ജിഷ: മലയാളിയുടെ മുഖത്ത് കത്തിച്ചുവെച്ച തീപ്പന്തം

വിവേകാനന്ദൻ ജാതീയതയും ഉച്ചനീചത്വങ്ങളും ഭ്രാന്തമാക്കിയ മണ്ണ് എന്ന ശാപവചനങ്ങൾക്ക് ഇരയാക്കിയ കേരളം നവോത്ഥാനത്തിലൂടെ അതിനെ മറികടന്നു. മലബാറും തിരുകൊച്ചിയും തിരുവനന്തപുരവുമൊക്കെയായി ദേശപ്പെട്ടു കിടന്ന മലയാളി സ്വത്വം ഐക്യകേരള പ്രസ്ഥാനത്തിലൂടെ വീണ്ടെടുത്തു. ദീർഘമായ പടിഞ്ഞാറൻ തീരത്തിലൂടെ ലോകത്തിന്റെ അതിരുകളോളം ചെന്നെത്തുന്ന സാംസ്കാരിക സമന്വയങ്ങളിലേക്ക് വികസിച്ചു. അനുഗ്രഹീതമായ ഭൂപ്രകൃതിയിലൂടെ, കാലാവസ്ഥയിലൂടെ, ഹരിതാഭമായ ദൈവത്തിന്റെ സ്വന്തം നാടായി മാറി. കെ. കേളപ്പനും മുഹമ്മദ് അബ്ദുറഹ്്മാൻ സാഹിബും കൃഷ്ണപിള്ളയുമൊക്കെ ചേർന്ന് ദേശീയപ്രസ്ഥാനത്തെ കനലൂതി കത്തിച്ചെടുത്തു. കൃഷ്ണപിള്ളയും, കെ. ദാമോദരനും, എൻ.സി ശേഖറും, ഇ.എം.എസും ചേർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. പിണറായി പാറപ്പുറത്തു നിന്ന് അത് കത്തിപടർന്നു. എണ്ണമറ്റ കർഷകസമരങ്ങൾക്ക് വേദിയായി, തൂക്കുകയറിൽ തൂങ്ങിയാടുന്പോഴും ഇൻക്വിലാബ് മുഴക്കി. കൃഷിഭൂമി കൃഷിക്കാരന്റേതാക്കിയ ഭൂപരിഷ്കരണത്തിന്റെ നാട്. ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിലൂടെ പണിെയടുക്കുന്നവന്റെ അവകാശങ്ങൾക്ക് കാവലാളായി നിന്ന നാട്. ഇടതുപക്ഷ ഗവൺമെന്റുകൾ സാമൂഹ്യ പരിഷ്കരണങ്ങളിലൂടെ പുതുക്കിപ്പണിത നാട്. ലോകത്തിന്റെ ഏത് കോണിലും തലയെടുപ്പോടെ പണിയെടുക്കുന്ന തലച്ചോറുകൾ സംഭാവന ചെയ്ത നാട്. നൂറ് ശതമാനം സാക്ഷരത നേടിയ നാട്. ലോകമാകെ പ്രശസ്തമായ ‘കേരള മോഡൽ’ എന്ന സാന്പത്തിക വിനിമയ സംവിധാനം വികസിപ്പിച്ച നാട്. രാഷ്ട്രീയ പ്രബുദ്ധതയുടെ നാട്.
ഇങ്ങനെ എന്തൊക്കെ വിശേഷങ്ങൾ കേട്ടുവളർന്നവരാണ് നമ്മൾ മലയാളികൾ. ഇതൊക്കെ കേട്ടുകൊണ്ടിരിക്കാൻ ഇപ്പോഴും എന്തൊരഭിമാനമാണ് നമുക്ക്. പക്ഷേ ഇതൊക്കെ വെറും കാപട്യവും പറ്റിപ്പും മാത്രമായിരുന്നു എന്ന് പെരുന്പാവൂരിലെ ജിഷ എന്ന പെൺകുട്ടിയുടെ ജീവന്റെ പിടച്ചിലും അവളുടെ അമ്മയുടെ ആർത്തനാദവും നമ്മെ ബോദ്ധ്യപ്പെടുത്തുന്നില്ലേ?
