വീണ്ടുമൊരു യോഗാദിനം ഓർമ്മിപ്പിക്കുന്നത്


സുമ സതീഷ് 

പൗരാണിക ഭാരതം ലോകത്തിനു പകർന്നു നൽകിയ വലിയൊരു അനുഗ്രമാണ് യോഗ. ആർഷ ഭാരതത്തിന്റെ വില മതിക്കാനാവാത്ത ഒട്ടേറെ സംഭാവനകളിൽ ഏറെ പ്രാധാന്യമുള്ള യോഗ, കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. ഇത് ശരീരത്തിന്റേയും മനസ്സിന്റേയും ശക്തി, യുക്തി, ഒരുമ, ചിന്ത, പ്രവൃത്തി, സന്തുലിതാവസ്ഥ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്നു എന്നു പറയാം. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊടു കൂടി പതഞ്ജലി മഹർഷി രചിച്ച ''അഷ്ടാംഗയോഗ'' എന്ന ആധികാരിക ഗ്രന്ഥത്തില് യോഗദർശനങ്ങളെ 194 സൂത്രങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു.

യോഗയിലൂടെയും ധ്യാനത്തിലൂടെയും മാത്രമാണ് മനുഷ്യന്റെ ഊർജം ചോർന്നുപോകാതെ നിലനിർത്താനും ഉത്സാഹത്തോടെ കർമ്മനിരതനാകാനും സാധിക്കൂ. അങ്ങിനെ ചെയ്യുന്ന കർമ്മത്തിന്റെ ഫലവും ശ്രേഷ്ഠമാവും. യോഗ, പ്രാണായാമം, ധ്യാനം എന്നിവ ചെയ്യുകയും യമനിയമങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ പ്രവർത്തിയിൽ നൈപുണ്യം ഉണ്ടാകും എന്ന് മഹാന്മാർ പറയുന്നു. ധ്യാനം യോഗയുടെ ഭാഗമാണ്. യോഗ എന്നും ധ്യാനത്തിൽ അധിഷ്ഠിതമാകണം, അല്ലെങ്കിൽ അത് വെറും വ്യായാമമാകും. യോഗ ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. സുബുദ്ധിയും അവബോധവും വിവേകവും കരുത്തും സംവേദന ശേഷിയും ഒക്കെ വേണമെങ്കിൽ യോഗയെ പിന്തുടരേണ്ടിയിരിക്കുന്നു. യോഗ എന്ന വാക്കിന്റെ അർത്ഥം 'ചേർച്ച' (ഐക്യം) എന്നാണ്. 'യുജ്' (Union) എന്ന സംസ്കൃത പദത്തിൽ നിന്നാണ് 'യോഗ' ഉടലെടുത്തത്. വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് നമ്മുടെ യോഗയ്ക്ക്.

ഇന്ത്യയുടെ പ്രത്യേക നിർദേശം കൈകൊണ്ട, ഐഖ്യരാഷ്ട്രസഭ 2015-മുതൽ ജൂൺ 21 യോഗ ദിനമായി പ്രഖ്യാപിച്ചത് നമ്മളേറെ അഭിമാനത്തോടെയാണ് കൊണ്ടാടുന്നത്. ഭാരതീയ സംസ്ക്കാരത്തേയും പാരമ്പര്യത്തേയും ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒരു ദിനം, അതാണ് 'യോഗഡേ'. ഉത്തരായാനന്ത ദിനമായ  ജൂൺ 21 ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായതു കൊണ്ടുതന്നെ ലോകത്തിന്റെ പല ഭാഗത്തും ഈ ദിനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ടാണ്  ജൂൺ 21 യോഗ ദിനമായി അംഗീകരിക്കപ്പെട്ടത്.

ഓരോ വർഷവും യോഗ ദിനം വിപുലമായി ആഘോഷിക്കപ്പെടുന്നതോടൊപ്പം സാന്ദർർഭികമായി ലോക ജനതക്ക് അനുയോജ്യമായ സന്ദേശവും കൊടുക്കാറുണ്ട്. ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു ഇന്ന് യോഗസനങ്ങൾ. അഭൂത പൂരവ്വമായ പ്രതികരണങ്ങളാണ് യോഗയോട് ലോക രാജ്യങ്ങൾ പ്രകടിപ്പിക്കുന്നത്. 2015-ലെ സന്ദേശം സൗഹാർദ്ദത്തിനും സമാധാനത്തിനും വേണ്ടി യോഗ എന്നായിരുന്നെങ്കിൽ 2016-ലെ സന്ദേശം യുവജനങ്ങളെ ഏകോപിപ്പിക്കണം ബന്ധിപ്പിക്കണം എന്നായിരുന്നു. 2017-ലെ സന്ദേശം ആരോഗ്യത്തിനു യോഗ എന്നും 2018-ൽ സമാധാനത്തിനു യോഗ, 2019-ൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് യോഗ എന്നും ഒപ്പം 2020 ലെ സന്ദേശം യോഗ കുടുംബത്തോടൊപ്പം എന്നുമായിരുന്നു. കൊറോണ ഭീഷണികാരണം വീട്ടിൽ തന്നെ യോഗ സങ്കടിപ്പിച്ചു. 2021 ക്ഷേമത്തിനായുള്ള യോഗ എന്നായിരുന്നെങ്കിൽ 2022 അതായത് ഈ വർഷത്തെ june 21 യോഗ ദിനത്തിന്റെ സന്ദേശം യോഗ, ലോക ജനത്തിന്റെ മനുഷ്യത്വത്തിന് വേണ്ടിയുള്ളതാകണം എന്നതാകുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് യോഗ വഹിച്ച മഹത്തായ പങ്ക് പ്രതിഫലിപ്പിക്കുന്നതിനാണ് ഈ സന്ദേശം തിരഞ്ഞെടുത്തിരിക്കുന്നത്. ജനത്തെ അവരുടെ വിവേകം നിലനിർത്താൻ മാത്രമല്ല, തങ്ങളനുഭവിക്കുന്ന കഷ്ടപ്പാടുകൾ ലഘൂകരിക്കാനും യോഗ കോവിഡ് കാലത്ത് ഏറെ സഹായിച്ചു.

