ഇത്തിക്കണ്ണികളാകരുത് പ്ലീസ്..
“കടം വാങ്ങുന്നത് മനുഷ്യരുടെ ഇടയിൽ സാധാരണയാണ്. എന്നാൽ ഒരിക്കലും തിരികെ തരില്ലെന്ന വിചാരത്തോടെ കടം വാങ്ങുന്നത് അത്ര സാധാരണമല്ല. നമുക്കും ശന്പളം കൊടുക്കേണ്ടേ. എത്രയാണ് ചെലവ് എന്നറിയുമോ. ഇവർ എന്താണ് വിചാരിച്ചിരിക്കുന്നത്. ബഹ്റിനിൽ ഒരു റസ്റ്റോറന്റ് നടത്തുന്ന സുഹൃത്തിന്റെ ആത്മരോക്ഷം സാന്പാർ പോലെ തിളച്ചുമറിയാൻ തുടങ്ങി.
അദ്ദേഹം പറഞ്ഞുതുടങ്ങിയത് പ്രവാസലോകത്തെ അസോസിയേഷൻ പ്രവർത്തനങ്ങളെ പറ്റിയായിരുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകൾ പ്രവർത്തിക്കുന്ന മേഖലയാണ് പ്രവാസലോകം. ഭൂരിപക്ഷം സംഘടനകളും അത്യാവശ്യം നല്ല കാര്യങ്ങൾ ചെയ്തു വരുന്പോൾ ചിലരെങ്കിലും വളരെ തരം താഴ്ന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു എന്നതാണ് സുഹൃത്തിന്റെ അഭിപ്രായം. വിരലിലെണ്ണാവുന്ന ചിലർ ചേർന്ന് അവരുടെ കുടുംബങ്ങളേയും കൂട്ടി ഒരു സംഘടനയുടെ പേരിൽ അദ്ദേഹത്തിന്റേതുൾപ്പെടെയുള്ള റസ്റ്റോറന്റുകളിൽ വലിയ പാർട്ടികൾ നടത്തും. നടത്തുന്നതിന് മുന്പ് തന്നെ വില പേശിയും, വരാൻ പോകുന്ന വിഐപി അതിഥിയുടെ പേരിലും, സ്പോൺസർഷിപ്പിലേയ്ക്ക് മാറ്റി മറിച്ചും ഏറ്റവും നല്ല റേറ്റ് തന്നെ സംഘാടകർ സംഘടിപ്പിച്ചിരിക്കും. ഗംഭീരമായി പാർട്ടിയൊക്കെ കഴിഞ്ഞ് എല്ലാവരും തിരിച്ചു പോകുന്പോൾ നാളെ കാണാമെന്ന് വാഗ്ദാനമായിരിക്കും റസ്റ്റോറന്റ് ഉടമയ്ക്ക് അസോസിയേഷൻ ഭാരവാഹി നൽകുന്നത്. പക്ഷെ പിന്നീട് അടുത്ത കാലത്തൊന്നും അദ്ദേഹം ആ റസ്റ്റോറന്റിന്റെഏഴയലത്ത് പോലും വരികയില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് പറഞ്ഞ് സമൂഹത്തിൽ അറിയപ്പെടുന്ന ചിലരുടെ പേര് കൂടി ഹോട്ടൽ സുഹൃത്ത് പറഞ്ഞപ്പോൾ ഇവരുടെ പടങ്ങളാണല്ലോ ദിവസവും പത്രത്തിൽ അച്ചടിക്കേണ്ടി വരുന്നതെന്ന് ഓർത്ത് വല്ലാത്ത ലജ്ജയാണ് തോന്നിയത്. ഈ രീതിയിൽ സൗജന്യസേവനം നടത്തി സ്ഥിരമായി പത്രത്താളുകളിൽ നിറഞ്ഞു നിന്ന പല റസ്റ്റോറാന്റുകളും പൂട്ടിപോയ അനുഭവങ്ങളും ബഹ്റിനിൽ ധാരാളമാണ്. ഇവിടെയുള്ള സംഘടനകളിലെയും, സ്കൂളുകളുടെയും ഇലക്ഷൻ മാമാങ്ക സമയത്ത് മാത്രം പൊട്ടിമുളക്കുന്ന പാനൽ സംഘടനകളും ഇത്തരത്തിൽ നിരവധി പേരെ പറ്റിച്ചിട്ടുണ്ടത്രെ. ഹാളും, ഭക്ഷണവും ബുക്ക് ചെയ്ത് ആയിരക്കണക്കിന് ദിനാർ കടം വെച്ചതിന് ശേഷം നാട്ടിലേയ്ക്ക് മുങ്ങിയ ഒരു പാനൽ ഭാരവാഹിയെ പറ്റിയും മറ്റൊരു റസ്റ്റോറന്റ് ഉടമ സൂചിപ്പിച്ചത് ഓർക്കുന്നു.