ഇരപിടിയൻ മുതലാളിത്തത്തിന്റെ ഉയർന്ന രൂപമായ നവഉദാരവൽക്കരണം നമ്മെ എത്രമേൽ വികൃതമായ ഒരു സമൂഹമാക്കി അധഃപതിച്ചിരിക്കുന്നു എന്ന് ഇനിയും നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ മഹാകഷ്ടം എന്നല്ലാതെ മറ്റെന്തു പറയാൻ. മുകളിൽ പറഞ്ഞ സവിശേഷതകളൊക്കെ ഉള്ള സംസ്ഥാനമാണിന്നും കേരളമെന്നും തങ്ങളാണതിന്റെയൊക്കെ നേരവകാശികൾ എന്നും കരുതി ഇന്നും ഞെളിഞ്ഞ് നടക്കുന്ന വിഡ്ഢികളെക്കുറിച്ച് എന്തുപറയും?
ഇപ്പോൾ ജിഷയ്ക്കും കുടുംബത്തിനും വേണ്ടി മുതലകണ്ണീരൊഴുക്കാൻ ആരൊക്കെയാണ് തിക്കി തിരക്കി മുന്പിലേക്ക് വരുന്നത്. എന്തൊക്കെ വാഗ്ദാനങ്ങളാണവർ നൽകുന്നത്? കേട്ടാൽ തോന്നുക പെരുന്പാവൂരിലെ കനാൽ പുറംന്പോക്കിൽ ഏപ്രിൽ മാസം 28 മുതൽ ആകാശത്ത് നിന്ന് പൊട്ടി വീണത് പോലെ പ്രത്യക്ഷപ്പെട്ടതാണീ കുടുംബം എന്നാണ്. ചിലർ വീടുവെച്ചു കൊടുക്കാൻ മത്സരിക്കുന്നു. ചിലർ പണം വാഗ്ദാനം ചെയ്യുന്നു. ചിലർ സഹോദരിക്ക് ജോലി വാഗ്ദാനം ചെയ്യുന്നു. സഹാനുഭൂതിയും സ്നേഹവും കാരുണ്യവും സഹതാപവുമൊക്കെ വഴിഞ്ഞൊഴുകിയിട്ട് വഴിനടക്കാൻ വയ്യാതാവുന്നു. രാഷ്ട്രീയപാർട്ടികളും മുന്നണികളും ജിഷയുടെ ചിന്നിച്ചിതറിപ്പോയ ശരീരം വെച്ച് ഒരു വോട്ടെങ്കിലും കൂടുതൽ നേടാൻ അവസരമുണ്ടോ എന്നന്വേഷിക്കുന്നു. ഭരണകൂടം ഞാനിതൊന്നും അറിഞ്ഞതേയില്ല എന്ന നിലയിൽ നിഷ്കളങ്കമായി ചിരിച്ചു കാണിക്കുന്നു. യഥാർത്ഥത്തിൽ ഈ കൊലപാതകത്തിലെ ഒന്നാം പ്രതി ഭരണകൂടമാണ് എന്ന് ആർക്കാണറിയാത്തത്?
