അഡൽട്സ് ഓൺലി കേരളം...
കേരളത്തിൽ മറ്റൊരു പെണ്ണുമില്ലേ.. ചോദിച്ചത് എന്റെ അടുത്ത ബന്ധുവായ ഒരു സ്ത്രീ തന്നെയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ വൈകീട്ട് വരെ നമ്മുടെ വിഡ്ഢിപ്പെട്ടികൾ വിളന്പുന്ന സരിതോർജ്ജ വാർത്തകളാണ് ആളെ പ്രകോപിതയാക്കിയത്. അവരുടെ ചോദ്യം കേട്ടപ്പോഴാണ് ഞാനും അതെ പറ്റി ചിന്തിച്ചു തുടങ്ങിയത്. കേരളത്തിൽ മറ്റൊരു പ്രശ്നവുമില്ലേ എന്നായി മാറി എന്റെ ചിന്ത.
കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളജനതയെ മുൾമുനയിൽ നിർത്തിയ മാണി−-ജോർജ്ജ് തർക്കത്തിന്റെ പരിസമാപ്തി കുറിച്ചു കൊണ്ടാണ് സരിത എന്ന ബോംബ് ചെറിയൊരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പൊട്ടിതുടങ്ങിയത്. ജോർജ്ജിന്റെ കാര്യത്തിൽ ഒടുവിൽ വിധി പ്രഖ്യാപനം ഇന്നലെ രാത്രിയോടെ വന്നു. പൂഞ്ഞാറിലെ പുകഞ്ഞ കൊള്ളിയെ തള്ളി പുൽപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് മാന്യനായി. അതിന് ശേഷം ഈ കുറിപ്പെഴുതുന്നത് വരെയും പി.സി. ജോർജ്ജിന് രണ്ടാഴ്ച്ച മുന്പ് വരെ മാണി സാറായിരുന്ന നേതാവിനെ ജോർജ്ജ് തന്നെ വെറും മാണി എന്നും ചിലപ്പോൾ അതോടൊപ്പം മറ്റു പലതും കൂട്ടി വിളിക്കുന്നത് നമ്മൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഇതൊക്കെ നമ്മുടെ രാഷ്ട്രീയത്തിലെ ഏറ്റവും വൃത്തികെട്ട അശ്ലീലതകളാണ് എന്ന് തിരിച്ചറിയാതെ ജനാധിപത്യം ജീർണിച്ചിരിക്കുന്നു എന്ന് പറഞ്ഞ് അതേ ജീർണത മുല്ലപ്പൂവിന്റെ മണം പോലെ നമ്മൾ ജനങ്ങൾ സുഖമായി ആസ്വദിക്കുന്നു.
നമ്മൾ നമ്മെ ഭരിക്കാൻ തിരഞ്ഞെടുത്തവരെല്ലാം കള്ളമാരും, കൊള്ളക്കാരും, സ്ത്രീലന്പടൻമാരുമാണോ എന്ന ചിന്ത പോലും മുതിർന്നവരെന്നും പ്രായപൂർത്തിയായവരെന്നും അവകാശപ്പെടുന്ന നമുക്ക് ഉണ്ടാകുന്നില്ല. അടുത്ത തവണയും സമ്മതിദാനവകാശം ഉപയോഗിക്കാൻ നീണ്ട ക്യൂവിന്റെ ഒരറ്റത്ത് അനുസരണയുള്ള മൃഗത്തിനെ പോലെ ഒരു മുറുമുറുപ്പുമയർത്താതെ നമ്മൾ ഇങ്ങിനെ നിന്നുകൊടുക്കുമെന്നതും തീർച്ചയാണ്. സത്യത്തിൽ നമുക്ക് ഇന്നുള്ളത് വെറും നെടുവീർപ്പുകൾ മാത്രമാണ്. എന്ത് ചെയ്യാൻ എന്ന ആത്മരോദനമാണ് നമ്മൾ ഓരോ ശ്വാസത്തിലും സ്വയം പറഞ്ഞു കൊണ്ടിരിക്കുന്നത്. ഒരു തലമുറ ഇങ്ങിനെയാണെങ്കിൽ രാഷ്ട്രീയത്തിൽ വിശ്വാസം നഷ്ടമാകുന്ന മറ്റൊരു തലമുറ ഇവിടെ വളർന്നുവരുന്നുണ്ട് എന്നത് നമ്മൾ മനസിലാക്കണം. ജനാധിപത്യത്തിന്റെ പരിമിതികളാണ് അവർ തിരിച്ചറിയുന്നത്. ഏറ്റവും അപകടകരമായ ഒരു കാര്യമാണിത്. ഓരോ നിമിഷവും നേതാക്കൻമാരുടെ നെറികെട്ട