#GoHomeIndianMedia
നേപ്പാളിൽ ഉണ്ടായ ഭൂകന്പത്തിന്റെ ദാരുണമായ ദൃശ്യങ്ങളും വാർത്തകളും ഇന്നും നമ്മെ തേടിവരുന്നുണ്ട്. പ്രകൃതി അതിന്റെ സംഹാര താണ്ഠവം ആടിയപ്പോൾ ഏഴായിരത്തോളം ജീവനുകളാണ് ഇവിടെ ഇല്ലാതായത്. ദുരന്തമുണ്ടായ ഉടനെ തന്നെ നേപ്പാൾ എന്ന കൊച്ചുരാജ്യത്തെ സഹായിക്കാനായി മുന്പോട്ട് വന്ന രാജ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഇന്ത്യ. അന്ന് തന്നെ നേപ്പാൾ പ്രധാനമന്ത്രി ആ സ്നേഹത്തിന് ഹൃദയം തുറന്ന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. എന്നാൽ രണ്ടാഴ്ച്ച മുന്പ് വരെ ഇന്ത്യയോടും ഇന്ത്യൻ മാധ്യമങ്ങളോടും നേപ്പാൾ സ്വദേശികൾക്കുണ്ടായിരുന്ന സ്നേഹം ഇപ്പോൾ ഹിമാലയ സാനുക്കളിലെ മഞ്ഞുരുകുന്നത് പോലെ ഉരുകി തീരുകയാണെന്ന് വേണം കരുതാൻ. തങ്ങൾക്ക് ഷൈൻ ചെയ്യാനുള്ള ഒരവസരം ഭൂമികുലുക്കമായി വീണുകിട്ടിയപ്പോൾ പരമാവധി ഉപയോഗിക്കാനുള്ള വേട്ടനായക്കളുടെ സമീപനം ഇന്ത്യൻ മാധ്യമങ്ങൾ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ കാണിച്ചപ്പോഴാണ് ഇത്തരമൊരു നിലപാട് നേപ്പാൾ ജനതയ്ക്ക് എടുക്കേണ്ടി വന്നിരിക്കുന്നത്. ഓരോ ഇന്ത്യൻ മാധ്യമപ്രവർത്തകനും ഇത് ഉണ്ടാക്കിയിരിക്കുന്ന നാണക്കേട് വളരെ വലുതാണ്. ഇന്ന് #GoHomeIndianMedia എന്നതാണ് നേപ്പാളിലെ ഏറ്റവും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹാഷ് ടാഗ്. ഒപ്പം ഈ വിഷയത്തിൽ ട്വീറ്റ് ചെയ്തത് 56,000ത്തിലേറേ പേരാണ്.
നിരവധി പേർ മരിക്കുകയും, ഒരു രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ നശിക്കുകയും, പതിനായിരത്തോളം പേർക്ക് വീട് വിട്ടു പോകേണ്ടിയും വന്ന ഭൂകന്പത്തെ പറ്റി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അവിടുത്തെ സാധാരാണ ജനങ്ങളുടെ വികാരം ഉൾക്കൊള്ളാതെയാണെന്ന് പരാതിപ്പെടാനാണ് നേപ്പാളിലെ ജനങ്ങൾ കൂട്ടമായി സാമൂഹിക മാധ്യമങ്ങളുടെ കൂട്ട് പിടിച്ചിരിക്കുന്നത്. മോഡി സർക്കാരിന് വേണ്ടിയുള്ള പ്രചാരണ പരിപാടി ആയാണ് ഇന്ത്യൻ മാധ്യമങ്ങൾ ഭൂകന്പത്തെയും അത് ബാധിച്ചവരെയും കുറിച്ച് വാർത്തകൾ കൊടുക്കുന്നതെന്ന് പോലും പലരും വാദിക്കുന്നു. നേപ്പാൾ എന്ന കൊച്ചു രാജ്യത്തിന്റെ മൂത്ത സഹോദരനാണ് ഇന്ത്യ എന്ന രീതിയിലായിരുന്നു ഭൂകന്പം ആഞ്ഞടിച്ച നാളുകളിൽ മിക്ക മാധ്യമങ്ങളും ഇവിടെ നിന്നുള്ള വാർത്തകൾ എത്തിച്ചിരുന്നത്. എന്നാൽ നേപ്പാൾ സ്വതന്ത്ര പരമാധികാരമുള്ള ഒരു രാജ്യമാണെന്ന് പലപ്പോഴും ഈ നേരത്ത് ഇവർ മറന്നു പോയി. സ്വന്തം മകൻ നഷ്ടപ്പെട്ട അമ്മയോട് എന്താണ് താങ്കൾക്ക് ഇപ്പോൾ തോന്നുന്നത് എന്ന അർത്ഥമില്ലാത്ത ചോദ്യം ചോദിക്കുന്ന തരത്തിലേയക്ക്് വരെ തരംതാണുപോയി ഈ നാളുകളിൽ നമ്മുടെ പ്രശസ്ത മാധ്യമപ്രവർത്തകർ.
