തൊഴിലിനെ ലാളിക്കേണ്ടവർ
“ഞങ്ങളുടെ ഈ നിശബ്ദത നിങ്ങൾ ഞെരിച്ചു കൊല്ലുന്ന ഈ ശബ്ദത്തെക്കാൾ ശക്തിയോടെ മുഴങ്ങിക്കെൾക്കുന്ന ഒരു കാലം വരും”.
ഇത് 1887 നവംബർ 11 ന് മറ്റു മൂന്നു പേർക്കൊപ്പം തൂക്കിലെറ്റപ്പെടുന്നതിനു മുന്പു അമേരിക്കയിലെ ചിക്കാഗൊയിലെ ഇല്ലിനൊയിസ് കോടതിക്കു മുൻപാകെ 8 മണിക്കൂർ സമരത്തിന്റെ നേതാവായിരുന്ന ആഗസ്റ്റ് സ്പൈസ് പറഞ്ഞ വാക്കുകൾ. 1886 മെയ് 4 ന് 8 മണിക്കൂർ ജോലി എന്ന ആവശ്യം ഉന്നയിച്ചു ചിക്കാഗോവിലെ ഹെയ് മാർക്കെറ്റ് സ്ക്വയറിൽ പ്രകടനവും പൊതു യോഗവും നടത്തുന്നതിനിടയിൽ സമര വിരുദ്ധർ എറിഞ്ഞ ബോംബ് സ്ഫോടനത്തിൽ 4 പോലീസുകാർ കൊല്ലപ്പെട്ടത് കാരണമാണ് ആഗസ്റ്റ് സ്പൈസും മറ്റു മൂന്ന് പേരും തൂക്കിലേറ്റപ്പെട്ടത്. ഇതിന്റെ ഓർമ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് മെയ് ഒന്ന് സർവ്വരാജ്യ തൊഴിലാളി ദിനമായി ആചരിച്ചു തുടങ്ങിയത്.
ഇത് ചരിത്രം. എല്ലാ ചരിത്രങ്ങളും മനുഷ്യനുണ്ടാക്കിയതാണ് എന്ന വിശ്വാസമാണ് എനിക്കുള്ളത്. അവന് തോന്നുന്ന രീതിയിൽ അവന്റെ ആവശ്യത്തിന് അനുസരിച്ച് ആ ചരിത്രം ഓരോ തലമുറയിലേയ്ക്കും തിരുത്തിയും, മാറ്റിയും പകർത്തികൊടുത്തു. തൊഴിലിനാൽ ആളുന്നവൻ തൊഴിലാളിയും, മുതലിനെ ലാളിക്കുന്നവൻ മുതലാളിയുമെന്ന് ആ ചരിത്ര പുസ്തകങ്ങളിലെ ചില താളുകൾ നമ്മെയും പഠിപ്പിച്ചു. അത് കൊണ്ട് തന്നെ എന്നും മുതലാളി വില്ലനും, തൊഴിലാളി നായകനുമായി മാറി.
എട്ട് മണിക്കൂർ ജോലി എന്ന അടിസ്ഥാന ആവശ്യം നേടിയെടുക്കുന്നതിൽ ലോക തൊഴിലാളി വർഗം ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. അവർ അനുഭവിച്ച യാതനകളും കടന്നു പോയ വഴിത്താരകളും ഏറെ കഠിനമായിരുന്നു. ഏറെ ആദരവോടെ വേണം ആ അദ്ധ്വാനത്തെ ഭൂമിയിലെ ഓരോ മനുഷ്യനും നോക്കികാണാൻ. അതിന്റെ ഒക്കെ ഫലമായി ലോകമെന്പാടും ഇന്ന് ഭൂരിഭാഗം രാജ്യങ്ങളിലും ഏറ്റവും നല്ല തൊഴിൽ നിയമങ്ങളാണ് നിലനിൽക്കുന്നത്. പ്രത്യേകിച്ച് പ്രവാസലോകം അതിന്റെ ഏറ്റവും വലിയ തെളിവാണ്. ബഹ്റിനടക്കമുള്ള രാജ്യങ്ങളിൽ തൊഴിലാളികൾക്കായി നിരവധി ആനുകൂല്യങ്ങളാണ് ഗവൺമെന്റുകൾ നൽകി വരുന്നത്. നമ്മുടെ കേരളവും ഇക്കാര്യത്തിൽ വിഭിന്നമല്ല. എന്നാൽ ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാൻ എന്ന തോന്നൽ നമ്മുടെ സമൂഹത്തിൽ വ്യാപിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് പറയാതിരിക്കാൻ വയ്യ. ഒരു ജോലിയും എടുത്തില്ലെങ്കിലും ഇല്ലാത്തവന്റെ കയ്യിൽ നിന്ന് പണം വാങ്ങി, അവന്റെ പോക്കറ്റടിക്കുന്ന തൊഴിൽ സംസ്കാരം നമ്മുടെ നാട്ടിൽ കുറച്ചധികം