അവരും ജീവിച്ചോട്ടെ...പ്ലീസ്..


നേരം ഇരുട്ടിയിരിക്കുന്നു. പുറത്ത് നല്ല മഴക്കോളുണ്ട്. റോഡിലുള്ള ഗട്ടറുകളിലൊക്കെ ഓട്ടോറിക്ഷയുടെ ഡ്രൈവർ വാഹനം കയറ്റി ഇറക്കികൊണ്ടിരുന്നു. നശിച്ച നാട്, ഈ കുഴികൾ കാരണം നശിച്ചു പോകുന്നത് നമ്മുടെ ടയറാ.. പിറുപിറുത്തുകൊണ്ടിരുന്നു ആ പാവം ഡ്രൈവർ. വേദന നിറഞ്ഞ ചിരിയുമായി ഞാൻ ആ സങ്കടത്തിനൊപ്പം കൂടി. അവിടെയുണ്ടായിരുന്ന സിഗ്നലിൽ കുറച്ചു നേരം നിൽക്കേണ്ടി വന്നു. തൊട്ടടുത്തിരുന്ന മകളാണ് ചോദിച്ചത്. “എന്തിനാണ് അച്ഛാ ഇവർ ഇവിടെ കിടക്കുന്നത്. വീട്ടിൽ പോയിക്കൂടെ, കൊതുക് കടിക്കില്ലേ”. ഞാൻ പതിയെ റോഡിനപ്പുറത്തെ ഷോപ്പിങ്ങ് ക്ലോപംക്സിന്റെ വരാന്തയിലേയ്ക്ക് നോക്കി. കുറേ മനുഷ്യകോലങ്ങൾ അവരുടെ കിടക്കപ്പായ പോലെ തോന്നിക്കുന്ന ചാക്കുകൾ വിരിക്കുന്ന തിരക്കിലായിരുന്നു അപ്പോൾ. മകളോട് പെട്ടന്നു മറുപടിയൊന്നും പറയാൻ കഴിയാതെ ഞാൻ മുഖം തിരിച്ചു. അപ്പോഴേക്കും സിഗ്നലും ഓണായി. ഡ്രൈവർ ഓട്ടോ മുന്പോട്ട് എടുത്തു. റോഡരികിലെ ദേവാലയത്തിൽ പെരുന്നാളായിരുന്നു. അതിന്റെ വർണ വെളിച്ചങ്ങളിലേയ്ക്ക് അപ്പോഴേക്കും ആവേശപൂർവം വീണു പോയി എന്റെ മകൾ. ദൈവപുത്രന്റെ വലിയ ചിത്രം വിളക്കുകളാൽ അലങ്കരിച്ചു വെച്ചിരിക്കുന്നു അവിടെ.

ഇന്ന് ഉറങ്ങാൻ സാധിക്കാത്തവരുടെ ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. കോടികളുെട പദ്ധതികൾ പ്രഖ്യാപ്പിച്ച് ക്യാമറാക്കണ്ണുകളുടെ പിഞ്ചോമനകളായും മാറുന്പോഴും, രാത്രിയാകുന്പോൾ ഒന്നുമറിയാതെ ഒന്നുറങ്ങാൻ ഉറക്കഗുളികളുടെ സഹായം തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നവരുടെ ലോകം. ഇവിടെ ഒന്നു കണ്ണടയ്ക്കാനായി വഴിയോരങ്ങളും കടത്തിണ്ണകളും തേടിനടക്കുന്ന മനുഷ്യകോലങ്ങളെ തെരുവ് പട്ടിയേക്കാൾ തരം താഴ്ന്ന രീതിയിലാണ് ആധുനിക മനുഷ്യനെന്ന് അഹങ്കരിക്കുന്ന നമ്മിൽ പലരും നോക്കി കാണുന്നത്. വീട് എന്നാൽ നമുക്ക് വെറും നാല് ചുമരുകൾ മാത്രമല്ല, മറിച്ച് സുരക്ഷിതത്വത്തിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ ഒക്കെ ഒരു പ്രതീകം കൂടിയാണ്. എന്നാൽ സ്വന്തമായി ജീവിതം പോലുമില്ലാത്ത തെരുവിന്റെ സന്തതികൾ തെരുവിൽ തന്നെ ജനിക്കുന്നു, അവിടെ തന്നെ മരിക്കുന്നു. നമ്മളിൽ ആർക്കും തന്നെ അത്തരം ആളുകളെ വ്യക്തിപരമായി അറിയാനുള്ള സാഹചര്യം ഇന്ന് നിലവിൽ ഇല്ല. അവർ നമ്മെ പോലെ ഒരിക്കലും പരിഷ്കൃതരല്ല എന്നത് തന്നെയാണ് ഇതിന്റെ കാരണം.

