കേരളം നേരിടുന്ന ദുരന്തം...


ഏപ്രിൽ 22ന് ലോക ഭൗമദിനമായിരുന്നു. ഭൂമിയെന്ന അമ്മയെ ഓർക്കാനായി നമ്മൾ മനുഷ്യരുണ്ടാക്കി വെച്ച മറ്റൊരു ഓർമ്മ ദിനം. എന്നാൽ ചിലപ്പോഴൊക്കെ വർഷത്തിൽ ഒരു ദിവസം മാത്രം ഒതുങ്ങി നിൽക്കാതെ വലിയവനെന്ന് അഹങ്കരിക്കുന്ന മനുഷ്യന്റെ വലിപ്പകുറവിനെ പറ്റി ഭൂമി ഇടയ്ക്കിടെ നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. അത്തരമൊരു ദിനമായിരുന്നു നമ്മുടെ ജീവിതത്തിൽ നിന്ന് കഴിഞ്ഞുപോയത്. തന്റെ ചെറിയ ശരീരത്തിൽ വലിയ മുറിവുകളുമായി വേദനിക്കുകയാണ് ഇപ്പോൾ നേപ്പാൾ എന്ന നമ്മുടെ അയൽ രാജ്യം.

നേപ്പാൾ നമ്മൾ സാധാരണ മലയാളിക്ക് ഉണ്ണിക്കുട്ടന്റെ രാജ്യമാണ്. ഉണ്ണിയപ്പം പോലെ തല മുണ്ധനം ചെയ്ത ബുദ്ധ സന്യാസിമരുടെയും കൊയ്്രാളമാരുടേയും, പശുപതി ക്ഷേത്രത്തിന്റേയും നാട്. എവറസ്റ്റിന്റെ തൊട്ടുതാഴെ കിടക്കുന്ന മനോഹരമായ ഭൂപ്രദേശം. ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തും പോകുന്ന ലാഘവത്തോടെ ഒരിന്ത്യക്കാരന് പോകാൻ സ്വാതന്ത്ര്യവും ഇഷ്ടവുമുള്ള രാജ്യം കൂടിയാണ് നേപ്പാൾ. ഇന്ത്യയിലെ വടക്കുകിഴക്കൻ ഭാഗത്ത് നിന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേയ്ക്ക് പാറാവ് ജോലിക്കായി ഗൂർഖകൾ വരുന്നതെങ്കിലും, നമുക്ക് അവർ എന്നും നേപ്പാളികളാണ്. ഇങ്ങിനെ സ്വന്തത്തിൽ പെട്ട ആരൊക്കെയോ ആണിവർ എന്ന തോന്നൽ പണ്ട് മുതൽക്കേ നമുക്കുണ്ട്. സ്വതവേ ശാന്തശീലരാണ് എന്ന കാരണം കൊണ്ട് തന്നെ പ്രവാസലോകത്തും ഇന്ന് നേപ്പാൾ സ്വദേശികളുടെ സാന്നിദ്ധ്യം ഏറി വരികയാണ്. അവരുടെ ദുഃഖം അതു കൊണ്ട് തന്നെ എല്ലാ മനുഷ്യസ്നേഹികളുടെയും വേദന കൂടിയായി മാറുന്നു.

ദുരന്തബാധിതർക്ക് സാന്പത്തിക സഹായം നൽകാൻ നേപ്പാൾ ഗവൺമെന്റിന്റെ കൂടെ ഇന്ത്യയും ചൈനയുമൊക്കെ കൈകോർക്കുന്നത് സ്വാഗതാർഹം തന്നെയാണ്. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്പോൾ അത് ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ഇവരെ ദുരുപയോഗം ചെയ്യാൻ സാമൂഹ്യവിരുദ്ധരായ നിരവധി പേർ ഇപ്പോൾ സജീവമായിട്ടുണ്ടാകും. ഓരോ വർഷവും പതിനായിരത്തിലധികം പെൺകുട്ടികളെയാണ് നേപ്പാളിൽ നിന്നും വേശ്യാവൃത്തിക്കായി ഇന്ത്യയിൽ എത്തിക്കുന്നത്. അതുപോലെ ബാലവേലയ്ക്കും നിരവധി പേരെ ഇവിടെ നിന്ന് കടത്തുന്നുണ്ട്. ഇതൊക്കെ ഈ ദുരന്ത സമയത്ത് കുറച്ചു കൂടി സജീവമാകും എന്നതാണ് യാത്ഥാർത്ഥ്യം. അധികൃതരുടെ ശ്രദ്ധ ഇതിലും കൂടി പതിയട്ടെ.

