മാറേണ്ട വാർദ്ധക്യം...


നമ്മുടെ നാടായ കേരളത്തിൽ സമീപ കാലത്തായി സ്ഥിരമായികേൾക്കുന്ന ഒരു വാർത്തയാണ് പ്രായമായ മാതാപിതാക്കളെ 
എവിടെയെങ്കിലും ഉപേക്ഷിച്ച് കടന്നുകളയുക എന്നത്. ഇന്ന് രാവിലെ ഓഫീസിലെത്തിയപ്പോൾ അതു പോലെയൊരു വാർത്തയും കൂടി ശ്രദ്ധയിൽ പെട്ടു. എറണാകുളം ചന്പക്കലിലെ പരേതനായ മത്തായി എന്നയാളുടെ ഭാര്യയും തൊണ്ണൂറ് വയസ്സുകാരിയുമായ മേരിയെയാണ് മകൾ ഷേർളി തന്റെ വീടും ഗേറ്റും പൂട്ടി റോഡിലിറക്കി നിർത്തി മൂന്നാറിലേയ്ക്ക് ഉല്ലാസയാത്രയ്ക്ക് പോയത്. ഒടുവിൽ ജനമൈത്രി പോലീസെത്തി വെള്ളവും ഭക്ഷണവും നൽകി ഇവരെ തൃപ്പൂണിത്തറ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ അമ്മൂമയെ സംരക്ഷിക്കാൻ തയ്യാറായി മുന്പോട്ട് വന്ന കൊച്ചുമകന്റെയൊപ്പം ഈ അമ്മയെ പറഞ്ഞുവിട്ടിരിക്കുകയാണ്. ഇവർക്ക് മക്കളായി നാലാണും, നാല് പെണ്ണുമാണുള്ളത്. ആകെ മൊത്തം എട്ട് മക്കൾ. ഇതിൽ ഒരു മകനും, മകളും മാത്രമാണ് നാട്ടിലുള്ളത്. ബാക്കിയുള്ളവരെല്ലാം വിദേശത്താണ് താമസം.

ഇത്തരം വാർത്തകൾ ഒരു ചെറു മഴ പോലെ പെയ്തൊഴിയുന്നത് വരേക്കും ഞാനും നിങ്ങളുമൊക്കെ കണ്ണീരണിയും. ഫേസ് ബുക്കിൽ  അവരുടെ മക്കളെ കുറേ നേരം ചീത്ത പറയും. പക്ഷെ ഇനിയുള്ള കാലത്ത് ഇത്തരം കാഴ്ച്ചകൾ സാധാരണയായിരിക്കുമെന്ന് പറയാതിരിക്കാൻ വയ്യ. കാരണം ഇന്നിന്റെ ലോകം തന്നെ സ്വാർത്ഥതയിൽ അധിഷ്ഠിതമായിരിക്കുന്നു. അതിൽ സ്നേഹത്തിന്റെ ലാഞ്ചന വളരെയേറെ കുറവാണ്. അത് കൊണ്ട് തന്നെ വാർദ്ധക്യത്തെ പറ്റിയുള്ള നമ്മുടെ പാരന്പര്യ ചിന്തകൾ മാറ്റിവെക്കേണ്ട സമയമായിരിക്കുന്നു. വാർദ്ധക്യം ഒറ്റപ്പെടലിന്റെ കാലമാണെന്ന ചിന്തയാണ് വാർദ്ധക്യം അനുഭവിക്കുന്നവരും  അതിലേയ്ക്ക് കാലെടുത്തുവെക്കുന്നവരും ആദ്യം എടുത്തുമാറ്റേണ്ടത്.  

ഈ വിഷുവിനും നിങ്ങൾ രണ്ടുപേരും തനിച്ചായിരുന്നല്ലേ എന്ന ചോദ്യം പ്രവാസികളായ നമ്മുടെ മാതാപിതാക്കളോട് നാട്ടുക്കാരിൽ പലരും ഇത്തവണയും ചോദിച്ച ചോദ്യമായിരിക്കാം. രണ്ടുപേരും കൂടിയാൽ എങ്ങിനെയാണ് തനിച്ചാവുക എന്നത് ഒരിക്കലും ആ നേരത്ത് ചിന്തിക്കാറില്ല. മക്കൾ ഇല്ലാത്തത് കൊണ്ട് ബോറടിയായിരിക്കും അല്ലെ എന്നത്  അയൽവാസികളായവർ പെൻഷൻ പറ്റി വിശ്രമജീവിതം നയിക്കുന്നവരോട് ചോദിക്കുന്ന മറ്റൊരു ചോദ്യമാണ്. ഇത്തരം ചോദ്യങ്ങളാണ് നമ്മുടെ നാട്ടിൽ വാർദ്ധക്യത്തെ മടുപ്പിക്കുന്നത്. ജീവിതത്തിന്റെ ഓരോ അവസ്ഥയിലും അതിന്റെ ഗതിവിഗതികൾ മാറുന്നുണ്ട് എന്ന യാത്ഥാർത്ഥ്യം തിരിച്ചറിയാത്തവരാണ് ഇത്തരം ചോദ്യങ്ങളുമായി രംഗത്ത് വരുന്നത്. ശൈശവത്തിലും, ബാല്യത്തിലും മാതാപിതാക്കളുടെ വാത്സല്യം, ടീനേജിൽ പ്രണയത്തിന്റെ ചാപല്യം, യൗവനത്തിൽ കരുത്തിന്റെ പര്യായം, മധ്യവയസെത്തുന്പോൾ ജീവിതത്തിൽ വിജയിച്ച പോരാളി, അങ്ങിനെ ഓരോ ഘട്ടത്തിലും നമ്മുടെ മുഖം മാറുന്നു. അത്തരമൊരു മാറ്റം മാത്രമാണ് വാർദ്ധക്യവും നമുക്ക് സമ്മാനിക്കുന്നത്. അനവധി നിരവധി റോളുകൾ ഇങ്ങിനെ മാറി മറയുന്നതാണ് ജീവിതം. 