ക്രമമല്ലാത്തതും നിയന്ത്രണമില്ലാത്തതുമായ ഭക്ഷണ രീതികളേയും ദിനച്ചര്യകളേയും നിയന്ത്രണാധീനമാക്കാൻ  യോഗയിലൂടെ സാധിക്കുക വഴി പല രോഗങ്ങൾക്കും ശമനം കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ പ്രയോജനപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. പ്രകൃതിയുടേയും പരിസ്ഥിതിയുടേയും പ്രാധാന്യവും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും സുദൃഢമാക്കേണ്ടതിന്റെ ആവശ്യകതയ്ക്കു ആഗോളവ്യാപകമായി പ്രചാരണം കൂടി വന്ന ഈ വേളയിൽ ഭൂമിയുടെ സംശുദ്ധി പരിരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനു ആദ്യം വേണ്ടത് മനുഷ്യ മനസ്സുകളുടെ സമചിത്തതയാണ്. അതിനു ധ്യാനത്തിലൂടെയുള്ള യോഗയും മറ്റും കൂടിയേ തീരൂ എന്ന തിരിച്ചറിവ് ആഗോളവ്യാപകമായി വർധിച്ചു വരുന്നുണ്ട്. അതിന്റെ തെളിവാണ്  47 മുസ്‌ലീം രാഷ്ട്രങ്ങളടക്കം 177 രാഷ്ട്രങ്ങളുടെ പിന്തുണ യോഗ ദിനാചരണത്തിന് കിട്ടിയത്. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിത്തിൽ 193 രാജ്യങ്ങളാണ് പങ്കെടുത്തിരുന്നത്.

ശാന്തമായ മനസ്സിനേ  ശക്തമായും കാര്യക്ഷമമായും പ്രവർത്തിക്കാനാവൂ. അതിന്റെ നേർക്കാഴ്ചയാണ്, സഹജീവികളുടെ കഷ്ടതയിൽ മനസ്സ് സംഘർഷഭരിതമായപ്പോൾ  സിദ്ധാർത്ഥനെന്ന രാജകുമാരൻ ധ്യാനത്തിലൂടെയുള്ള യോഗാസനത്തിലും പ്രാർത്ഥനയിലും  ശ്രീ ബുദ്ധനായത്. മാത്രമല്ല നമ്മുടെ പൂർവികാരിൽ എത്രയോ മഹാത്മാക്കൾ ഇതിനുദാഹരണമായുണ്ട്. ശ്രീ രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, രമണ മഹർഷി, ശ്രീനാരായണഗുരു എന്നിവരാണ് ആധുനിക കാലഘട്ടത്തിലെ യോഗയുടെ ദാ൪ശനികരായി അറിയപ്പെട്ടിരുന്നത്.  

യോഗപരിശീലനങ്ങളിലൂടെ ജീവിതത്തിനു പുതിയ മാനം കൈവരുന്നു. ശാരീരികമായും മാനസികമായും ഉല്ലാസം ലഭിക്കുകയും നല്ല ചിന്തകളും കൂർമ്മ ബുദ്ധിയും ഉണരുവാനും സദാ ഉന്മേഷവാനായിരിക്കുവാനും സാധിക്കുന്നു. യോഗാഭ്യാസത്തിന്റെ ഒരു പ്രധാന ഘടകമാണ് പ്രാണായാമം. ശ്വാസോച്ഛാസഗതികളെ നിയന്ത്രിക്കുന്നതിനെയാണ്‌ പ്രാണായാമം എന്ന് പറയുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിയ്ക്കുന്ന ശ്വാസോച്ഛ്വാസ പ്രക്രിയയിൽ ശ്വാസകോശങ്ങളെ വികാസ സങ്കോചങ്ങൾക്ക് വിധേയമാക്കാൻ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല. ഈ കുറവ് പരിഹരിയ്ക്കാന്‍ പ്രാണായാമം എന്ന അഭ്യാസത്തിനു കഴിയുന്നു. ബോധപൂർവ്വം ചില നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. മനസ്സും ശ്വാസവും പരസ്പരപൂരകങ്ങളാണ്. വികാരതീവ്രത മനസ്സിനെ ബാധിക്കുമ്പോള്‍ അത് ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നതു നമുക്കറിയാം. ഇതിനെ നിയന്ത്രണവിധേയമായാക്കാന്‍ പ്രാണായാമം കൊണ്ട് സാധ്യമാകുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്ക് അതില്‍ നിന്നും മോചനം നേടാനും മനസ്സ് വൈകല്യങ്ങളിലെക്ക് വീണുപോകാതെ സ്ഥിരമാക്കി നിര്‍ത്താനും ഇതുകൊണ്ട് സാധ്യമാകുന്നു.

ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് അൽ-ബിറൂനി. അദ്ദേഹം ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം പഠനം  നടത്തുകയും ധാരാളം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. പതഞ്ജലിയുടെ യോഗസൂത്രം  അറബി ഭാഷയിലേക്കു തർജ്ജിമ ചെയ്തതോടെ ആണ് യോഗാഭ്യാസം മുസ്‌ലിം സമുദായത്തിലേക്കും പടർന്നത്. അങ്ങിനെ എല്ലാ മതക്കാരും അവരവരുടെ ദൈവ നാമം ഉച്ചരിച്ചു യോഗ തുടർന്ന് വന്നിരുന്നു. യോഗാഭ്യാസം മനുഷ്യ നന്മക്കു വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യമുള്ള ജനതയ്ക്ക് മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനാകൂ എന്ന വാക്യവും ഈ നേരത്ത് ഓർക്കാം.

സൂര്യ നമസ്ക്കാരം ഒട്ടു മിക്ക വികസ്വര രാഷ്ട്രങ്ങളിലും ദിനചര്യയാക്കിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിലെ 156-ഓളം ചലിക്കുന്ന സന്ധികൾക്ക് വ്യായാമം ലഭിക്കുന്നുണ്ട്. അമേരിക്കയിലെ 40വയസ്സിനു മുകളിലുള്ള 60% വ്യക്തികളും സ്ഥിരമായി യോഗ പരിശീലിക്കുന്നവരാണ്. മില്യ൯ കണക്കിന് അമേരിക്കന്‍ പൗരൻമാർ കൃത്യമായി ഇന്ത്യ൯ യോഗ പരിശീലിക്കുന്നുണ്ടെന്നാണറിവ്. ന്യൂദല്‍ഹിയിൽ നടന്ന ആദ്യ അന്താരാഷ്ട്ര യോഗ ദിനാചരണം ചരിത്ര സംഭവമായിരുന്നു. അന്ന് രാജപഥില്‍ കുട്ടികളടക്കം ഒരു ലക്ഷത്തോളം  പേര്‍ പങ്കെടുത്തു. രാജ്യമെമ്പാടുമായി ആയിരങ്ങള്‍ യോഗ അഭ്യസിച്ചു. ഇത്രയും വലിയ യോഗാഭ്യാസ പരിപാടി ലോകത്ത് തന്നെ ആദ്യമായതിനാല്‍ ഗിന്നസ് റിക്കാർഡിനും അ൪ഹമായി. ഈ വർഷത്തെ യോഗ ദിനാചരണവും വളരെ വിപുലമായിട്ടാണ് ഭരണകൂടങ്ങളും സ്ഥാപനങ്ങളും ആചരിക്കുന്നത്.

ഇന്ന് ലോകം നേരിടുന്ന രൂക്ഷ പ്രശ്നങ്ങളായ ഭീകരവാദവും പകർച്ചവ്യാധികളും പോലെ തന്നെ  ഒന്നാണ് ജീവിതശൈലി രോഗങ്ങൾ. മനുഷ്യരെ മൊത്തമായും കാർന്നു തിന്നുന്ന ഇതിനെ മറികടക്കാൻ  പ്രകൃതിയിലേക്കുള്ള മടക്കം തന്നെ ആണ് ശാശ്വത പരിഹാരങ്ങളും. അതുകൊണ്ടു തന്നെ യോഗയും ആയുർവേദവും പ്രകൃതി ചികിത്സരീതിയും മറ്റ് ദോഷമല്ലാത്ത രീതികളും പ്രചരിപ്പിക്കപ്പെട്ടേ മതിയാകൂ. വൻ കെട്ടിടങ്ങളും ആശുപത്രികളും കെട്ടിപൊക്കുന്നതിലും ഉത്തമം ജനങ്ങൾക്കും ഭൂമിക്കും ഭാരമാകാത്ത ഇത്തരം സംരംഭങ്ങൾ ധാരാളം തുടങ്ങി ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കലാകും. യോഗ പരിശീലനം ആരോഗ്യവും സമാധാനവും ഒപ്പം മനുഷ്യത്വവും കൂടി നിലനിർത്താൻ കൂടിയാവട്ടെ. നമുക്കണിചേരാം ഒറ്റകെട്ടായി.
ലോകാ സമസ്താ സുഖിനോ ഭവന്തു

You might also like

  • Lulu Exchange
  • Straight Forward

Most Viewed