നമ്മുടെ ഇന്ത്യാ മഹാരാജ്യം സമാനമായ രീതികളിൽ നിരവധി ദുരന്തങ്ങളെ നേരിട്ട രാജ്യമാണ്. എന്നാൽ കൊച്ചു കേരളത്തെ എടുത്തു നോക്കിയാൽ നമ്മുടെ സംസ്ഥാനത്ത് വലിയ ദുരന്തങ്ങൾ അധികമുണ്ടായിട്ടില്ല. സുനാമി തിരമാലകൾ കൊല്ലം ജില്ലയിൽ അടിച്ചപ്പോഴാണ് ഏറ്റവുമധികം നാശനാഷ്ടവും, ജീവഹാനിയും കേരളത്തിനുണ്ടായത്. പ്രകൃതിക്ഷോഭമായി നമ്മുെട നാട്ടിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട കാര്യം ഉരുൾപൊട്ടലാണ്. പിന്നെ വെള്ളപ്പൊക്കവും, മഴ മൂലമുള്ള പ്രശ്നങ്ങളും. എങ്കിലും ഇതിൽ മനുഷ്യ ജീവൻ നഷ്ടപ്പെടുന്നത് താരതമ്യേന കുറവാണ്. ഓരോ ദുരന്തവും മനുഷ്യന് നൽകുന്നത് തിരിച്ചറിവുകളാണ്. ചിലപ്പോൾ തോന്നും ഈ ഒരു കാരണമാണ് മലയാളികളെ ജന്മനാ അഹങ്കാരികളാക്കി മാറ്റുന്നതെന്ന്.

കഴിഞ്ഞ ദിവസം വീട്ടിലേയ്ക്കായി കുറച്ച് സാധനങ്ങൾ പാക്ക് ചെയ്ത് ഒരു ലോറിയിൽ കൊണ്ടുവന്നത് ഉത്തരേന്ത്യക്കാരായ ചിലരായിരുന്നു. അവർ മലയാളികളെ പറഞ്ഞ ചീത്തയ്ക്ക് കൈയും കണക്കുമില്ല. പണിയെടുക്കാതെ നോക്കി നിൽക്കുന്നതിന് വരെ എണ്ണി കാശ് പിടുങ്ങുന്ന ഗുണ്ടകളായിട്ടാണ് അവർ മലയാളികളായ തൊളിലാളികളെ കാണുന്നത്. അതിൽ ഒരാൾ പറഞ്ഞത് ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. ‘കേരൾ മെം സബ് കുച്ഛ് അച്ചാ ഹെ..മഗർ ആദ്മി ലോഗ് ബരാബർ കച്ചറാ ഹൈ..സബ് ഗുണ്ടാ ഹൈ..ഗുണ്ടാ’. ഇതിൽ കുറേയൊക്കെ സത്യമുണ്ടെന്ന് തന്നെയാണ് എന്റെയും വിശ്വാസം. അതു കൊണ്ട് തന്നെ കേരളത്തിന്റെ ദുരന്തം പ്രകൃതിക്ഷോഭമല്ല, മറിച്ച് വിവരദോഷികളായ ഇത്തരം കുറച്ച് മനുഷ്യരാണെന്ന് ഒരു സംശയവും കൂടാതെ പറയാം!!

You might also like

  • Lulu Exchange
  • Straight Forward

Most Viewed