കണിക്കെണികൾ...
മോനെ കണ്ണ് തുറക്കല്ലേ.. കണി കാണണ്ടേ... അമ്മ കണ്ണുപൊത്തി അച്ഛൻ കൈ പിടിച്ച് ഒരു പലകയിൽ കൊണ്ടിരുത്തി കിണ്ടിയിൽ നിന്നുമെടുത്ത വെള്ളം കൊണ്ട് പതിയെ കൺപോളകളിൽ തടവി ഇനി പതുക്കെ കണ്ണുതുറന്നോളൂ... കണി കണ്ടോളൂ എന്ന് പറഞ്ഞപ്പോൾ മുന്പിൽ സ്വർണ്ണനിറമാർന്ന മഞ്ഞക്കണിക്കൊന്ന പൂക്കൾ... നടുവിൽ ഉണ്ണികണ്ണൻ ഓടകുഴലൂതി പുഞ്ചിരിച്ച് നിൽക്കുന്നു. വശങ്ങളിൽ വെള്ളരിക്ക, നെല്ല്, ഉണക്കല്ലരി, വാൽക്കണ്ണാടി, കോടിമുണ്ട്, ചെന്പകപൂക്കൾ, വെറ്റില,
അടയ്ക്ക, ചക്ക, മാങ്ങാ, നാളികേരം, അരി, നെല്ല്, നവധാന്യങ്ങൾ, നാണയതുട്ടുകൾ അങ്ങിനെ കണ്ണിനെ മഞ്ഞയണിച്ച് ഒരു വിഷുക്കണി. കണി കണ്ടതിന് ശേഷം അച്ഛന്റെയും അമ്മയുടെയും കൈയിൽ നിന്ന് കൈനീട്ടം. പിന്നെ വീടിന് പുറത്താണ് ബഹളം. പടക്കമയം. കന്പിത്തിരി മുതൽ ഓലപടക്കവും, ഗുണ്ടും, മാലപടക്കവും ഒക്കെയായി ഒരു പ്രഭാതം. പുതിയ ആശകൾക്ക്, ആഗ്രഹങ്ങൾക്ക് ഒക്കെ നിറവ് ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന രാത്രിയും പകലും തുല്യമായ ദിവസം. വിഷു. മലയാളിയുടെ സ്വന്തം കാർഷികോത്സവം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... കൊച്ചിയിൽ ലാന്റ് ചെയ്യാൻ ഇനി അരമണിക്കൂർ മാത്രം... സീറ്റ് ബെൽറ്റ് ധരിച്ചുവെന്ന് ഉറപ്പാക്കുക..ഇംഗ്ലീഷിൽ പതിയെയുള്ള ആ അനൗൺസ്മെന്റ് കാതുകളിലേയ്ക്ക് അലയടിച്ച് വന്നത് വിഷുവിനെ പറ്റിയുള്ള ചിന്തകളെ പിന്നോക്കം പായിച്ചു. തൊട്ടടുത്തിരുന്ന മക്കൾ അപ്പോഴും സീറ്റിന് മുന്പിൽ ഘടിപ്പിച്ച സ്ക്രീനിൽ കാണിച്ചു കൊണ്ടിരുന്ന ഫ്രോസൺ എന്ന ആനിമേഷൻ സിനിമയിൽ ലയിച്ചിരിപ്പായിരുന്നു. ഉറക്കം വരുന്നുണ്ടായിരുന്നുവെങ്കിലും ഫ്ളൈറ്റ് മോഡിലായിരുന്ന ആഡ്രോയിഡിന്റെ സ്ക്രീനിലേയ്ക്ക് കണ്ണോടിച്ചു. വാട്സ് ആപ്പ് മെസേജുകളിൽ വന്ന് നിറഞ്ഞ് കിടന്നിരുന്ന വിഷു ആശംസകളും, യാത്ര മംഗളങ്ങളും ഒരോന്നായി വായിച്ചു തുടങ്ങി. ഐശ്വര്യത്തിന്റെ കാഹളം മുഴക്കിയുള്ള മെസേജുകൾ. മൂന്നാമത്തെ മകൾ എന്റെ മടിയിൽ തന്നെ കിടന്ന് ചെറുതായി ഉറങ്ങി വരുന്നു. ഒരു കൊതി തോന്നി, അവളെ കണി കാണിക്കാൻ. പതിയെ മൊബൈലിന്റെ സ്ക്രീനിൽ തെളിഞ്ഞു വന്ന ഒരു വിഷുക്കണിയുടെ ചിത്രത്തെ നോക്കാൻ അവളോട് ഞാൻ പറഞ്‍ഞു. ചെവിയിൽ പണ്ടെപ്പോഴോ അമ്മ പറഞ്ഞ വാക്കുകളും ഓതി... പതുക്കെ കണ്ണുതുറന്നോളൂ... കണി കണ്ടോളൂ...
