ഹൃദയപക്ഷമാകുമോ.. ഇനിയെങ്കിലും
“ഇദ്ദേഹത്തിന് കുറച്ചു മനുഷ്യപറ്റുണ്ടെന്ന് മുഖം കാണുന്പോൾ തോന്നുന്നു അല്ലേ.”.. തീവണ്ടിയിൽ എന്റെ സീറ്റിനിപ്പുറത്ത് ഇരുന്ന മധ്യവയസ്കയായ സ്ത്രീ അവരുടെ ഭർത്താവാണെന്ന് തോന്നുന്ന ആളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് അവരുടെ കയ്യിലുള്ള ദിനപത്രത്തിലേയ്ക്ക് എന്റെ കണ്ണുകൾ പാഞ്ഞത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ സെക്രട്ടറിയായ സീതാറാം യെച്ചൂരിയുടെ ഫോട്ടോ കാണിച്ചായിരുന്നു ആ കമന്റ്. നാട്ടിലെ ഒരു സാധാരണ സ്ത്രീക്ക് വരെ സീതാറാം യെച്ചൂരിയുടെ സ്ഥാനലബ്ധി ഏറെ പ്രതീക്ഷകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഈ സംഭാഷണത്തിലൂടെ ഞാൻ മനസ്സിലാക്കുന്നത്. “നന്നായി പ്രവർത്തിച്ചാൽ നാടിന് കൊള്ളാം”. ഭർത്താവ് മറുപടിയായി പറഞ്‍ഞു. ശരിയാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി നന്നായി പ്രവർത്തിച്ചാൽ നമ്മുടെ നാടിന് കൊള്ളാം. പക്ഷെ പ്രവർത്തനശൈലി ചെറുതായെങ്കിലും മാറ്റി നന്നാക്കണമെന്ന് മാത്രം.
ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്താണ് പ്രസക്തി എന്ന് ചോദിക്കുന്നവർ നമ്മുടെ ഇടയിൽ ധാരാളമുണ്ട്. അതിന് ഉത്തരമായി പറയുവാനുള്ളത് പാർട്ടിയുടെ ഒരു തലമുറ മാറിവരേണ്ടിയിരിക്കുന്നു എന്നുമാത്രമാണ്. നമ്മുടെ നാടും സമൂഹവും വളരെ വേഗം മാറി വരികയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് കാലഘട്ടത്തിന് അനുസരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി മാറുകയാണെങ്കിൽ ഇന്ത്യയിൽ ഇടതുപ്രസ്ഥാനങ്ങൾക്ക് ഇനിയും തീർച്ചയായും സാധ്യതയുണ്ട്. ഇന്ത്യയുടെ ജീവൻ ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പറഞ്ഞിട്ട് അരനൂറ്റാണ്ടിലധികമായിരിക്കുന്നു. എന്നാൽ ഇന്ന് വളരെ വേഗത്തിൽ നഗരവത്കരിച്ചു കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് തന്നെ ഇന്ത്യ എന്ന വലിയ നഗരത്തെ മുന്പിൽ കണ്ടുവേണം കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇനിയെങ്കിലും പ്രവർത്തിക്കാൻ. നമ്മുടെ നാട്ടിലെ ജനസംഖ്യ വർദ്ധിക്കുന്പോൾ കൂടുതൽ ജോലി സാധ്യതകൾ ഇവിടെയുണ്ടാവുന്നുണ്ട്. അത് കൊണ്ട് തന്നെ വ്യവസായവത്കരണം വളരെ ഊർജ്ജിതമായി നടക്കുന്നു. ഇത് മുതലാളിത്തത്തിന്റെ മാത്രം വിജയമായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ കാണേണ്ടതില്ല. അതുപോലെ വികസന വിരുദ്ധർ എന്നൊരു പ്രതിച്ഛായയിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ പുറത്ത് വരേണ്ടതുണ്ട്. എന്നാൽ മാത്രമേ പുതിയ തലമുറ പാർട്ടിയുടെ കൂടെ നിൽക്കൂ എന്നതാണ് യാഥാർത്ഥ്യം. നാട്ടിൽ എന്തുതുടങ്ങിയാലും അവിടെ കൊടിപിടിക്കും എന്ന ധാരണ മായ്ച്ച് കളയാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചാൽ കുറഞ്ഞത് കേരളത്തിലെങ്കിലും പാർട്ടിക്ക് ഭരണം ലഭിക്കും. സമീപകാലത്ത് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് ഭരണങ്ങൾ തിരിച്ചുവന്നത് ഇത്തരം യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടാണ്.
സാധാരണ മനുഷ്യന്റെ പക്ഷത്ത് നിന്ന് ചിന്തിക്കുന്ന നേതാക്കളും, അണികളും ഇടതുപക്ഷത്ത് ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അവർ തിരിച്ച് വരേണ്ടിയിരിക്കുന്നു. ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുന്പ് നേതൃത്വം നൽകിയിരുന്നു. കൂടാതെ മതേതരമായ ഒരു ചിന്ത ഇടതുപക്ഷം എന്നും വെച്ചുപുലർത്തിയിരുന്നു. ഇതിൽ വെള്ളം ചേർക്കുന്ന നിലപാടുകളിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറി നിൽക്കേണ്ടതുണ്ട്. മതനേതാക്കൻമാരുെട ചട്ടുകമായി ഏറ്റവും കുറഞ്ഞത് ഇടത് നേതാക്കൾ മാറാൻ പാടില്ല. ഭൂരിപക്ഷത്തിനെ വെറുപ്പിച്ച് കൊണ്ട് ന്യൂനപക്ഷത്തിന്റെ വോട്ട് നേടാൻ സാധിക്കുമെന്നത് വെറും മൂഢത്വമാണെന്നും ഇടതുപാർട്ടികൾ മനസ്സിലാക്കണം. രണ്ട് പക്ഷങ്ങളോടും തുല്യനിലപാടുകളെടുക്കാനുള്ള ആർജ്ജവവും, ചങ്കൂറ്റവുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ കാണിക്കേണ്ടത്.
നമ്മുടെ നാടിന് ഇന്ന് നഷ്ടമായിരിക്കുന്നത് പ്രതികരിക്കുന്ന യുവത്വമാണ്. അതു കൊണ്ട് മതേതരമായി ചിന്തിക്കുന്ന, വികസനത്തെ ആഗ്രഹിക്കുന്ന, യുവാക്കളുടെ ശബ്ദമാകാൻ സാധിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപെടുക്കാൻ സീതാറാം യെച്ചൂരിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കാം. പഴകി തുരുന്പിച്ച വിപ്ലവ പ്രത്യയശാസ്ത്രങ്ങളുടെ ഇരുന്പ് പെട്ടിക്കുള്ളിൽ കിടന്നു ശ്വാസം മുട്ടുന്നതിന് പകരം ആ പെട്ടി പൊട്ടിച്ച് പ്രിയ സഖാക്കൾ പുറത്തേക്ക് വന്ന് കാര്യങ്ങൾ തുറന്ന മനസോടെ പഠിക്കണം. കാരണം ഇടതുപക്ഷമെന്ന ഹൃദയപക്ഷം കാലഘട്ടത്തിന്റെ കൂടി ആവശ്യകതയാണ്. ഇന്നത്തെ ഇന്ത്യയുടെ അനിവാര്യതയും.

