മലബാ­റി­ന്റെ­ സു­ൽ­ത്താൻ...


ഡി.പി 

ലബാറിന്റെ സുൽത്താൻ. പൊന്നാനിയും, കേരള സമൂഹമൊന്നടങ്കവും സസ്നേഹം ഇ.കെ ഇന്പിച്ചിബാവയ്ക്ക് നൽകിയ വിളിപ്പേര്. ഇന്പിച്ചി ബാവയുടെ ഓർമ്മ ദിനമായിരുന്നു ഇന്നലെ. ഇന്പിച്ചിബാവ ഓർമ്മയായിട്ട് 23 വർഷം പിന്നിടുന്പോൾ നിലനിൽക്കുന്ന കേരളത്തിലെ അവസ്ഥകളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും, അതിന്റെ പ്രവർത്തനവും തൊഴിലാളികളോടുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനവും ഓർമ്മിക്കപ്പെടേണ്ടത് ഇന്പിച്ചി ബാവയിലൂടെയാണ്.

സഖാവ് ഇന്പിച്ചിബാവ, എക്കാലത്തും ഓർ‍മ്മിപ്പിക്കപ്പെടുന്ന സൂര്യതേജസ്സായി ഉയർ‍ന്നു നിൽ‍ക്കുന്നത്, കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ‍ അദ്ദേഹം പ്രകടിപ്പിച്ച അനിതര സാധാരണവും സവിശേഷവുമായ വൈദഗ്ധ്യം കൊണ്ടായിരുന്നു. സഖാവിന്റെ വ്യക്തിത്വം അത്യപൂർ‍വ്വമായ പലതരം സവിശേഷതകൾ‍ ഒന്നിച്ചു ചേർ‍ന്ന ഒന്നായിരുന്നു. ശരിയായ രാഷ്ട്രീയ നിലപാട് ഉൾ‍ക്കൊള്ളാനും സ്വീകരിക്കാനും അദ്ദേഹം സൂക്ഷ്മത പുലർ‍ത്തി. താൻ‍ ജീവിക്കുന്ന പ്രദേശത്തും പ്രവർ‍ത്തിച്ച പ്രദേശത്തുമെല്ലാം പ്രസ്ഥാനത്തെ അത്യന്തം ജനകീയമാക്കുന്നതിൽ‍ കാണിച്ച വൈദഗ്ദ്ധ്യം അധികാരസ്ഥാപനങ്ങളെ, മന്ത്രിപദവിയെ, ഒരു വിപ്ലവകാരിയുടെ ചങ്കുറപ്പോടെയും ദൃഢതയോടെയും കൈകാര്യം ചെയ്യാൻ‍ കാണിച്ച മികവ്, വികസന പ്രവർ‍ത്തനങ്ങളിൽ‍ കാണിച്ച ദീർ‍ഘവീക്ഷണം എല്ലാം സഖാവിനെ വ്യത്യസ്തനായ ജനനേതാവാക്കി മാറ്റി. ഇന്ത്യൻ‍ കമ്മ്യൂണിസ്റ്റ് പാർ‍ട്ടിയുടെ ദേശീയനേതൃത്വം വ്യാമോഹങ്ങളിലും വ്യതിയാനങ്ങളിലും അകപ്പെട്ടുകഴിഞ്ഞുവെന്നാരോപിച്ച് 32 പേർ‍ ദേശീയ കൗൺ‍സിലിൽ‍ നിന്ന് ഇറങ്ങി വന്നപ്പോൾ‍ അതിൽ‍ ഇ.കെ ഇന്പിച്ചിബാവയുമുണ്ടായിരുന്നു. ശരിയായ തൊഴിലാളിവർ‍ഗ്ഗരാഷ്ട്രീയം ഉൾ‍ക്കൊള്ളുന്നതിലും അത് വളർ‍ത്തിയെടുക്കുന്നതിലും അദ്ദേഹം കാണിച്ച വിട്ടുവീഴ്ചയില്ലായ്മ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഇന്ത്യയിൽ‍ ഏറ്റവും ശക്തമായ തൊഴിലാളി വർ‍ഗ്ഗപാർ‍ട്ടിയായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേരവകാശികളായും സിപിഐ(എം) ഇന്നിവിടെ നിലനിൽ‍ക്കുന്നത് ഇ.കെ ഇന്പിച്ചി ബാവയുൾപ്പടെയുള്ള നേതാക്കൾ നൽ‍കിയ നേതൃത്വശേഷിയുടെ സംഭാവനയാണ്. തൊഴിലാളി വർ‍ഗ്ഗ പാർ‍ട്ടികെട്ടിപ്പടുക്കൽ‍ യാന്ത്രികമായ ഒരു പ്രവർ‍ത്തനമല്ലെന്നും അതിന് പ്രാദേശികമായ സർ‍ഗ്ഗാത്മകത അനിവാര്യമാണെന്നും സ്വന്തം പ്രവർ‍ത്തികളിലൂടെ തെളിയിച്ച് കാണിച്ചു കൊടുക്കുകയാണ് സഖാവ് ചെയ്തത്. അതത് പ്രദേശങ്ങളുടെ സവിശേഷത അറിഞ്ഞും അവിടെ ജീവിക്കുന്ന മനുഷ്യരുടെ സംസ്‌കാരവും പ്രാദേശിക പ്രത്യേകതകളും ഉൾ‍ക്കൊണ്ടും മനസ്സിലാക്കിയും വേണം പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന പാഠം സഖാവാണ് കേരളത്തെ പഠിപ്പിച്ചത്. മഹാനഗരങ്ങളിലും ഉൾ‍നാടൻ‍ ഗ്രാമങ്ങളിലും ഒരേ ഉപകരണങ്ങളല്ല ഗുണം ചെയ്യുക എന്നദ്ദേഹം തെളിയിച്ചു.

മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളിൽ‍ പലയിടത്തും വർ‍ഗ്ഗീയ രാഷ്ട്രീയം കൊണ്ട് മുസ്ലീംലീഗ് പിടിമുറുക്കിയപ്പോൾ‍ പൊന്നാനിയിൽ‍ അത് നടക്കാതെ പോയത് യാദൃശ്ചികമായിട്ടായിരുന്നില്ല. സർ‍വ്വതല സ്പർ‍ശിയും എല്ലായിടത്തും ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പാർ‍ട്ടി യന്ത്രത്തിന്റെ പ്രത്യേകതകൊണ്ടായിരുന്നു അത്. ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്പോഴും അതെന്താണെന്ന് സ്വയം ഉൾ‍ക്കൊള്ളാൻ‍ പലർ‍ക്കും കഴിയാറില്ല എന്നാൽ‍ ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ സാധ്യതകൾ‍ സമൂഹത്തിൽ‍ ഉയർ‍ന്നു നിൽ‍ക്കാൻ‍ പോരാടിയ നേതാവായിരുന്നു സഖാവ് ഇന്പിച്ചിബാവ. തനിക്ക് ശരിയല്ലെന്ന് തീർ‍ത്തും ബോധ്യമുള്ള ആശയങ്ങളാണെങ്കിലും അത് പ്രചരിപ്പിക്കുവാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന നിലപാട് അദ്ദേഹം സ്വീകരിക്കുന്നതുകണ്ട് പലരും അത്ഭുതം കൂറിയ അനുഭവങ്ങളുണ്ട്. മതസംഘടനകൾ‍ തമ്മിലും ആശയങ്ങൾ‍ തമ്മിലും സംഘർ‍ഷങ്ങൾ‍ ഉണ്ടാകുന്പോൾ‍ തനിക്കതിനോട് വിയോജിപ്പാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്നെ എല്ലാവർ‍ക്കും ആശയപ്രചരണത്തിന് അദ്ദേഹം അവസരമൊരുക്കിയ അനുഭവങ്ങൾ‍ പൊന്നാനിയിൽ‍ നിരവധിയാണ്. 

