ഭയക്കണം ഭാ­രതത്തിൽ ചി­ലരെ­...


ധനേഷ് പത്മ

ന കൃത്യങ്ങൾക്ക് പേര് കേട്ട നാടായി ഭാരതം മാറികൊണ്ടിരിക്കുന്നതിൽ അത്ഭുതം കൂറിയൊട്ടൊന്നും കാര്യമില്ല. മതഭ്രാന്ത് തലയ്ക്ക് പിടിച്ചൊരു സമൂഹം രാജ്യത്തിന്റെ സമാധാനന്തരീക്ഷത്തെ തച്ചുതകർത്ത് ‘ഹിന്ദുസ്ഥാൻ’ രാജ്യം കെട്ടിപൊക്കി പട്ടാഭിഷേകത്തിന് തയ്യാറെടുക്കുകയാണ്. അങ്ങനൊരു പട്ടാഭിഷേകത്തിന്റെ ആദ്യ പടിയായിരുന്നു മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പശുപരിപാലനത്തിന് പ്രാധാന്യം നൽകി അദ്ദേഹത്തിന്റെ പ്രവർത്തകർ നാട്ടിൽ കാട്ടികൂട്ടിയ അക്രമസംഭവങ്ങൾ. പിന്നീട് പശുമാറി മതമായി. മതം മൂത്തപ്പോൾ ആക്രമത്തിന് ആഴം കൂടി. കൊലപാതകങ്ങൾ കുഞ്ഞുപൈതലുകളിലേയ്ക്ക് വരെ എത്തി. ജമ്മു കാശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ആസിഫ ബാനു എന്ന കുട്ടിയുടെ ദാരുണ അന്ത്യത്തിൽ രാജ്യം ഒന്നടങ്കം തലകുനിച്ചതുകൊണ്ടോ, ഹാഷ് ടാഗുകൾ ഉണ്ടായതുകൊണ്ടോ രാഷ്ട്രീയ മുതലെടുപ്പുകളല്ലാതെ മറ്റെന്തുണ്ടാകാനാണ്.?

ആസിഫ, അവൾക്ക് എട്ടുവയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളു. വൈലറ്റ് നിറമുള്ള ഉടുപ്പുമിട്ട് ഓടിക്കളിച്ച് നടന്നൊരു പിഞ്ചുകുഞ്ഞിനെ ഒരു ദയയുമില്ലാതെ പിച്ചിചീന്താൻ രാജ്യത്തെ ഒരു വ്യക്തിക്ക് കഴിയുന്നുണ്ടെങ്കിൽ, അവനതിന് ശക്തിയുണ്ടെങ്കിൽ നീതിയുടേയും നിയമവ്യവസ്ഥിതിയുടേയും കെട്ടഴിഞ്ഞു കിടക്കുന്ന ദുർബ്ബലതയെയാണ് അത് ചൂണ്ടികാണിക്കുന്നത്. താഴ്്വരയിൽ കുതിരകളെ മേയ്ക്കാൻ പോയതായിരുന്നു ആസിഫ. പിന്നീട് കണ്ടത് അവളുടെ ചേതനയറ്റ പിഞ്ചുശരീരം. അവരോരുത്തരും മാറിമാറി അവളെ ബലാത്സംഗം ചെയ്തു. ഒരുനിമിഷംമുന്പ് മരിച്ചിരുന്നെങ്കിൽ അവൾക്കത്രയും വേദന കുറഞ്ഞുകിട്ടിയേനെ. മനുഷ്യരെന്നനിലയിൽ നാം ഏറെ പരാജയപ്പെട്ടെന്നാണ് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് സംഭവമറിഞ്ഞ ശേഷം പ്രതികരിച്ചത്. പരാജയപ്പെടാൻ പഠിപ്പിച്ചു എന്ന് പറയുന്നതാകും ഉചിതം. കുത്തിവെയ്ക്കുന്ന വിഷം മതത്തിന്റേതാകുന്പോൾ അതിൽ മനുഷ്യന്റെ ചുവയുണ്ടാകണമെന്നില്ല. മതത്തിന്റെ വാസനമാത്രമാണുണ്ടാകുക. ക്ഷേത്രങ്ങളുടെയും പ്രതിമകളുടേയും നിർമ്മാണ പ്രവർത്തനമാണ് രാജ്യത്ത് നടപ്പാക്കേണ്ട ക്ഷേമപ്രവർത്തനങ്ങളെന്ന ധാരണയും രാജ്യത്തെ കോൺഗ്രീറ്റ് പ്രതിമകൾക്ക് നിങ്ങളുടെ നിറം പൂശാനും പ്രതിമകളെ തച്ചുടക്കാനും നിങ്ങൾ കാണിക്കുന്ന വ്യഗ്രതയും ഒരു മനുഷ്യന് വേണ്ട ഗുണങ്ങളെയല്ല സൂചിപ്പിക്കുന്നത്. സഹജീവികളെ വർഗ്ഗഭേദമന്യേ മാത്രം കാണാൻ കഴിയുന്ന ഒരു സർക്കാർ ഇന്ത്യ ഭരിക്കുന്പോൾ ഇത്തരത്തിലുള്ള ക്രൂരമായ പ്രവർത്തികൾ ഇനിയുമുണ്ടായേക്കാം.

