്തിന് മുന്പാണ്. വിവാഹത്തോടെ, കുട്ടികൾ കൂടി ആയികഴിഞ്ഞാൽ അവർ നമ്മുടെ മുൻകാല സിനിമാനായികമാരെ പോലെ കുക്കറിഷോയിൽ ഒതുങ്ങുന്നു. സത്യത്തിൽ ഒരു ജോലിയിൽ പ്രവേശിച്ച് നല്ല പേരുണ്ടാക്കി തുടങ്ങുന്ന നേരത്തായിരിക്കും വിവാഹം കടന്നുവരുന്നത്. പിന്നീട് ആ പഴയ ജോലിയിലേയ്ക്ക് തിരിച്ച് പോകാൻ സാധിക്കാതെ വിഷാദരോഗത്തിലേയ്ക്ക് വഴുതിവീഴുന്നവരും ഏറെയാണ്.
വിദ്യാർത്ഥികളായിരിക്കുന്പോൾ അവരും കണ്ടിരിക്കും നല്ലൊരു ജോലിയെ പറ്റിയുള്ള നിറമുള്ള കിനാവുകൾ. അതൊക്കെ അവർ മറന്നുപോകുന്നത് തന്റെ മടിയിലേയ്ക്ക് ഒരു പൊന്നോമന കടന്നുവരുന്പോഴാണ്. അവന്റെ അല്ലെങ്കിൽ അവളുടെ കൊഞ്ചിക്കരയുന്ന മുഖം കാണുന്പോൾ അമ്മ എന്ന വികാരത്തിനാണ് കൂടുതൽ പ്രാമുഖ്യം ഏറുന്നത്. നമ്മുടെ ഇടയിൽ അണുകുടുംബങ്ങൾ ഏറിയതോടെ കുട്ടിയെ ആര് നോക്കും എന്ന ചോദ്യം ഏറെ പ്രസക്തമായി. അപ്പൂപ്പനോ, അമ്മൂമയോ ഇന്നില്ല. പിന്നെയുള്ള ജോലിക്കാരാണ്. അവരെയാണെങ്കിൽ കിട്ടാനുമില്ല. ഇന്നത്തെ കാലത്ത് വിശ്വസിച്ച് കുട്ടിയെ എൽപ്പിക്കാനും സാധിക്കുന്നില്ല. അങ്ങിനെ തന്റെ സ്വപ്നങ്ങളെ ത്യജിച്ച് ഒടുവിൽ സ്ത്രീ തന്നെ ആ ഭാരവുമെടുക്കുന്നു. നമ്മുടെ പൊതുസമൂഹത്തിനും അത്തരം സ്ത്രീകളെയാണ് ആവശ്യം. കുട്ടിയെ നോക്കുകയും, ജോലിക്ക് പോവുകയും ചെയ്യുന്ന അമ്മമാരെ എന്തോ അത്ര വലിയ സുഖത്തോടെയല്ല നമ്മൾ നോക്കികാണുന്നത്. മറിച്ച് ഒരു ക്രൂരയായ സ്ത്രീ എന്ന ലേബലാണ് അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. പിന്നെ പുരുഷകേന്ദ്രീകൃതമായ ലോകത്ത് കുട്ടിയെ നോക്കൽ എന്നത് ഒരു സ്ത്രീയുടെ ജോലിയായി നമ്മൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. വീട്ടുജോലികൾ ചെയ്യുന്നതും, വീട്ടിലെ പ്രായമായ ആളുകളെ സംരക്ഷിക്കുന്നതും, ഒക്കെ ഒരു സ്ത്രീയുടെ ഉത്തരവാദിത്വമാണ്. കാരണം നമ്മളെസംബന്ധിച്ചിടത്തോളം സ്ത്രീ എന്നത് ഒരു ‘സൂപ്പർവുമണ’ാണ്. അവരെ കൊണ്ടേ ഇതൊക്കെ സാധിക്കൂ. തന്റെ ഇഷ്ടങ്ങളെ മാറ്റിവെച്ചു കൊണ്ട് കുടുംബത്തിന് വേണ്ടി ഓരോ തവണയും ഇത്തരം ത്യാഗങ്ങൾ ചെയ്യുന്ന ഇന്നത്തെ ആധുനിക ലോകത്തെ അമ്മമാർക്കാണ് എന്റെ മാതൃദിനാശംസകൾ.
വാൽകഷ്ണം: ഇടയ്ക്കെങ്കിലും കൂടെ ജീവിക്കുന്ന സ്ത്രീശരീരത്തോട് എന്തായിരുന്നു നിന്റെ സ്വപ്നമെന്ന് പുരുഷപ്രജകൾ ചോദിക്കണം. എങ്ങിനെയാണ് ഇതൊക്കെ ഇവർ കൊണ്ടുനടക്കുന്നതെന്ന്
മനസ്സിലാക്കണം. കാരണം നിങ്ങളുടെ രണ്ടറ്റത്തും നിറഞ്ഞ് കത്തുന്നത് ഒരു നിറദീപമാണ്, സ്ത്രീയെന്ന, അമ്മയെന്ന നിറദീപം. അത് കെട്ട്പോയാൽ പിന്നെ നിങ്ങളില്ല, സത്യം !!