കേരളം പോലൊരു സംസ്ഥാനത്ത് ഒരമ്മയും മകളും കനാൽ പുറന്പോക്കിൽ കഴിഞ്ഞ 30 വർഷമായി വാതിലു പോലുമില്ലാത്ത ഒരു ചുമരിടുക്കിൽ താമസിക്കുന്നു. കുഴി കുഴിച്ച് മലവിസർജ്ജനം നടത്തുന്നു. കാമഭ്രാന്തന്മാരുടെ കൊത്തിപ്പറികൾക്കിരയായി, ജാതീയമായ അരികുവൽക്കരണത്തിനിരയായി ഇവർ കഴിയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ആരാണിതിന് ഉത്തരം പറയേണ്ടത്? ആകാവുന്ന തൊഴിലൊക്കെ ചെയ്ത് മുട്ടാവുന്ന വാതിലുകളൊക്കെ മുട്ടി പട്ടിണി കിടന്നും മകളെ എൽ.എൽ.ബി വരെ പഠിപ്പിച്ചു. കാമകൊതിയന്മാരുടെ കഴുകൻ കണ്ണുകൾ വട്ടമിട്ട് പറക്കുന്പോൾ ഒരു ഭ്രാന്തിയെപ്പോലെ പുലന്പിക്കൊണ്ടിരുന്ന ആ അമ്മയ്ക്ക് പ്രബുദ്ധകേരളം ചാർത്തി നൽകിയത് മനോരോഗി എന്ന പേരായിരുന്നു. ഇവരുടെ മകൾ ലോ കേളേജിൽ പഠിക്കുന്നതിനെതിരെ ‘പുലയി വക്കീൽ’ എന്ന് പരിഹസിച്ച് നിരന്തരമായി പീഡിപ്പിച്ചപ്പോൾ അവർക്ക് തുണയേകാൻ ഒരു ദളിത് സംഘടന പോലും രംഗത്ത് വന്നില്ല. ലൈംഗിക അതിക്രമങ്ങളും ജാതിപരിഹാസവും ആരോപിച്ച് ഈ കുടുംബം എട്ട് കേസുകൾ പോലീസിൽ നൽകിയിട്ടും ഒന്നിൽ പോലും നടപടിയുണ്ടായില്ല. പരാതിക്കാരെ പരിഹസിക്കുകയും ആക്ഷേപിക്കുകയുമാണ് പതിവുപോലെ പോലീസ് ഇവിടെയും ചെയ്തത്. ലൈംഗിക മനോരോഗികളുടെ അക്രമം ഭയന്ന് ഈ പെൺകുട്ടി സ്ഥിരമായി പെൻക്യാമറയുമായായിരുന്നത്രേ നടന്നിരുന്നത്. ഇതൊന്നും ഒരപസർപ്പക കഥയിലെയോ സിനിമയിലെയോ പ്രമേയമല്ല. പച്ചയായ യാഥാർത്ഥ്യം മാത്രം.
ഏപ്രിൽ 28ാം തിയ്യതിയാണ് ‘പൈശാചികം’ എന്ന വിശേഷിപ്പിച്ചാൽ മതിയാകാത്ത ഈ ബലാത്സംഗവും കൊലപാതകവും നടക്കുന്നത്. സംഭവം നടന്ന ഒറ്റമുറിക്കകത്ത് വലിയ പിടിവലിയും ജീവനു വേണ്ടിയുള്ള വെപ്രാളവും പിടച്ചിലും നടന്നതിന്റെ ലക്ഷണങ്ങളുമെല്ലാമുണ്ട് എന്ന് പോലീസ് പറയുന്നു. എന്നിട്ടും അയൽവാസികൾ പോലും ഞങ്ങളൊന്നും അറിഞ്ഞില്ല എന്നാണത്രേ പോലീസിന് മൊഴി നൽകിയത്. അവിടെയൊക്കെ ജാതി പ്രവർത്തിക്കുന്നുണ്ട്. ദളിത് പെൺകുട്ടിയുടെ കൊലയ്ക്ക് ഒരു പട്ടിയുടെ മരണത്തിന്റെ ഗൗരവം പോലും നമ്മുടെ നാട്ടുകാർ നൽകിയില്ല. റോഡപകടത്തിൽ പെട്ട് പിടയുന്ന