തന്നെയാണ്. ഇന്ന് രാവിലെ കൊച്ചിയിലേയ്ക്കുള്ള ഓഫീസിലേയ്ക്ക് പോകുന്പോൾ ദൂരെ നിന്ന് ഒരു ജാഥ വരുന്നത് കണ്ടു. സമീപത്തെ ഒരു തൊഴിലാളി വിപ്ലവ പ്രസ്ഥാനത്തിന്റെ മെയ്ദിന റാലിയായിരുന്നു അത്. ഇംക്വിലാബ് വിളി കേട്ടപ്പോൾ ഒരു തൊഴിലാളിയായ എന്റെയും രോമം എഴുന്നേറ്റ് നിന്നു. പക്ഷെ അത് താഴ്ന്നുപോകാൻ വലിയ സമയമെടുത്തില്ല. തൊട്ടടുത്ത് മെട്രോ റെയിലിന്റെ ജോലി നടക്കുന്നുണ്ടായിരുന്നു. ജാഥയിലേയ്ക്ക് ഒന്ന് കണ്ണോടിക്കുക പോലും ചെയ്യാതെ ഒരു ബംഗാളി ജാക്ക് ഹാമർ വെച്ച് റോഡിൽ അപ്പോഴും വിയർത്ത് കുളിച്ച് കുഴിക്കുകയായിരുന്നു! ഇതാണ് ഇന്നത്തെ നമ്മുടെ നാട്ടിലെ തൊഴിൽ സംസ്കാരം. ബംഗാളിയും ബീഹാറിയും ഇല്ലെങ്കിൽ റോഡിൽ ഒരു കുഴി വെട്ടാൻ പോലും ആളെ കിട്ടാത്ത ഭീതിജനകമായ തൊഴിൽ സംസ്കാരം. വിളഞ്ഞുനിൽക്കുന്ന തെങ്ങിൽ കയറി നാളികേരം പറിക്കാനോ, വീട്ടിൽ ഒരു കട്ടിലൊടിഞ്ഞാൽ അത് നന്നാക്കാൻ നാല് കട്ടിലിന്റെ പണം കൊടുത്താൽ പോലും ആളെ കിട്ടാത്ത അവസ്ഥ.
പറഞ്ഞുവരുന്പോൾ ഒരു കാര്യം കൂടി പറയട്ടെ. കൊച്ചിയിൽ കാക്കനാട് എന്നൊരു സ്ഥലമുണ്ട്. ഇവിടെയാണ് ലോകത്തിലെ വലിയ ഐ.ടി കന്പനികൾ അവരുടെ ഔട്ട്സോഴ്സിങ്ങ് കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. അവിടെ ഇൻഫോപാർക്കിന് തൊട്ടുമുന്പ് ഒരു ചെക്ക് പോസ്റ്റുണ്ട്. പോലീസിന്റേതോ, റവന്യൂ അധികൃതരുടേതോ അല്ല ഇത്. മറിച്ച് നമ്മുടെ ബഹുമാന്യരായ തൊഴിലാളി സഖാക്കൻമാരുടെ കളിസ്ഥലമാണിത്. അവർക്ക് ചെസ്സും, കാരംബോർഡും, ചീട്ടും കളിക്കാനായി ഒരു ഷെഡും ഇവിടെയുണ്ട്. ഈ ഭാഗത്തുള്ള ഫ്ളാറ്റുകളിൽ ആര് ഏത് ലോഡ് വാഹനവുമായി പോയാലും ഒരു നിശ്ചിത തുക ഈ ചെക്ക് പോസ്റ്റിൽ നൽകിയില്ലെങ്കിൽ ആ വാഹനം മുന്പോട്ട് പോകില്ല എന്നതാണ് അവസ്ഥ. ഇൻഫോപാർക്കിൽ ജോലി ചെയ്യാൻ വന്ന പാവം യുവതിയുവാക്കളുടെ ചോര ഇങ്ങിനെ ഊറ്റി കുടിക്കുന്ന ഈ വർഗത്തെ തൊഴിലാളികൾ എന്നാണോ ഗുണ്ടകൾ എന്നാണോ നമ്മൾ വിളിക്കേണ്ടത്?
ബഹ്റിനിലടക്കമുള്ള പ്രിയപ്പെട്ട സഖാക്കൻമാർ നാട്ടിൽ അവധിക്ക് വരുന്പോൾ വിസ്മയയും, സ്നേക്ക് പാർക്കും സന്ദർശിക്കുന്നതിനിടയിൽ ഇത്തരം സ്ഥലങ്ങൾ കൂടി പോയി കാണുക. കാരണം നാളെ നിങ്ങളുടെ മക്കളും ഇത്തരം ഐ.ടി പാർക്കുകളിൽ ജോലി ചെയ്യേണ്ടവരായിരിക്കും. എന്നിട്ട് മനസ്സിലാക്കുക, നാട് എന്തേ നന്നാകാത്തത് എന്ന്. മെയ്ദിനത്തിൽ പറയാൻ ഇത്രമാത്രം. തൊഴിലിന്റെ മഹത്വം അറിയുന്നവനായിരിക്കണം തൊഴിലാളി. അല്ലാതെ തൊഴിലിനെ വ്യഭിചരിക്കുന്നവനാകരുത്. ലാൽസലാം, ഒപ്പം എല്ലാവർക്കും മെയ് ദിനാശംസകൾ !!
പ്രദീപ് പുറവങ്കര

