സ്ട്രോംഗ് റൂം

ഇതിലും വലിയ ലോക്കർ ഇല്ലേ? അറ്റ്ലീസ്റ്റ് ഒരാളുടെ പൊക്കത്തിലെങ്കിലും?...
മുറിയിലെ പൊടിയൊക്കെ തട്ടി സെയിൽസ്മാൻ മേശയൊക്കെ ഒന്ന് ഒരുക്കി വെയ്ക്കുന്പോഴാണ് അയാൾ കടന്ന് വന്നത്. മൂന്ന് നാല് ദിവസമായി ഷേവ് ചെയ്യാതെ വളർന്ന കുറ്റി താടി. കണ്ണടക്കുള്ളിലൂടെ കാണാൻ പറ്റാവുന്ന കണ്ണുകളിൽ ഉറക്കചുവട്. കോതിയൊതുക്കാത്ത തലമുടി. പരിഭ്രമിച്ച മുഖഭാവം.
സർ ഡയമണ്ടായാലും ഗോൾഡായാലും കറൻസിയായാലും ഇതുതന്നെ ധാരാളം സർ. ഈ ലോക്കർ ജർമ്മൻ മെയ്ഡ് ആണ്. താക്കോലിന് പുറമെ നന്പർ ലോക്കുമുണ്ട്. ഇനി ഇത് വല്ലവരും കുത്തി പൊളിക്കുവാൻ ശ്രമിച്ചാൽ താങ്കളുടെ മൊബൈലിലേയ്ക്ക് ഒരു മെസേജും വരും. ഇനി വേണമെങ്കിൽ ഒരു അലേർട്ട് പോലീസ് േസ്റ്റഷനിലേയ്ക്കും വെയ്ക്കാം! പുതിയ ടെക്നോളജിയാണ് സർ. പിന്നെ ഈ ലോക്കർ വീടിന്റെ ചുമരുമായാണ് ഘടിപ്പിക്കുക. ലോക്കറിന്റെ ഉള്ളിൽ നിന്നുമുള്ള സ്ക്രൂ ഊരാതെ ലോക്കർ നീക്കാൻ ഒരാൾക്കും പറ്റില്ല. സർ ഇതിന്റെ ഭാരമൊന്നു നോക്കൂ, സാറിനെ പോലുള്ള ഒരു പത്ത് പേർ വന്നാൽ വരെ ഇതൊന്ന് അനക്കുവാൻ വരെ പറ്റില്ല. അതിരാവിലെ പരിഭ്രമത്തോടെ കടന്ന് വന്ന ആദ്യ കസ്റ്റമറോട് ചിരിച്ചു കൊണ്ടാണ് സെയിൽസ്മാൻ ഉത്തരം പറഞ്ഞത്.
ലോക്കറിന്റെ ചുറ്റും നടന്ന് എല്ലാ വശവും പരിശോധിച്ച് കണ്ണട ഒന്ന് ഉയർത്തി അയാൾ സംശയത്തോടെ ചോദിച്ചു.
ഇതിൽ പുറത്ത് നിന്ന് കാറ്റ് കടക്കുവാനുള്ള വല്ല സംവിധാനവും ഉണ്ടാക്കുവാൻ നിങ്ങൾക്ക് പറ്റുമോ? അല്ലെങ്കിൽ ഒരു ചെറിയ എക്സോസ്റ്റ് ഫാൻ എങ്കിലും?
ചോദ്യം കേട്ട് ഒരു നിമിഷം അന്താളിപ്പോടെ നിന്ന സെയിൽസ്മാൻ ശബ്ദം കുറച്ച് ഗൗരവം കലർത്തി മറുപടി പറഞ്ഞു.
താങ്കൾക്ക് വേണ്ടത് ബാങ്കിലൊക്കെ കാണുന്ന സ്ട്രോംഗ് റൂമാണോ? അങ്ങിനെയെങ്കിൽ തൊട്ടടുത്ത് പുതുതായി തുടങ്ങിയ വിശ്വേശ്വർ ഫിനാൻസിംഗിൽ രണ്ട് മാസം മുന്പ് നമ്മുടെ കന്പനി ചെയ്ത് കൊടുത്ത സ്ട്രോംഗ് റൂം പോയി കാണുക. സ്ട്രോംഗ് റൂം ഉണ്ടാക്കണമെങ്കിൽ കെട്ടിട ഉടമസ്ഥന്റെ പെർമിഷൻ വാങ്ങണം. ചുവരെല്ലാം അടിച്ച് പൊളിച്ച് കോൺക്രീറ്റ് ചെയ്യണം. അവിടെ പോയി കണ്ടാൽ സാറിന് സംഗതി കൂടുതൽ മനസ്സിലാകും.