ഒരു ദുരന്തമുണ്ടായാൽ അതിനെ പരമാവധി ആഘോഷിക്കാനാണ് നമ്മുടെ നാട്ടിലെ ദൃശ്യമാധ്യമങ്ങൾ പ്രധാനമായും ഇന്ന് ശ്രമിക്കുന്നതെന്ന് പറയാതിരിക്കാൻ വയ്യ. സോപ്പ് സീരിയലുകൾ പോലെ വാർത്തകളെ നാടകീയമാക്കാനാണ് ഇവർ ശ്രമിക്കുന്നത.് വൈകുന്നേരങ്ങളിൽ നമ്മുടെ സ്വീകരണ മുറികൾ വാർത്ത അവതാരകരുടെ അട്ടഹാസം കൊണ്ട് മലിനീകരിക്കപ്പെടുകയാണ്. ഒരിടവേളയിൽ നിന്ന് മറ്റൊരിടവേളയിലേയ്ക്ക് എത്തുന്നത് വരേക്കും പ്രേക്ഷകനെ മുൾമുനയിൽ നിർത്തി താൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ മാത്രമാണ് ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടത് എന്ന രീതിയിൽ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ഈ അവതാരങ്ങളെ #GoHome എന്ന് ടാഗ് ചെയ്ത് പടിക്ക് പുറത്ത് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വാർത്തകളെ സെൻസേഷനലൈസ് ചെയ്ത് അതിനാടകീയത സൃഷ്ടിച്ച് ഇവർ ഉണ്ടാക്കിയെടുക്കുന്ന പുകമറയിൽ പലപ്പോഴും നഷ്ടമാകുന്നത് യാത്ഥാർത്ഥ്യങ്ങളും, മനുഷ്യപറ്റുള്ള വിവരങ്ങളുമാണ്്. പാവപ്പെട്ടവന്റെ കണ്ണുനീരിനെയാണ് ഇവർ സെക്കന്റുകളാക്കി വിൽക്കുന്നത്. നേപ്പാൾ ജനതയുടെ പ്രതികരണം ഇത്തരം അവതാരങ്ങളുടെ കണ്ണുകൾ തുറപ്പിച്ചാൽ നല്ലത്.
ഇതു പറയുന്പോൾ തന്നെ എല്ലാ മാധ്യമപ്രവർത്തരെയും ഒരു പോലെ കാണാൻ സാധിക്കുകയില്ലെങ്കിലും, ഒരു തക്കാളിപെട്ടിയിലെ അൽപ്പം ചിലത് ചീഞ്ഞാൽ അതിന്റെ നാറ്റം മറ്റുള്ളവയിലേയ്ക്കും എത്തും എന്ന സത്യം കൂടി ഓർത്തുപോകുന്നു. അതു കൊണ്ട് നേപ്പാൾ സ്വദേശികളുടെ #GoHomeIndianMedia എന്ന ടാഗ് ലൈൻ നമ്മെ സന്പൂർണമായി നാണം കെടുത്തുന്നതിന് മുന്പായി എത്രയും പെട്ടന്ന് നേപ്പാളിലുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകരെ തിരികെ നാട്ടിലെത്തിക്കാനുള്ള മാർഗ്ഗം ഗവൺമെന്റ് സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം. കാരണം ഒരു നല്ല പേരുണ്ടാക്കിയെടുക്കാൻ സമയം കുറെ എടുക്കും. ഇല്ലാതാക്കാൻ നിമിഷങ്ങൾ മാത്രം മതി.