വാർദ്ധക്ക്യത്തിന്റെ അവസ്ഥയിലെത്തുന്പോഴേക്കും നമ്മൾ ഓർക്കേണ്ടത് നമുക്കുണ്ടായിരുന്ന നല്ല ജോലിയെ പറ്റിയാണ്. നമുക്ക് ലഭിച്ചിരിക്കുന്ന നല്ല ജീവിത പങ്കാളിയെ പറ്റിയാണ്. ബാങ്കിൽ ബാക്കിയാക്കിയിരുന്ന അദ്ധ്വാനത്തിന്റെ ബാക്കിപത്രമായ സന്പത്തിനെ പറ്റിയാണ്. ആഗ്രഹിച്ചിരുന്ന ചില വിനോദങ്ങളുടെയെങ്കിലും പൂർത്തീകരണത്തെ പറ്റിയാണ്. വാർദ്ധക്യത്തിന്റെ നാളുകളിൽ ഒരു കൗമാരക്കാരന്റെ പേടി സ്വപ്നമായ പ്രോഗ്രസ് കാർഡിനെപറ്റിയോ,
ടാർജറ്റ് എത്താതിനെ പറ്റിയോ, രാവിലെ എഴുന്നേറ്റ് ഓഫീസിൽ പോകുന്നതിനെ പറ്റിയോ ഒന്നും ചിന്തിക്കേണ്ടതില്ലെന്നും ഓർക്കുക. 
പെൻഷൻ പറ്റുന്പോഴാണ് ഒരാൾ ചുറ്റമുള്ള കാര്യങ്ങളെ കൂടുതൽ സൂക്ഷ്മമായി പഠിക്കേണ്ടത്. ഉദാഹരണത്തിന് ഒരു ചോക്ലേറ്റ് കഴിക്കുകയാണെങ്കിൽ തന്നെ ആ ചോക്ലേറ്റിന്റെ രുചി പൂർണ്ണമായും മനസ്സിലാക്കി പതുക്കെ അത് കഴിച്ച് ശീലിച്ചുതുടങ്ങുക. ഈ പ്രായത്തിൽ വേഗത ആരും ആവശ്യപ്പെടില്ല. വാർദ്ധക്യം കടന്നുവന്നാൽ ജീവിതപങ്കാളിയുമായി കുറേ ഏറെ നേരം ചെലവഴിക്കാനും ശ്രമിക്കണം. കുട്ടികൾ പറക്കാൻ പ്രായമായാൽ തീർച്ചയായും പറക്കും. അതിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല. കാരണം ചിറകുകൾ തുന്നിചേർത്തതും ഇതേ മാതാപിതാക്കൾ തന്നെയാണ്. എന്നാൽ ആ നേരത്തും കൂടെയുണ്ടാകുന്നത് ജീവിത പങ്കാളി മാത്രമായിരിക്കും. സമയബന്ധിതമായ ജോലിക്ക് പകരം ഈ പ്രായത്തിൽ ഏത് സമയത്തും ചെയ്യാനാകുന്ന ഒരു ജോലി കണ്ടുപിടിക്കുക. സന്പാദ്യത്തിന് വേണ്ടിയല്ല, മറിച്ച് മനസ് സജീവമായിരിക്കാനാണ് ഇത്. തൊണ്ണൂറാം വയസ്സിലും കുത്തിയിരുന്ന് മുറ്റത്തുള്ള പുല്ല് പൊരിച്ച് കളഞ്ഞിരുന്ന മുത്തശ്ശിയെ ഓർത്തുപോകുന്നു. പ്രായമായാൽ കൈവശം കുറച്ചെങ്കിലും പണം ബാക്കി വെയ്ക്കുക.  മക്കളോടാണെങ്കിലും
പണം ചോദിക്കുന്നത് ഇനിയുള്ള കാലത്ത് അത്ര നല്ല ഏർപ്പാടായിരിക്കില്ല. അതുകൊണ്ട് പെൻഷൻ കിട്ടുന്ന ഇൻഷൂറൻസ് പോളിസി ഇപ്പോഴേ എടുത്തുവെയ്ക്കുക. പഴയ വിനോദങ്ങളെ തിരിച്ച് വിളിക്കുക. ഇനിയെങ്കിലും മക്കൾക്ക് വേണ്ടിയല്ല തങ്ങൾ ജീവിക്കേണ്ടതെന്ന്
തിരിച്ചറിയുക. 

വാർദ്ധക്യം എന്നത് ജീവിതത്തിൽ കിട്ടുന്ന എക്സ്ട്രാ ടൈമാണ്. നേടാൻ അവശേഷിച്ച ഗോളുകൾ ഈ സമയത്ത് നേടുക. എങ്കിൽ തീർച്ചയായും നിങ്ങളെയും കാത്തിരിക്കുന്നത് ഒരു ഉത്സവകാലം തന്നെയായിരിക്കും, തീർച്ച!! 

You might also like

  • Lulu Exchange
  • Straight Forward

Most Viewed