ബഖർവാൾ മുസ്ലിം സമുദായാംഗമാണ് ബലാത്സംഗത്തിനിരയായ പെൺകുട്ടി. പരന്പരാഗതമായി ഹിമാലയൻ മേഖലകളിൽ ആടുകളെ മേയ്ക്കുന്നവരാണ് അവർ. ബ്രാഹ്മണവിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്. അതിനിടെ ബഖർവാൾ സമുദായത്തിൽപ്പെട്ട 20 പേർ നാട്ടുകാരിൽനിന്ന് ഭൂമി വാങ്ങി. രസാനയിൽ വീടുവെച്ച് താമസിക്കുന്നതിനായിരുന്നു ഇത്. ബഖർവാൾ സമുദായക്കാരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുടെ പ്രതിഫലനമാണ് ആ എട്ടുവയസ്സുകാരി നേരിടേണ്ടിവന്നതെന്നാണ് പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിട്ട. റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാമിന്റെ നേതൃത്വത്തിലായിരുന്നു കാര്യങ്ങൾ ആസൂത്രണം ചെയ്തത്.

കുതിരകളെ മേയ്ക്കാൻ കാടിനടുത്തേയ്ക്ക് അവൾ വരുന്നത് അവർ കാത്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുവരണമെന്ന് പ്രായപൂർത്തിയാകാത്ത സ്വന്തം അനന്തരവനെ സഞ്ജി റാം പറഞ്ഞേൽപ്പിച്ചു. അവൻ സഹായത്തിനുവേണ്ടി തന്റെ ഉറ്റസുഹൃത്തായ പർവേഷ് കുമാറിനേയും കൂടെകൂട്ടി. സംഭവദിവസം കാണാതായ തന്റെ കുതിരകളെ തിരയുന്ന പെൺകുട്ടിയെയാണ് അവർ കണ്ടത്. കുതിരകളെ കാണിച്ചുതരാമെന്നു പറഞ്ഞ് അവർ അവളെ സമീപത്തുള്ള കാട്ടിലേയ്ക്ക് കൊണ്ടുപോയി. പിഞ്ചുകുഞ്ഞല്ലേ പതിയിരിക്കുന്ന അപകടം അവൾ മനസ്സിലാക്കാൻ സമയമെടുത്തു. അപകടമറിഞ്ഞ കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വായമൂടികെട്ടിയതോടെ ബോധം നഷ്ടപ്പെട്ട അവൾ ബലാത്സംഗത്തിനിരയായി. ശേഷം അവളെ അവർ അടുത്തുള്ള ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി പൂട്ടിയിട്ടു.

അവളെ കാണാതായപ്പോൾ അവളുടെ മാതാപിതാക്കൾ അവിടെയെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ആ സമയം ക്ഷേത്രത്തിലെ പ്രാർത്ഥനാമുറിയിലായിരുന്നു അവളെ ഒളിപ്പിച്ചിരുന്നത്. പിന്നീട് നടന്ന ക്രൂരകൃത്യങ്ങൾ നടുക്കമുളവാക്കുന്നതാണ്. തുടർച്ചയായ ക്രൂരതകൾക്കുശേഷം അവർ അവളുടെ മരണം ഉറപ്പാക്കി കാട്ടിലുപേക്ഷിച്ചു. കൃത്യം നടത്തിയവരിൽ ജനസേവകർ തന്നെയാണ് മുന്നിലുള്ളത്. 60 വയസ്സുള്ള സാംജി റാം എന്ന റിട്ടയേർഡ് വന്യു ഓഫീസറും, സുരേന്ദ്ര വർമ്മ ആനന്ദ് ദത്ത,
ദീപക് കജൂറിയ, സാംജി റമിൻ്റെ അനന്തിരവൻ, അവൻ്റെ സുഹൃത്ത്, പിന്നെ പ്രായപൂർത്തിയാകാത്ത വേറൊരാൾ. ആസിഫയുടെ വേദന നമുക്കൊക്കെ ചിന്തിക്കാൻ പോലും കഴിയാത്തതാണ്. കാട്ടിൽ കഴിയുന്ന മൃഗങ്ങൾക്ക് ഇതിലും ദയയുണ്ടാകും.

