വിരോധാഭാസം ഈ അസഹിഷ്ണുത...


പുതിയ ആശയങ്ങളും ചിന്തകളും എന്നും വളരെ ആവറേജായ ഒരു മനുഷ്യനെ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. താൻ പഠിച്ച് വെച്ച പാഠങ്ങൾക്കപ്പുറത്താണ് ആ ചിന്തകളെങ്കിൽ അതിനെ പല്ലും, നഖവും ഉപയോഗിച്ച് എതിർക്കാൻ ഇവർ ശ്രമിച്ചിരിക്കും. പുത്തൻ ആശയങ്ങളുമായി ഏറ്റുമുട്ടാൻ വാക്കുകൾക്ക് പകരം കഠാരകൾ ഉപയോഗിക്കുന്പോഴാണ് അവിടെ സംഘർഷങ്ങൾ ആരംഭിക്കുന്നത്. പലപ്പോഴും ഇത്തരം സംഘർഷങ്ങളാണ് പിന്നീട് വലിയ യുദ്ധങ്ങളിലേയ്ക്ക് തന്നെ എത്തിപ്പെടുന്നത്. മനുഷ്യചരിത്രത്തിൽ തന്നെ പുത്തൻ ആശയങ്ങളെ തടഞ്ഞ് നിർത്താൻ കിണഞ്ഞ് പരിശ്രമിച്ചിട്ടുള്ള നിരവധി പേരെ കാണാൻ സാധിക്കും. അവരൊക്കെ ചരിത്രത്തിന്റെ നാൾവഴികളിൽ ഇല്ലാതാവുകയും, അവർ തടയാൻ ശ്രമിച്ച ആശയങ്ങൾ ലോകമെന്പാടും പടരുകയും ചെയ്തു. എല്ലാ തെറ്റുകളും വരുന്നത് അജ്ഞതയിൽ നിന്നാണെന്നും ശരി ഏതെന്ന് ആളുകൾക്ക് ബോധ്യം വന്നാൽ തെറ്റുകളിൽ നിന്നവർ പിന്മാറുമെന്നും തത്വജ്ഞാനിയായിരുന്ന സോക്രട്ടീസ് പറഞ്ഞത് ഓർക്കട്ടെ. 

സമൂഹമനസ്സിലുണരുന്ന  പൊതു ആശയങ്ങളെ നിരവധി പേരിലെത്തിക്കുന്ന വഴിയാണ് മാധ്യമങ്ങൾ ഒരുക്കുന്നത്. ഇത്തരം മാധ്യമങ്ങളെ പിടിച്ചുകെട്ടിയാൽ ആശയങ്ങളെ തന്നെ പിടിച്ചുകെട്ടാം എന്ന മൗഢ്യം വെച്ചു പുലർത്തുന്ന നിരവധി ഭരണാധികാരികൾ നമുക്കുണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥകാലത്ത് ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് അത്തരമൊരു തെറ്റിധാരണയുണ്ടായിരുന്നു. ഇന്ന് തലസ്ഥാനം ഭരിക്കുന്നു എന്ന അഹങ്കാരത്താൽ ശ്രീ അരവിന്ദ് കേജരിവാൾ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളുടെയും സർ‍ക്കാരിന്റെയും സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന ഏതുതരം വാർത്തയും സംപ്രേക്ഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കയോ ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങൾ‍ക്കെതിരെ അപകീർ‍ത്തി കേസ് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 