ഈ അനുഭവങ്ങൾ വാർത്താസമ്മേളനങ്ങൾക്കും, പാർട്ടികൾക്കും സ്ഥലമൊരുക്കുന്ന റസ്റ്റോറന്റ് മേഖലയിലുള്ളവർക്ക് മാത്രം ബാധകമാണെന്ന് കരുതേണ്ടതില്ല. ഇത്തരത്തിൽ പറ്റിക്കപ്പെടുന്ന മറ്റൊരു വിഭാഗം ശബ്ദ ക്രമീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും, ഗാനമേള പരിപാടിയാണെങ്കിൽ ഓർക്കസ്ട്രയിൽ പങ്കെടുക്കുന്നവരുമാണ്. പരിപാടി തീരുന്നത് വരെ ഇവരുടെ കൈയും കാലും പിടിക്കുന്ന സംഘാടകർ പിന്നീട് ഫോണിൽ “ഡോണ്ട് പിക്ക്” എന്ന പേരിട്ട് മാറ്റിവെക്കപ്പെടുന്നവരായി ഈ പാവങ്ങൾ മാറുന്നു.
പറ്റിക്കപ്പെടുന്ന മറ്റൊരു വിഭാഗം ഫോർ പി.എം പോലുള്ള ദൃശ്യ അച്ചടി മാധ്യമങ്ങളാണ്്. ഒരു പരിപാടി പ്രഖ്യാപ്പിക്കുന്പോൾ അത് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നവരാണ് എല്ലാ മാധ്യമങ്ങളും. ജീവകാരുണ്യ പ്രവൃത്തിക്ക് വേണ്ടിയാണ് ഒരു േസ്റ്റജ് പരിപാടിയോ അസോസിയേഷൻ പരിപാടികളോ സംഘടിപ്പിക്കുന്നതെങ്കിൽ തീർച്ചയായും അതിനെ മനസ്സിലാക്കാം. എന്നാൽ സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള ഒരു ജോലിയായി ഇതിനെ കാണുന്നവർ പോലും സൗജന്യമായി എല്ലായിടത്തും പരസ്യങ്ങൾ ആഗ്രഹിക്കുന്പോൾ അവരോട് എല്ലാ മാധ്യമസുഹൃത്തുക്കളും തോന്നുന്ന വികാരം ഹാ കഷ്ടം എന്ന് തന്നെയായിരിക്കും. ഇനി അഥവാ ചെറിയ തുകയ്ക്ക് പരസ്യങ്ങൾ ബുക്ക് ചെയ്തു എന്ന് തന്നെയിരിക്കട്ടെ, മിക്കവരും ആ പണം മിക്കപ്പോഴും തരാൻ ശ്രമിക്കാറില്ല എന്നതാണ് സത്യം. അത് വിപ്ലവ ചാനലിന്റെ പേജന്റ്റി ആയാലും ശരി ന്യൂ ജനറേഷന്റെ തുള്ളൽകളിയായാലും ശരി, അനുഭവം തഥൈവ.
നാല് പേർ കൂടിയാൽ അസോസിയേഷനുകൾ ഉണ്ടാക്കുവാൻ ഏറെ മിടുക്കരാണ് നാം. തീർച്ചയായും അതിന്റെ ഉപകാരങ്ങൾ സമൂഹത്തിന് ലഭിക്കുന്നുമുണ്ട്. ഗൾഫ് നാടുകളിൽ തന്നെ ഏറ്റവുമധികം സംഘം ചേർന്ന് പ്രവർത്തിക്കുന്ന ഒരുസമൂഹമാണ് നമ്മൾ മലയാളികളുടേത്. നിരവധി ജീവകാരുണ്യ പ്രവൃത്തികൾ ഏക മനസോടെ ഇത്തരം സംഘടനകൾ ചെയ്തുവരുന്നുണ്ട്. ഇവർക്ക് കൂടി നാണക്കേടാണ് മുന്പ് സൂചിപ്പി
ച്ച ഇത്തികണ്ണിസംഘടനകൾ. ഇവർ ഒരു കാര്യം മനസിലാക്കുക. ഒരു സംഘടനയായി പ്രവർത്തിച്ചു തുടുങ്ങന്പോൾ അവർ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. അതാണ് ആ സംഘടനയെയും, അതിനെ നയിക്കുന്നവരെയും വിശ്വസിക്കാൻ കൊള്ളുന്നവരാക്കി മാറ്റുന്നത്. ഇല്ലെങ്കിൽ ഇവരെ ഏറ്റവും കുറഞ്ഞത് കടം കൊടുത്തവരെങ്കിലും കാണുന്നത് ബഹുമാനം അർഹിക്കാത്ത വിലകുറഞ്ഞ കോമാളി
സംഘമായിട്ടായിരിക്കും, ഉറപ്പ്.!!