നേരം ഇരുട്ടിയാൽ പിന്നെ അവർക്ക് നഗരവീഥികളിലെ നിയോൺ വിളക്കുകളിലാണ് പരസ്പരം തിരിച്ചറിയാൻ സാധിക്കുന്നത്. തങ്ങളുടെ ജീവിതം ബാക്കി വെയ്ക്കുന്ന നെടുവീർപ്പുകൾ പോലെ കൺപോളകൾക്ക് മുന്പിൽ വലിയ നഗരവീഥികൾ നീണ്ടുകിടപ്പുണ്ടാകും. മരിക്കുന്നത് വരെ ജീവിക്കാൻ മാത്രമാണ് ഇവരുടെ ഉദ്ദേശം. ആകാശത്തിന്റെ മേൽക്കൂരയിൽ കെട്ടിതൂങ്ങാൻ ഫാനിന്റെ കൊളുത്ത് ഇല്ലാത്തത് കാരണം അത് ചെയ്യുന്നില്ല. ഇവർ സ്വപ്‌നങ്ങൾ കൂട്ടിവെക്കാറുമില്ല, ലക്ഷ്യങ്ങൾ കണ്ടുവെക്കാറുമില്ല. ഏക പ്രശ്നം ഒരു ചാൺ വയറാണ്. പകൽ കൈനീട്ടിയും, രാത്രി തല ചായ്ക്കാൻ ഒരിടം തേടിയും അവർ അലയും. സാധാരണ മനുഷ്യർക്ക് ഇവർ ശല്യവും, ഭീഷണിയുമാണ്. ചിലപ്പോൾ പോലീസ് വന്നു മാറ്റി കിടത്തും. പോകാൻ പ്രത്യേകിച്ച് ഇടമില്ലാത്ത ഇവർ കരിയില പോലെയാണ്. കാറ്റ് അടിക്കുന്ന ദിശയിൽ പാറി പറക്കും. തറയിലെ കനം കുറഞ്ഞ വിരിപ്പുകളിൽ തങ്ങളുടെ ശോഷിച്ച ശരീരത്തെ ആകെ മൂടുന്ന ഒരു പുതപ്പുമായി കുറച്ചകലെ എരിയുന്ന കൊതുകു തിരിയുടെ അറ്റത്തെ ചുടുകനൽ പോലെ ജീവിതം അങ്ങിനെ എരിഞ്ഞു തീരുന്പോൾ അവൻ അല്ലെങ്കിൽ അവൾ ആരെയാണ് കുറ്റം
പറയേണ്ടത്. സത്യത്തിൽ ഇവരെ സൃഷ്ടിച്ചത് നമ്മൾ പൊതു സമൂഹവും, ഭരണകൂടവും തന്നെയല്ലെ. നമ്മൾ ചിന്തിക്കേണ്ടതുണ്ട്.

ബോളിവുഡിലെ താരരാജാവിന്റെ താരത്തിളക്കമൊന്നും ഇവർക്കാർക്കുമില്ല. ഒരാളെ വണ്ടി കയറ്റി കൊന്ന അയാൾക്ക് നീതി കിട്ടുന്നതിനെ കുറിച്ചോ, ജയിലിൽ പോയാൽ ഉണ്ടാകുന്ന കോടികളുടെ നഷ്ടത്തെ പറ്റിയോ, ചെയ്തു കൂട്ടുന്ന പുണ്യപ്രവർത്തനങ്ങളെ കുറിച്ചോ ഒന്നും ഞാൻ പ്രതികരിക്കുന്നില്ല. മറിച്ച്, ഏത് നിമിഷവും തന്റെ മേൽ പാഞ്ഞുകയറാവുന്ന അഹങ്കാരത്തിന്റെ കറുത്തചക്രങ്ങളെ പ്രതിരോധിക്കാനുള്ള ത്രാണിയൊന്നും പരിഷ്കൃത സമൂഹത്തിലെ അനധികൃത കുടിയേറ്റക്കാരായ തെരുവിലെ സന്തതികൾക്കില്ല എന്നു മാത്രം പറയട്ടെ. ഇവർക്ക് മേൽ ഇപ്പോൾ വീഴുന്ന അധിക്ഷേപ വാക്കുകളെ ചോദ്യം ചെയ്യാനും ആരുമില്ല. ആരുമില്ലാത്തവനായതുകൊണ്ടാണല്ലോ അവന് തെരുവിൽ‍ ഉറങ്ങേണ്ടി വരുന്നത്. അവിടെ നിന്നും അവനെ ആട്ടിയോടിക്കരുത്, അവർ‍ക്ക് പോകാൻ മറ്റൊരിടമില്ല... മരിക്കുംവരെ അവരും അവിടെയൊക്കെയായി ജീവിച്ചോട്ടെ !!

You might also like

  • Lulu Exchange
  • Straight Forward

Most Viewed