നമ്മളറിയാത്ത പെരുന്പാവൂർ...

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങൾ പൂഴ്ത്തി വെക്കാൻ ശ്രമിച്ച ജിഷ എന്ന പെൺകുട്ടിയുടെ കൊലപാതകം വളരെ വേദന ഉളവാക്കുന്നതായിരുന്നു. ജിഷയുടെ കൊലപതകത്തിലൂടെ ലോകമറിഞ്ഞ സ്ഥലമാണ് പെരുന്പാവൂർ. പെരുന്പാവൂരിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പുറത്തുവരാത്ത പല സംഭവങ്ങൾ. ഈ സംഭവത്തെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾ ആണ് എന്നെ ഇത് എഴുതാൻ പ്രേരിപ്പിച്ചത്. അതെ പെരുന്പാവൂർ നമ്മുടെ കൊച്ചു കേരളത്തിലാണ്. പണ്ട് മുതൽക്കേ തടി വ്യവസായങ്ങൾക്ക് പേരുകേട്ട നാടാണ് പെരുന്പാവൂർ. ധാരാളം പ്ലൈവുഡ് കന്പനികൾ ഇവിടുണ്ട്. ഇതിൽ പണിയെടുക്കാൻ പതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളും. ആദ്യ കാലങ്ങളിൽ പ്ലൈവുഡ് കന്പനികളിൽ മാത്രം ജോലി ചെയ്യാൻ വന്നവർ ക്രമേണ കെട്ടിട നിർമ്മാണം, പാചകം, തുടങ്ങിയ ഏതു ജോലിക്കും എത്തിത്തുടങ്ങി. ഇന്നു ഞായറാഴ്ച്ചകളിൽ പെരുന്പാവൂരിൽ ആദ്യമായി വരുന്നവർ ഒന്നു അന്പരക്കും, കാരണം ഞയറാഴ്ചകളിൽ പെരുന്പാവൂരിൽ മലയാളികളെ കണ്ടെത്താൻ പ്രയാസമാണ്. അന്ന് അവരുടെ ദിവസമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ. ആറു ദിവസത്തെ തുടർച്ചയായ ജോലിക്ക് ശേഷം അവർക്ക് ആവശ്യമായ സാധനങ്ങളും മറ്റും വാങ്ങാൻ വരുന്ന ദിവസം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ പെരുന്പാവൂരിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത്. വലിയ ഫുഡ് കോർട്ടുകൾ, തുണിക്കടകൾ, സ്വർണ്ണകടകൾ അങ്ങനെ പലതും. എറണാകുളം ജില്ലയിൽ ഏറ്റവുംമധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സബ് ആർ.ടി.ഒ ഓഫീസ് പെരുന്പാവൂർ ആണ്. വാഹനങ്ങൾ മാത്രമല്ല സ്ഥല കച്ചവടം, സിമന്റ് ഇഷ്ടിക നിർമ്മാണം ക്രഷർ യുണിറ്റ് തുടങ്ങിയവ വൻതോതിൽ വളർന്നു. ഇത്തരം മേഖലകളൊക്കെ വളർന്നപ്പോൾ പെരുന്പാവൂരിൽ അടിസ്ഥാന വികസനങ്ങൾ ഉണ്ടായില്ല. പെരുന്പാവൂരിന്‍റെ വികസനം ഇപ്പോഴും ഒച്ചിന്‍റെ വേഗതയിലാണ്.
ഒരു ഇന്നോവ കാറും, വെള്ള ഖദർ മുണ്ടും ഷർട്ടും ഐ ഫോണും ഉണ്ടെങ്കിൽ പെരുന്പാവൂരിൽ എന്തും സാധിച്ചെടുക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ജിഷയുടെ കൊലപാതകത്തിൽ നിയമ പാലകർ കാര്യക്ഷമമായി പ്രവർത്തിച്ചില്ല എന്നു പറയുന്പോഴും ഓർക്കേണ്ട ഒന്നുണ്ട്. പെരുന്പാവൂരിൽ പോലീസും മോട്ടോർ വാഹന വകുപ്പും അല്ലെങ്കിൽ മറ്റേതു വകുപ്പുമാകട്ടെ എല്ലാം പ്രവർത്തന രഹിതമാണ്. പെരുന്പാവൂരിൽ എന്ത് നടന്നാലും പുറം ലോകമറിയാറില്ല എന്നത് മറ്റൊരു വസ്തുത. അതുകൊണ്ട് തന്നെ മാധ്യമങ്ങൾ പെരുന്പാവൂരിന് വാർത്തകളിൽ ഇടം നൽകിയില്ല. എന്തൊക്കെയാണെങ്കിലും ഇനിയെങ്കിലും അധികാരികൾ കണ്ണു തുറക്കട്ടെ എന്നും ഇനിയൊരു ജിഷ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ.
ബിബിൻ പോൾ , കോതമംഗലം