ആളെപ്പോലും ഷർട്ടിൽ ചോര പുരളും എന്ന ഭയം കൊണ്ട് എടുത്ത് വാഹനത്തിൽ കയറ്റാൻ മടിക്കുന്നവരാണ് ഇന്നത്തെ മലയാളികൾ. പക്ഷെ ദൂരെ മാറിനിന്ന് രംഗമൊക്കെ മൊബൈലിൽ പകർത്തി വാട്സ്ആപ്പിലോ മറ്റോ അപ്്ലോഡ് ചെയ്ത് രസിക്കുകയും ചെയ്യും. ഇനി ഇവരെ ആശുപത്രിയിലെത്തിച്ചാൽ എന്തോ മഹാ അപരാധം ചെയ്തപോലെ പോലീസുകാരുടെ വിരട്ടൽ സഹിക്കേണ്ടിവരും. പലതവണ പോലീസ് േസ്റ്റഷനിൽ വിളിച്ച് മണിക്കൂറുകളോളം കാത്തിരിപ്പിക്കുകയും അപമാനിക്കുകയും ചെയ്യും. അതൊക്കെ കഴിഞ്ഞാൽ സാക്ഷിപറയാൻ കോടതിയിൽ കയറേണ്ടിവരും. അതുകൊണ്ട് ശരാശരി മലയാളികളൊക്കെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്പോൾ ആമ തല വലിക്കുന്നതുപോലെ ഉൾവലിയും. ഞങ്ങളൊന്നുമറിഞ്ഞില്ല എന്നേ പറയൂ.
ഇവിടെ ദളിത് പെൺകുട്ടിയും തങ്ങൾക്ക് അല്പ്പം അസൂയയുളവാക്കുന്ന പഠിപ്പുകാരിയും കൂടിയാകുന്പോൾ ഞങ്ങളൊന്നുമറിയില്ല എന്ന മൊഴി നൽകിയതിൽ അത്ഭുതമൊന്നുമില്ല. ഇനിയിപ്പോൾ ആരെങ്കിലും പറയാൻ തയ്യാറായാൽ തന്നെ പട്ടി ചത്തത് പോലെ അവഗണിക്കാൻ ഉദ്ദേശിച്ച ഒരു കേസിൽ പോലീസ് തന്നെ ‘അങ്ങിനെ പറഞ്‍ഞാൽ മതി’ എന്ന് നിർദ്ദേശിക്കില്ലെന്ന് പറയാനും കഴിയില്ല. ഒറ്റനോട്ടത്തിൽ തന്നെ ജിഷയുടെ മൃതദേഹം കിടന്നിരുന്ന ഒറ്റമുറിയിലെ കാഴ്ച കൊലപാതകവും ബലാത്സംഗവും സംശയിക്കാവുന്നതായിട്ടും അത്തരം ജാഗ്രതയൊന്നും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഒരു മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണത്രേ പോലീസ് ഇൻക്വസ്റ്റ് നടത്തിയത്. ജിഷയുടെ ശരീരത്തിലെ വസ്ത്രം മുഴുവൻ കീറിപ്പറഞ്ഞ് പോയിരുന്നു. മുഖം വികൃതമായിരുന്നു. ജനനേന്ദ്രിയത്തിന് ഏറ്റ മുറിവിലൂടെ കുടൽമാല ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഇതൊക്കെയായിട്ടും ഒരു പതിവു മരണം ഇൻക്വസ്റ്റ് ചെയ്യുന്ന ലാഘവത്തോടെയാണ് പോലീസ് കാര്യങ്ങൾ ചെയ്തത്. ഇത്തരം കേസുകളിൽ ആർ.ഡി.ഒവിന്റെ സാന്നിധ്യം അനിവാര്യമാണ്. വിശേഷിച്ച് കൊല്ലപ്പെട്ടത് ഒരു ദളിത് യുവതിയാണ്. പക്ഷേ അത്തരം നിബന്ധനകളൊന്നും പാലിക്കപ്പെട്ടില്ല.