ചോദ്യം പെട്ടന്നായിരുന്നു. സ്ട്രോംഗ് റൂമിൽ വായു സഞ്ചാരം കാണുമോ? രാവിലെ തന്നെ ഷോപ്പിലേയ്ക്ക് കയറി വന്ന കസ്റ്റമറിന് കാര്യമായ എന്തോ തകരാറുണ്ടെന്ന തിരിച്ചറിവിൽ സെയിൽസ്മാൻ തൊട്ടടുത്തുള്ള കസ്റ്റമറിനടുത്തേയ്ക്കു നീങ്ങുന്പോഴാണ് അയാൾ വീണ്ടും വിളിച്ചത്.
നിങ്ങൾ പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന എന്റെ കാറ് കണ്ടുവോ? ഞാൻ ആ കാർ സ്വിച്ച് ഓഫ് ചെയ്ത് എവിടെയെങ്കിലും പാർക്ക് ചെയ്ത് കഴിഞ്ഞാൽ, അറിയാതെയെങ്കിലും ആരെങ്കിലും ആ കാറിനെ ഒന്ന് തൊട്ടാൽ ഉടൻ ഒരു അലാറം അടിക്കും. അത് അര കിലോമീറ്റർ ദൂരം വരെ കേൾക്കാം. ഇങ്ങിനെയുള്ള വല്ല ഉപകരണങ്ങൾ നിങ്ങളുടെ കൈയിലുണ്ടോ?
‘ജർമ്മനിയിൽ നിന്നുമുള്ള വില കൂടിയ അഞ്ച് വർഷം ഗ്യാരണ്ടിയുള്ള ഉൽപ്പന്നങ്ങൾ മുതൽ വില കുറഞ്ഞ ചൈനീസ് ഉൽപ്പന്നങ്ങളുടെ കാറ്റലോഗ് മേശമേൽ വിതറി സെയിൽസ് മാൻ പറഞ്ഞു, ‘ഉണ്ടല്ലോ’.
അതിൽ ഏറ്റവും വിലകൂടിയ ഏറ്റവും ഗ്യാരണ്ടിയുള്ള ഉൽപ്പന്നം ചൂണ്ടി അയാൾ പറഞ്ഞു. ‘ഇതുമതി’.
സർ ഈ പ്രൊഡക്റ്റ് വാങ്ങുന്പോൾ ഫിക്സിംഗ് ഫ്രീയാണ്.
താങ്ക്്യു എന്ന് പറഞ്ഞ് അയാൾ പുറത്തേയ്ക്ക് നടന്നു പിറകെ സെയിൽസ്മാനും. പുറത്ത് പാർക്ക് ചെയ്ത വെളുത്ത കാറിന്റെ ഉള്ളിൽ ചോക്ലേറ്റും നുണഞ്ഞ്, പാട്ടും കേട്ട് ബലൂണും തട്ടി കളിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ ചൂണ്ടി അയാൾ പറഞ്ഞു ‘FIX IT’.
അവളെ ആരെങ്കിലും തൊട്ടാൽ അലാറം പറ്റാവുന്നത്ര ഉച്ചത്തിൽ അലറണം. ആ അലർച്ച ഈ നാട് മുഴുവൻ ഉണർത്തണം. അതേസമയം എൻ്റെ മൊബൈലിലും പോലീസ് േസ്റ്റഷനിലും മെസ്സേജ് എത്തണം. അവളെ തൊട്ടവന് ഷോക്കടിക്കണം...
വജ്രത്തിനേക്കാൾ സ്വർണ്ണത്തിനേക്കാൾ, നോട്ടു കെട്ടുകളേക്കാൾ വലിയ സന്പാദ്യത്തെ നോക്കി സെയിൽസ്മാൻ ചിരിച്ചു. പിന്നെ മനസ്സിൽ പറഞ്ഞു. വേണം, ഒരു നൂറു വർഷം ഗ്യാരണ്ടിയുള്ള ഒരു ജർമ്മൻ ഉൽപ്പന്നം... എത്രയും പെട്ടെന്ന്.
ഷോറൂമിൽ അപ്പോൾ ഏതോ ഒരു അമ്മയും കാത്തിരിക്കുന്നുണ്ടായിരുന്നു. വില കുറഞ്ഞ പക്ഷെ ഉച്ചത്തിൽ കൂവാൻ പറ്റുന്ന ഒരു ചൈനീസ് ഉൽപ്പന്നത്തിനു വേണ്ടി...