സ്ക്രീനിലേയ്ക്ക് ഒന്ന് നോക്കിയതിന് ശേഷം ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ദേഷ്യം സാമാന്യം ഭേദപ്പെട്ട ഒരു കരച്ചിലിലൂടെ അവൾ ആരംഭിച്ചു. നിങ്ങൾക്ക് സമാധാനമായില്ലേ എന്ന നോട്ടവുമായി വാമഭാഗവും മുഖം വീർപ്പിച്ചു. ഒടുവിൽ പുതിയൊരുതരം കളിപ്പാട്ടവുമായി എയർഹോസ്റ്റസ് വന്നപ്പോഴാണ് മകൾ വിഷുക്കണി കണ്ടതിന്റെ ദേഷ്യം മറന്നത്. കൊച്ചി എത്താറായപ്പോഴേക്കും ആവർത്തിച്ചുള്ള അനൗൺസ്മെന്റുകൾ തുടങ്ങി. അപ്പോഴൊക്കെ സ്ക്രീനിൽ ആവേശം നിറച്ച ഫ്രോസൺ കേരളത്തിൽ നിനച്ചിരിക്കാതെ വരുന്ന പവർകട്ട് പോലെ കട്ടാവാൻ തുടങ്ങി. മക്കൾക്ക് വീണ്ടും ദേഷ്യം വന്നു. എന്തിനാ ഇത്ര പെട്ടന്ന് കൊച്ചിയിലെത്തുന്നത് എന്നായി ചോദ്യം. വിഷുവല്ലേ, അതായിരിക്കും എന്ന ഉത്തരം എന്തായാലും അവരെ തീരെ തൃപ്തിപ്പെടുത്തിയില്ല.
വിഷുവായത് കാരണം യാത്രക്കാർ കുറവായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റിയെന്ന് തെളിയിക്കുന്നതായിരുന്നു എമിഗ്രേഷനിലെ ക്യൂ. കുട്ടികളെ കണ്ടപ്പോൾ സഹൃദയനായ പോലീസുകാരൻ ക്യൂവിന്റെ മുന്പിൽ കൊണ്ടു നിർത്തിയത് കൊണ്ട് പെട്ടന്ന് ആ ചടങ്ങ് തീർക്കാൻ സാധിച്ചു. ലഗേജിനായി കാത്ത് നിൽക്കുന്പോൾ ഡ്യൂട്ടി ഫ്രീയുടെ അകഭംഗിയിലേയ്ക്കായി എന്റെ ശ്രദ്ധ. മനം നിറച്ചു കൊണ്ട് അവിടെ തൂങ്ങിയാടുന്നു കണിക്കൊന്നകൾ. എന്തായാലും വിഷുവായിട്ട് കൊന്ന കാണാതിരുന്നില്ല എന്ന സമാധാനത്തിലായി അപ്പോൾ ഞാൻ. എന്നാൽ അടുത്തെത്തിയപ്പോഴാണ് ആ കൊന്ന പൂക്കൾ പ്ലാസ്റ്റിക്ക് ആയിരുന്നു എന്ന് മനസ്സിലാക്കുന്നത്.
പുറത്ത് സുഹൃത്ത് കാത്ത് നിന്നിരുന്നു. മുറിയിലേയ്ക്ക് പോകുന്പോൾ ചുറ്റും വെടിപ്പടക്കങ്ങളുടെ ശബ്ദമില്ല. ചോദിച്ചപ്പോൾ ഇന്നലെ വൈകുന്നേരം കുറച്ചൊക്കെ കേട്ടു എന്ന മറുപടി. ഇപ്പോൾ ആളുകൾക്ക് അതിലൊന്നും താത്പര്യമില്ലത്രെ. വെടിശബ്ദത്തിന്റെ നല്ല ഓഡിയോ സിഡി കിട്ടും. അത് ഉച്ചത്തിൽ വെക്കും. അല്ല പിന്നെ... വെറുതെ പടക്കം പൊട്ടിച്ച് പൈസ കളയ്യേ... വേറെ പണിയൊന്നുമില്ലെ... അതൊക്കെ വെറും നൊസ്റ്റാൾജിയക്കാരുടെ എഴുത്തുകളിൽ വായിക്കാമെന്നല്ലാതെ... സുഹൃത്തിന്റെ വാക്കുകൾ മുഴുവൻ കേൾക്കാൻ മനസ് വരാതെ കണ്ണുകളെ ഇറുകി പിടിച്ച് ഞാൻ മയക്കം നടിച്ചു.. അല്ലെങ്കിലും ഈ കണിയൊക്കെ വെറും കെണികൾ മാത്രമല്ലേ.. അല്ലേ... സുഹൃത്ത് തുടർന്ന് കൊണ്ടേയിരുന്നു !!!

