താണ്ടേണ്ടത് കിച്ചാങ്കനിയിലേക്കുള്ള ദൂരം..


“എങ്ങിനെയാണ് മുന്പോട്ട് പോകുക എന്നത് ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്. പക്ഷെ പറ്റാവുന്നത്ര രീതിയിൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം കൊണ്ട് ഞാൻ മുന്പോട്ട് പോവുക തന്നെ ചെയ്യും”. വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണം തന്നെയാണ് ദൈവം എന്ന തിരിച്ചറിവ് ലഭിച്ച തിരുവനന്തപുരം സ്വദേശിനിയായ അശ്വതി നായർ സംസാരിച്ച് തുടങ്ങിയപ്പോൾ ആർഭാടത്തോടെ ആവശ്യത്തിലധികം ഭക്ഷണം വെറുതെ പാഴാക്കി കളയുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായ എന്റെയും തല താഴ്ന്നു തുടങ്ങി. എല്ലാ വർഷവും ഒരു ദിവസം പാവങ്ങൾക്ക് അന്നദാനം കൊടുത്ത് അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് അത് പത്രത്തിൽ വരുന്നത് പോലെയുള്ള സുഖമുള്ള ഏർപ്പാടല്ല ജ്വാല എന്ന സംഘടനയിലൂടെ 110 പേർക്ക് എല്ലാ ദിവസവും അശ്വതി ചെയ്യുന്നതെന്ന് മനസിലാക്കി വരുന്പോഴാണ് അവരുടെ സേവനത്തിന്റെ മഹത്വം പതിയെ നമ്മൾ മനസിലാക്കി തുടങ്ങുക. അശ്വതി കേരളത്തിലെ ഒരു സാധാരണ പെൺകുട്ടി ആണ്. മെഡിക്കൽ റെപ്രസെന്റീറ്റിവായി ജോലി ചെയ്യുന്ന അശ്വതിയുടെ അനുജത്തിയും അതേ ജോലി തന്നെയാണ് ചെയ്യുന്നത്. ചെറുപ്പം മുതൽ വിശപ്പിന്റെ വിലയറിഞ്ഞ് ജീവിച്ച അശ്വതിയുടെ അമ്മയും കഠിനാധ്വാനിയാണ്. ഇവരുടെ വരുമാനമായിരുന്നു ജ്വാലയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് അറിഞ്ഞു സഹായിക്കേണ്ടത് സമൂഹത്തിന്റെകടമയാണെന്ന് വിശ്വസിക്കുന്ന ആളാണ് അശ്വതി. അതു കൊണ്ട് തന്നെ ആരുടെ മുന്നിലും കൈനീട്ടാൻ തുനിയാറില്ല.

നമ്മുടെ നാട്ടിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ തന്നെ വലിയൊരു വ്യവസായമായി വളർന്നു വരുന്ന മേഖലയാണ്. ഏത് വലിയ ക്രിമിനൽ കുറ്റവാളിയെയും ജീവകാരുണ്യം എന്ന കന്പളം പുതപ്പിച്ചു കഴിഞ്ഞാൽ മഹത്തുക്കളായി മാറുന്ന നാടാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. അതിൽ നിന്നും ഏറെ വ്യത്യസ്തയാണ് അശ്വതി. തന്നെ കൊണ്ട് ചെയ്യാൻ സാധിക്കുന്നത് മാത്രം അവർ ചെയ്യുന്നു. ജീവകാരുണ്യ ഫെസ്റ്റിവലിന് അവർ പോകുന്നില്ല.

അശ്വതിയെ പോലെ തന്നെ വ്യത്യസ്തമായി ചില പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ചെറുപ്പക്കാരിയെ കൂടി ഇവിടെ പരിചയപ്പെടുത്തട്ടെ. മലയാളിയാണെങ്കിലും ഇവരുടെ പ്രവർത്തന മണ്ധലം ഇപ്പോൾ കേരളമല്ല. ആഫ്രിക്കയിലെ ടാൻസാനിയൻ ഗ്രാമമായ കിച്ചാങ്കനി എന്ന കുഗ്രാമത്തിലെ മനുഷ്യർക്കായി പുസ്തകങ്ങൾ ശേഖരിക്കുകയാണ് കൊല്ലം പെരുമൺ സ്വദേശിയായ സോമി സോളമൻ എന്ന ഈ പെൺകുട്ടി.

ഈ പുതുവർഷദിനത്തിൽ കിച്ചാങ്കനി ഗ്രാമത്തിന് കുടിവെള്ളത്തിനായൊരു കിണർ‍, കുട്ടികൾക്ക് പഠിക്കാനൊരു സ്‌കൂൾ‍, തുടങ്ങിയ ലക്ഷ്യങ്ങൾ വിവരിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടതോടെയാണ് സോമി ശ്രദ്ധേയയായത്. കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തോടൊപ്പം ടാൻസാനിയയിൽ‍ താമസിക്കുന്ന സോമി സോളമനിലൂടെയാണ് ഇന്ന് കിച്ചാങ്കനി ഗ്രാമം സ്വപ്‌നങ്ങൾ കാണുന്നത്. ഗ്രാമസഭ വിട്ടുകൊടുത്ത രണ്ടുമുറിക്കെട്ടിടത്തിൽ ലൈബ്രറി തുടങ്ങിയാണ് സോമി ആദ്യഘട്ടത്തിന് തുടക്കംക്കുറിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന കിച്ചാങ്കനിയിലെ എല്ലാ പ്രായക്കാർക്കും വായിക്കാനും അറിവ് പകരാനുമായ ഇംഗ്ലീഷ് പുസ്തകങ്ങൾ ആണ് അവർ ശേഖരിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള നിരവധി ആളുകൾ ഇപ്പോൾ സോമിയുടെ സ്വപ്‌നങ്ങൾക്ക് നിറപകിട്ട് കൂട്ടാനായി പിന്തുണയുമായി കൂടെയുണ്ട്. മറ്റുള്ളവരെ കുറ്റം പറയാനും വിമർശിക്കാനും മാത്രം ഫേസ്ബുക്കുപോലുള്ള സോഷ്യൽ‍ മീഡിയകൾ ഉപയോഗിക്കുന്നവർ‍ക്ക് നല്ലൊരു വഴിക്കാട്ടിയാണ് സോമി സോളമൻ. അതിന്റെ വിശാല സാധ്യതകൾ ഉപയോഗിച്ച് ഈ ഭൂമിയിലെ കുറച്ചെങ്കിലും മനുഷ്യർക്ക് അറിവിന്റെ വെളിച്ചം പകരാനുള്ള ശ്രമത്തിലാണ് സോമി.

സോമിയെയും, അശ്വതിയെയും പോലെ വ്യത്യസ്തമായി ചിന്തിക്കുന്ന ഏറെ സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. അവരെപറ്റി പലപ്പോഴും സമൂഹം അറിയുന്നത് പോലുമില്ല. പകരം നമ്മൾ അറിയുന്നത് ചാരിത്ര്യ പ്രസംഗം നടത്തുന്ന അഭിനവ വാസവദത്തക്കളെയാണ്. അതാണ് നമ്മൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തവും! തെരുവുവേശ്യകളുടെ സാരിത്തുന്പിൽ നിന്നും കിച്ചാങ്കനിയിലേയ്ക്കുള്ള യാത്രയാണ് ഇന്ന് മലയാളി താണ്ടേണ്ടത് !!

You might also like

  • Lulu Exchange
  • Straight Forward

Most Viewed