അരവിന്ദ് കേജരിവാൾ എന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനെ ഇന്ന് കാണുന്ന രാഷ്ട്രീയക്കാരനാക്കി മാറ്റിയതിന് പിന്നിൽ നിരവധി മാധ്യമങ്ങളുടെയും അക്ഷീണപ്രയത്നമുണ്ടെന്ന് ഓർക്കാതെയാണ് അദ്ദേഹം ഇപ്പോൾ മാധ്യമങ്ങൾക്ക് മൂക്കുകയറിടാൻ ശ്രമിക്കുന്നത്. പൊതുസമൂഹം രാഷ്ട്രീയ നേതൃത്വങ്ങളോട് വെച്ച് പുലർത്തിയ രോഷത്തിന്റെ പ്രതീകമായിരുന്നു മാധ്യമങ്ങൾക്ക് ആം ആദ്മി പാർട്ടിയും, കെജരിവാളും. എന്നാൽ ഇന്ന് കാലം മാറി വന്നപ്പോൾ അധികാരത്തിന്റെ ലഹരി കെജരിവാളിനെയും ബാധിച്ചിരിക്കുന്നു എന്നു വേണം കരുതാൻ. താനും, തന്റെ പാർട്ടിയും മാത്രമാണ് ശരിയെന്ന് വാദിക്കുന്ന വൃത്തിഹീനമായ ഒരു രാഷ്ട്രീയ ചിന്താഗതിയിലേയ്ക്ക് അദ്ദേഹവും വീണിരിക്കുന്നു. ഒപ്പം ഏത് വിഭാഗത്തിന്റെ സഹായത്തോടെ അധികാര കസേര സ്വന്തമാക്കിയോ അതേ വിഭാഗത്തോട്, മാധ്യമങ്ങളോട് കെജരിവാൾ പുലർത്തിതുടങ്ങിയിരിക്കുന്ന  അസഹിഷ്ണുത ഈ കാലഘട്ടത്തിലെ തന്നെ ഏറ്റവും വലിയ വിരോധാഭാസമായി മാറുന്നു. 

ഡൽഹി സർക്കാർ പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, പ്രസിദ്ധീകരിക്കപ്പെടുകയോ സംപ്രേക്ഷണം ചെയ്യപ്പെടുകയോ ചെയ്ത ഏതെങ്കിലും ഒരിനം തനിക്കും സർക്കാരിനും അപകീർ‍ത്തികരമാണെന്ന് ഡൽ‍ഹി സർക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥ(ന്‍)യ്ക്ക് തോന്നിയാൽ, ആ പരാതി പ്രിൻസിപ്പൽ സെക്രട്ടറിക്ക് (ആഭ്യന്തരം) സമർ‍പ്പിക്കേണ്ടതും തുടർന്ന് ബന്ധപ്പെട്ട നിയമനടപടികളുടെ സാധ്യതകളെ കുറിച്ച് പ്രോസിക്യൂഷൻ ഡയറക്ടറുടെ അഭിപ്രായം തേടേണ്ടതുമാണ്. മുന്നോട്ട് പോകാനുള്ള നിർദ്ദേശമാണ് പ്രോസിക്യൂഷന്‍ ഡയറക്ടർ നല്‍കുന്നതെങ്കിൽ വിഷയം നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് വിടുകയും അതിന് ശേഷം സർ‍ക്കാരിന്റെ അനുമതിയോട് കേസ് ഫയൽ ചെയ്യുകയും ചെയ്യും. കഴിഞ്ഞ ആഴ്ച്ച വ്യാജനിയമ ബിരുദം ഉണ്ടാക്കിയതിന്റെ പേരിൽ ആരോപണവിധേയനായ തന്റെ നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമറിനെ ന്യായീകരിച്ചുകൊണ്ട്, മാധ്യമങ്ങളെ പൊതുവിചാരണയ്ക്ക് വിധേയമാക്കണമെന്നും കെജരിവാൾ ആഹ്വാനം ചെയ്തിരുന്നു. 

ഇന്ത്യൻ മാധ്യമരംഗം പുണ്യവാളൻമാരുടെ ആവാസഭൂമിയാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. എന്നാൽ  അധികാരത്തിന്റെ മധുരം നുകർന്നിരിക്കുന്ന കെജരിവാളിനെ സൃഷ്ടിച്ചത് കേവലം  കറകളഞ്ഞ സത്യസന്ധതയും, ജനങ്ങളോടുള്ള അമിതമായ സ്നേഹവുമാണെന്ന് എപ്പോഴും എല്ലാ മാധ്യമപ്രവർത്തകരും വിചാരിച്ചുകൊള്ളണമെന്നില്ല. അതു കൊണ്ട് തന്നെ അക്ഷരങ്ങൾക്ക് സിംഹാസനങ്ങളെ മറിച്ചിടാൻ ശക്തിയുണ്ടെന്ന് കെജരിവാൾ ഓർത്താൽ അദ്ദേഹത്തിന് നന്ന് !!!   

You might also like

  • Lulu Exchange
  • Straight Forward

Most Viewed