ചുമടുതാങ്ങികൾ...
“ചുമടുതാങ്ങികൾ”. ചിലപ്പോൾ ഈ പേര് പുതിയ തലമുറയ്ക്ക് അപരിചിതമായിരിക്കും. വലിയ ചുമടുകൾ തലയിലേറ്റിയുള്ള ദീർഘ യാത്രയ്ക്കിടയിൽ ക്ഷീണിതരാകുന്പോൾ ചുമട് ഇറക്കി വെയ്ക്കാനുള്ള ഇടമാണിത്. നേരം വെളുക്കുന്നതിനു മുന്പ് തന്നെ തലയിലും ചുമലുകളിലും ചുമടുമായി പട്ടണങ്ങളെ ലക്ഷ്യമാക്കി പോകുന്നവർ തങ്ങളുടെ ചുമടുകൾ ഇറക്കിവെച്ച് വിശ്രമിച്ചിരുന്നത് പാതയോരത്ത് തീർത്ത ഇത്തരം ചുമടുതാങ്ങികളിലായിരുന്നു. ഇന്നും കേരളത്തിന്റെ പല ഭാഗങ്ങളിലും ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലുമായി കാലാതീതമായി അൽപ്പമെങ്കിലും ചുമടുതാങ്ങികൾ ബാക്കി നിൽക്കുന്നുണ്ട്.
വാഹനങ്ങൾ പ്രചാരത്തിലില്ലാത്ത പഴയ നാളുകളിൽ കാളവണ്ടിയിലും കാൽനടയായും ചുമടുമായി പോകുന്നവർക്ക് പാതയോരങ്ങളിൽ നിശ്ചിത അകലങ്ങളിലായി സ്ഥാപിച്ച ചുമടുതാങ്ങികൾ ഏറെ പ്രയോജനപ്പെട്ടിരുന്നു. ചെങ്കല്ല് കൊണ്ടോ, കരിങ്കല്ല് കൊണ്ടോ കെട്ടിയുണ്ടാക്കിയതാണ് അത്താണി എന്നും വിളിക്കുന്ന ചുമടുതാങ്ങികൾ. തലയിൽ നിന്ന് നേരിട്ട് ചുമട് താങ്ങിയിലേക്കും, തിരിച്ചു തലയിലേക്കും പരസഹായമില്ലാതെ ചുമട് മാറ്റാൻ കഴിയുന്ന തരത്തിലാണ് ഇതിന്‍റെ നിർമ്മാണം. ഇതിന് സമീപത്തായി കാളകൾക്ക് വെള്ളം കുടിക്കാനായി കരിങ്കല്ലുകൾ കൊണ്ട് ചെത്തിയുണ്ടാക്കിയ ജലസംഭരണികളും ചെങ്കല്ലിൽ കെട്ടിയ ചെറിയ കുളങ്ങളും ഉണ്ടായിരുന്നു. ഇന്ന് കാലപ്പഴക്കത്താൽ ആ ജലസംഭരണികൾ കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും റോഡരികിൽ കരിങ്കല്ലുകൾ ഇളകിയ നിലയിലുള്ള ചുമടുതാങ്ങികൾ പഴയ തലമുറയ്‍ക്ക് ഒളിമങ്ങാത്ത ഓർമ്മകളും പുതുതലമുറക്ക് കൗതുകവും സമ്മാനിച്ച് ഇന്നും അവിടെ തന്നെ നില്‍ക്കുകയാണ്. ഞാൻ കളിച്ചു നടന്ന നാടിന്റെ പേരും ചുമടുതാങ്ങി എന്നായിരുന്നു. ഇവിടെയും മുന്പ് വലിയൊരു ചുമടുതാങ്ങിയുണ്ടായിരുന്നവെന്നാണ് നാട്ടിലെ പഴമക്കാർ പറയുന്നത്.