ഒരു ക്ഷേത്രത്തിനുള്ളിൽ ഒരു മുസ്ലിം പെൺകുട്ടി ദിവസങ്ങളോളം ബലാത്സ‌ംഗത്തിനിരയായി കൊല്ലപ്പെടുന്നു. അവളുടെ മതക്കാരെ പേടിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനൊരു ക്രൂരകൃത്യത്തിന് ഇവർ മുതിർന്നതെന്ന് പറയപ്പെടുന്നു. രാജ്യത്തിന്റെ പോക്ക് ദിശമാറി തുടങ്ങിയിട്ടുണ്ട്. വർഗ്ഗീയ ലഹളകൾ പൊട്ടിപുറപ്പെട്ടാൽ രാജ്യത്തെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞേക്കില്ല. ഈ ക്രൂരത ചെയ്ത ദീപ് കാജൂറിയ എന്ന പോലീസുകാരനെ വെറുതെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി അടക്കം മാർച്ചു നടത്തിയതും ഭയമുളവാക്കുന്നതാണ്. എങ്ങിനെയാണ് നാം ഇത്രെയും അധപധിച്ചുപോയതെന്ന് നമ്മൾ ഓരോരുത്തരും ചിന്തിക്കണം. ഈ ക്രൂരത സ്വന്തം മകൾക്കാണ് സംഭവിച്ചതെങ്കിൽ ആയുധമെടുക്കാത്ത എത്ര അച്ചന്മാരുണ്ടാകും നമ്മുടെ കൂട്ടത്തിൽ?

ബലാത്സംഗ കൊലപാതകങ്ങൾ ഇതാദ്യത്തെ സംഭവമൊന്നുമല്ല. ഞെട്ടലുളവാക്കി ഇവ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നതിൽ ആർക്കും സങ്കോചവുമില്ല. ഉത്തർപ്രദേശിലെ ഉന്നോവയിൽ നിന്നും സമാനമായൊരു സംഭവം പുറത്തുവരുന്നുണ്ട്. പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ ബിജെപി എംഎൽഎ കുൽ‍ദീപ് സിങ് സെംഗറാണ് പ്രധാന പ്രതി. കുറ്റകൃത്യം നടന്നിട്ട് കൊല്ലം ഒന്ന് കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറംലോകമറിയുന്നത്. കഴിഞ്ഞ വർ‍ഷം ജൂണിലാണ് മാനഭംഗം സംബന്ധിച്ച് ആദ്യ പരാതി നൽ‍കിയത്. നടപടി ആവശ്യപ്പെട്ട് പോലീസ് േസ്റ്റഷനിലെത്തിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ‍ഞായറാഴ്ച പെൺ‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നിൽ ജീവനൊടുക്കാൻ‍ ശ്രമിച്ചതോടെയാണ് മാധ്യമങ്ങൾ സംഭവങ്ങൾ അറിയുന്നതും  വിവാദമാകുന്നതും. സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനെ അറസ്റ്റ് ചെയ്യാൻ മടിച്ച യുപി സർക്കാരിനെ അലഹാബാദ് ഹൈക്കോടതി ശകാരിച്ചിരുന്നു. കോടതിക്കുപോലും അത്തരത്തിലൊരു നടപടിയിൽ ശകാരിക്കാൻ മാത്രമാണ് കഴിയുന്നത് എന്നത് ദുഃഖമുളവാക്കുന്നതാണ്. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും സർക്കാർ അറസ്റ്റ് വൈകിപ്പിച്ചത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്.

പതിനേഴുകാരിയെ കുറിച്ചോർത്തോ, എട്ടുവയസ്സുകാരിയെ കുറിച്ചോർത്തോ രാജ്യത്തെ ഒരു വ്യക്തിയും ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കരുത്. അതൊരു സഹതാപനാടകമാണ്. പകരം തീരുമാനങ്ങൾ എടുക്കണം. നിങ്ങൾക്ക് കഴിയുമെങ്കിൽ ഒറ്റകെട്ടായി പുറത്തോട്ടിറങ്ങണം. നടക്കണം, രാജ്യം ഭരിക്കുന്നവരിരിക്കുന്നിടത്തേയ്ക്ക്. തോക്കിൻ കുഴലുകൾ നിങ്ങൾക്ക് നേരെ ചൂണ്ടപ്പെട്ടേക്കാം. മുന്നോട്ട് തന്നെ, നിങ്ങൾ ആഗ്രഹിക്കുന്ന, അർഹിക്കുന്ന രാജ്യം ഇതല്ലെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് നിങ്ങളുടെ മാത്രം ബാധ്യതയാണ്. നിങ്ങൾക്കിഷ്ടമില്ലാത്തവർ നിങ്ങളെ ഭരിക്കേണ്ടതില്ല, അതിന് നിങ്ങൾക്ക് ആർജ്ജവമുണ്ടാകണം. സമാധാനം പുനസ്ഥാപിക്കണം. അല്ലെങ്കിൽ #justice for..... ഈയിടങ്ങളിൽ ഇനിയും പേരുകൾ ചേർത്ത് നമ്മൾ നെടുവീർപ്പിടേണ്ടി വരും...

You might also like

Most Viewed