ഇത്തരം സംഭവങ്ങളിൽ പോലീസ് ആദ്യം ചെയ്യുക സംഭവസ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കാതെ, സംഭവം നടന്ന സ്ഥലത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താതെ, പരമാവധി തെളിവുകൾ ശേഖരിക്കുകയാണ്. ഇവിടെ ചെയ്തത് ആ മുറി എല്ലാവർക്കും പെരുമാറാൻ വിട്ടുകൊടുക്കുകയായിരുന്നു. അതുവഴി അന്വേഷണത്തിന് മുതൽകൂട്ടാകുമായിരുന്ന എല്ലാ തെളിവുകളും പോലീസ് നശിപ്പിച്ചു. ആദ്യം പോലീസ് പറഞ്ഞത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് നിശ്ചയമില്ല എന്നായിരുന്നു. ജഡം തിരിച്ചുകൊണ്ടുവരുന്ന വഴിയിൽ പൊതു ശ്മശാനത്തിൽ ദഹിപ്പിച്ചു കളഞ്ഞു. ഇത്തരം കേസുകളിൽ ജഡം മണ്ണിൽ മറവു ചെയ്യുന്നതല്ലാതെ കത്തിച്ചു കളയാൻ അനുവദിക്കുകയില്ല. സാധാരണയായി ഇതുപോലുള്ള സംഭവങ്ങളിൽ പോലീസ് ചെയ്യേണ്ട ‘പഞ്ചനാമ’ എന്നൊരു നടപടിയുണ്ട്. ചുരുങ്ങിയത് പ്രദേശത്തെ പ്രമുഖരായ അഞ്ചു വ്യക്തികളെ മൃതശരീരത്തിന്റെ കിടപ്പ് കാണിച്ച് അവർക്ക് എന്തെങ്കിലും സംശയം ഉണ്ടോ എന്നന്വേഷിച്ച്, ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് രേഖപ്പെടുത്തണം. ജിഷയുടെ കാര്യത്തിൽ അത് ചെയ്തിട്ടുണ്ടോ, എന്നൊന്നും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സാധാരണ ഗതിയിൽ ഇത്തരം സംഭവങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ പോലീസ് സർജർമാരും ഫോറൻസിക് വിദഗ്ദ്ധന്മാരും അടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുക. ഇവിടെ ഒരു പി.ജി വിദ്യാർത്ഥി മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത് എന്നും എന്നാൽ സംഭവം ബഹളമായതോടെ ഫോറൻസിക് സർജൻ്റേതായ റിപ്പോർട്ട് ഉണ്ടാക്കുകയുമാണ് ചെയ്തത് എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത്തരം അവസരങ്ങളിൽ ഏറ്റവും അടുത്ത നിമിഷങ്ങളിൽ ലഭ്യമായ വിവരങ്ങൾ വെച്ച് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് പ്രതിയെ കണ്ടെത്തുന്ന രീതിയാണ് പോലീസ് അവലംബിക്കാറ്. ജിഷയുടെ കൊലപാതകം 28നാണ് നടന്നത്. എന്നാൽ മെയ് രണ്ടിന് ചാനലുകളിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് വരെ അഞ്ചുദിവസം പോലീസ് അനങ്ങിയതേ ഇല്ല. ആരെയെങ്കിലും കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല. ഇതൊക്കെ എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ഇനി ലഭിക്കാനിരിക്കുന്നതേയുള്ളൂ. ഒരുപക്ഷേ യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള പോലീസിന്റെ പതിവു രീതിയാകാം. അല്ലെങ്കിൽ ആരോരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു ദളിത് പെൺകുട്ടിയല്ലേ, അതങ്ങനെയങ്ങ് പോട്ടേ എന്ന മനോഭാവവുമാകാം. തിരഞ്ഞെടുപ്പൊക്കെ ആയതുകൊണ്ട് പോലീസിന് പിടിപ്പത് പണിയുണ്ട്. ഇത് ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെ അങ്ങിനയങ്ങ് പോകുന്നെങ്കിൽ പോട്ടെ എന്ന് ചിന്തിച്ചിട്ടുമുണ്ടാകും.