രാഷ്ട്രീയക്കളികൾ നേരിട്ടുകാണുന്പോൾ രാഷ്ട്ര നിർമ്മാണത്തിനായി പ്രയത്നിക്കുന്നു എന്ന് കരുതിയ അവരോട് ആദരവല്ല ഇവർക്ക് തോന്നുന്നത് മറിച്ച് നിറഞ്ഞ പുച്ഛം മാത്രമാണ്. അവരുടെ മുഖത്ത് നോക്കി കാറി തുപ്പാൻ ഒരു അവസരം യുവജനങ്ങൾക്ക് കൊടുത്താൽ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത് വെള്ളപ്പൊക്കമായിരിക്കും. ഒരു കുറ്റവും ചെയ്യാതെ അഞ്ച് വർഷത്തെ നിർബന്ധിത തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധികളായ തടവുകാരാണ് തങ്ങളെന്ന് അവർ വേദനയോടെയും രോക്ഷത്തോടെയും മനസ്സിലാക്കുന്നുണ്ട്. ഇങ്ങിനെ ജനാധിപത്യത്തിനെ പരിഹാസ്യത്തോടെ കാണുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നവരാണ് ഇന്നത്തെ രാഷ്ട്രീയക്കാർ. ഖദറിട്ട് നടക്കുന്നവരെല്ലാം വെറും പിന്പുകളാണെന്ന് പോലും സാധാരണക്കാരൻ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇത് ഖേദകരമാണ്.
ഇതിന്റെ മറ്റൊരു അപകടം ക്രിമിനലുകളുടെ മനസ്സുള്ള ചിലരെങ്കിലും ഇന്ന് ന്യൂ ജനറേഷൻ യുവാക്കളിലുമുണ്ട്. തങ്ങൾക്ക് പറ്റിയ ഏറ്റവും നല്ല മേഖല രാഷ്ട്രീയമാണെന്ന് അവരും മനസ്സിലാക്കും. രാഷ്ട്രീയത്തിന്റെ മറവിൽ അങ്ങിനെ കൂടുതൽ ക്രിമിനലുകൾ നമ്മുടെ നാട്ടിൽ വളർന്നുവരും. അപ്പോൾ മറ്റൊരു ബിഹാറും, ഉത്തർപ്രദേശുമാകാൻ കേരളത്തിന് അധികം നാളുകൾ വേണ്ട.
കഴിഞ്ഞ ദിവസം സരിതയുടെ കത്ത് പുറത്ത് വന്നപ്പോൾ കൊച്ചുപുസ്തകങ്ങൾ വായിച്ച് നല്ല ശീലമുള്ള മലയാളിക്ക് അതിലും മെച്ചപ്പെട്ട വായനാനുഭവം സമ്മാനിക്കുകയായിരുന്നു മലയാളത്തിലെ ദൃശ്യമാധ്യമങ്ങളും, സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകളും. പ്രായപൂർത്തിയായവർക്ക് മാത്രം മനസ്സിലാകുന്ന കാര്യങ്ങൾ എഴുതി വെച്ചിട്ടുള്ള കത്തിലെ പ്രസക്തഭാഗങ്ങൾ ചാനലുകളിൽ തുടരെ തുടരെ കാണിച്ചപ്പോൾ മാനസിക വൈകൃതമുള്ള ഒരു സമൂഹത്തിന്റെ നേർ കണ്ണാടിയായി അത് മാറി എന്നതാണ് സത്യം. നിങ്ങൾക്ക് വേണ്ടത് തന്നെ നിങ്ങൾ കണ്ടു കൊള്ളൂ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് ചാനലുകൾ അവരുടെ റേറ്റിങ്ങ് കൂട്ടിയപ്പോൾ നമ്മൾ തുറിച്ച കണ്ണുകളുമായി അവ കണ്ടും കേട്ടും ആസ്വദിച്ചു. മുന്പ് അമേരിക്കയുടെ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സെക്രട്ടറി മോണിക്ക ലെവിൻസ്കി ഒരു പുസ്തകം എഴുതിയപ്പോൾ അത് ഏറ്റവുമധികം വിറ്റു പോയ മാർക്കറ്റ് കേരളമായതിന്റെ കാരണം സന്പൂർണ സാക്ഷരതയാണെന്ന് പറഞ്ഞ ഒരു സുഹൃത്തിനെ ഓർത്തു കൊണ്ട് നിർത്തുന്നു.