ഇന്ന് നമ്മളൊക്കെ മുൻ തലമുറകളെക്കാൾ അധികം യാത്ര ചെയ്യുന്നവരാണെങ്കിലും ആ പഴയ ചുമടുതാങ്ങികളെ നമ്മൾ ഉപയോഗിക്കാറില്ല. അതിന് കാരണമായത് കൂടുതൽ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ തന്നെ. മുന്പ് നടന്നും കാളവണ്ടിയിലും പോയ നമ്മൾ ഇന്ന് ഹൈ സ്പീഡ് കാറുകളിലും, വിമാനങ്ങളിലും പറക്കുന്നു. ഓരോ തവണയും നാട്ടിലേയ്ക്ക് യാത്ര ചെയ്യുന്പോൾ വിമാനത്തിനായി കുറേ സമയം കാത്തിരിക്കുന്നവരാണ് നാം. പലപ്പോഴും ആ ഇരിപ്പ് മുന്പ് സൂചിപ്പിച്ച ചുമുടുതാങ്ങികളിൽ ഇരിക്കുന്നത് പോലെയാണ്. അവിടെ ഇറക്കിവെക്കുന്നത് തലചുമട് അല്ല മറിച്ച് മനസിന്റെ ഭാരങ്ങളാണെന്ന് മാത്രം. ഒരിടത്ത് നിന്ന് മറ്റേയിടത്തേയ്ക്ക് പോകുന്പോൾ ഇത്തരം ചില ഭാരങ്ങൾ നമ്മൾ കൊണ്ടു പോകും. കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത, തൂക്കി നോക്കാൻ പറ്റാത്ത ഇത്തരം ഭാരങ്ങൾക്കാണ് ഏതൊരു വലിയ ലഗേജിനെക്കാളും കനമുള്ളത്. യാത്രവേളകളിൽ ഇത്തരം സ്ഥലങ്ങളിൽ ഇരിക്കുന്പോൾ മൊബൈൽ ഫോണിലെ ചാർജ്ജ് ഇല്ലാതാകുന്പോഴാണ് ഇന്ന് ചുറ്റുമുള്ള മനുഷ്യരെ പോലും നമ്മൾ ശരിയായിട്ട് ഒന്ന് കാണുന്നത്. വേവലാതികൾ, സ്വപ്നങ്ങൾ, ചിന്തകൾ ഒക്കെ തിരക്കിട്ട് മുന്പിലൂടെ കടന്നു പോകുന്ന ആ മുഖങ്ങളിൽ കാണാം. ആവശ്യവും അല്ലാത്തതുമായ ഭാരങ്ങൾ, കെട്ടുപാടുകൾ, ബന്ധങ്ങൾ, ബന്ധനങ്ങൾ ഒക്കെ എവിടെയെങ്കിലും ഇറക്കി വെക്കാനുള്ള തത്രപ്പാടിലായിരിക്കും അവരും. ചുമടുതാങ്ങികളെ തേടിയുള്ള തത്രപാട്.
നമ്മുടെ ഇടയിലെ ചില മനുഷ്യർ ചുമടുതാങ്ങികളെ പോലെയാണ്. എത്ര തന്നെ ഭാരം തലയിലേറ്റിയാലും ആരോടും പരിഭവമില്ലാതെ തല ഉയർത്തി തന്നെ അവർ നിൽക്കും. അപരന്റെ വേദനകളെയും, സങ്കടങ്ങളെയുമാണ് അവർ എന്നും പുഞ്ചിരിയോടെ ഏറ്റെടുക്കുന്നത്. ചിലർക്ക് അവർ ഉപദേശികളാണ്, ചിലർക്ക് സഹായികളും. ചിലർക്ക് അവർ ഉടമകളാണ്, ചിലർക്ക് അവർ അടിമകളും. ഒന്ന് മനസ്സറിഞ്ഞ് ചിന്തിച്ചാൽ അത്തരം ചില നല്ല മുഖങ്ങൾ നിങ്ങളുടെ മുന്പിലും തെളിഞ്ഞുവരും. അമ്മയുടെ, അച്ഛന്റെ, മക്കളുടെ, സഹോദരങ്ങളുടെ, സുഹൃത്തുക്കളുടെ ഒക്കെ മുഖമാകാം അത്. ചിലപ്പോൾ നിങ്ങളുടെ തന്നെ നിഴലുമാകാം. ഭാരമിറക്കി വെയ്ക്കാൻ പറ്റുന്ന അത്താണികളാണിവർ.
ഇന്ന് അത്തരമൊരു വിപ്ലവകാരിയുടെ ഓർമ്മകൾ പുതുക്കുന്ന ദിനമാണ്. തന്റെ സഹജീവികൾക്ക് വേണ്ടി ക്രൂശിതനായ യേശുദേവൻ പീഡനാനുഭവങ്ങളെ അതിജീവിച്ച് ഉയർത്തെഴുന്നേറ്റ ഈസ്റ്റർ ദിനം. സ്‌നേഹം, ത്യാഗം, ആർദ്രത, കരുണ, കരുതൽ എന്നിവയാണ് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇന്ന് ലോകത്തിന് നഷ്ടമായിരിക്കുന്നതും ഇവയെല്ലാമാണ്. ലോകമെങ്ങും അശാന്തി നടമാടുന്ന ഈ നേരത്ത് ജീവിതത്തിൽ സ്വായത്തമാക്കേണ്ടത് പരസ്പരം സ്‌നേഹിക്കാനും ത്യാഗം ചെയ്യാനുമുള്ള മനസ് തന്നെയാണ്. അവിടെ നമ്മൾ ചുമടുതാങ്ങികളാകേണ്ടതുണ്ട്. കാലം ഇന്നിന്റെ മനുഷ്യനോട് ആവശ്യപ്പെടുന്നതും മറ്റൊന്നല്ല !!