മുസ്ലീം നവോത്ഥാനത്തിന്റെ ഉജ്വലമായ പാരന്പര്യമുള്ള മണ്ണാണ് പൊന്നാനിയുടേത്. അതുപോലെ തന്നെ മലയാള സാഹിത്യതറവാട്ടിൽ‍ മഹാപ്രതിഭകളുടെ സംഗമഭൂമിയുമായിരുന്നു. പൊന്നാനി ഈ രണ്ട് ധാരകളിൽ‍ നിന്നും അർ‍ഹിക്കുന്ന പരിഗണനകളിലൂടെ വളർ‍ത്തിയെടുക്കാൻ‍ തുടർ‍ച്ചയ്ക്കും വേണ്ടി അദ്ദേഹം നന്നായി പരിശ്രമിച്ചു. ഉമർ‍ഖാസിയും മക്തി തങ്ങളും മഖ്ദയും പല നിലയിൽ‍ പ്രകടിപ്പിച്ച ഉൽ‍പതിഷ്ണുത്വവും നവോത്ഥാനസന്ദേശവും ഉഴുതുമറിച്ച മണ്ണിൽ‍ ഏറ്റവും ഫലപ്രദമായ കൊയ്ത്തുൽ‍സവം നടത്തിയത് സഖാവ് ഇ.കെ ഇന്പിച്ചി ബാവയാണ്. വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ‍ അസാധാരണമായ ദീർ‍ഘവീക്ഷണമുള്ളതായിരുന്നു. പത്തേമാരികൾ‍ വന്നുപോയിരുന്നു. ചിരപുരാതനമായിരുന്ന പൊന്നാനി തുറമുഖത്തിന്റെ വാണിജ്യ സാധ്യതകൾ‍ക്ക് കാലം മങ്ങലേൽപ്പിച്ചു തുടങ്ങിയപ്പോൾ‍ മത്സ്യബന്ധനത്തിന്റെ സാധ്യതകളിലേയ്ക്ക് വഴി തിരിച്ചുവിട്ടത് അദ്ദേഹത്തിന്റെ ദീർ‍ഘവീക്ഷണം പ്രകടമായിരുന്നു. വിദ്യാഭ്യാസ പുരോഗതിക്കും, ഗതാഗത വികസനത്തിനും വഴിതുറന്നതും അദ്ദേഹം തന്നെയായിരുന്നു. മത മൗലികവാദത്തിന്റെയും വർ‍ഗ്ഗീയവാദത്തിന്റെയും ലക്ഷണങ്ങളെ മുളയിലെ നുള്ളി കളയാൻ‍ ഇന്പിച്ചിബാവ ഓരോ ശ്വാസത്തിലും പ്രയത്നിച്ചുകൊണ്ടിരുന്നു. ഇസ്ലാമിക ശരീഅത്തിന്റെ പേരിൽ‍ മുസ്ലീം സ്ത്രീകൾ‍ അനുഭവിക്കുന്ന വിവേചനത്തിന്റെ പ്രശ്‌നം ഉയർ‍ന്നുവന്ന ഘട്ടത്തിൽ‍ ഏറ്റവും ശക്തമായ നിലപാട് ഉയർ‍ത്തിക്കൊണ്ടുവരാൻ സാധിച്ചതിൽ ഇന്പിച്ചി ബാവയുടെ പങ്ക് വളരെ വലുതാണ്. ശരീഅത്ത് വിവാദത്തിന്റെ പേരിൽ‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ ഇന്ത്യയിൽ‍ തന്നെ നടന്ന മുസ്ലീം സ്ത്രീകളുടെ പ്രതിഷേധപ്രകടനങ്ങൾ‍ ശ്രദ്ധേയമായത് പൊന്നാനിയിലായിരുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കുന്നതിൽ അമരത്ത് തന്നെയുണ്ടായിരുന്നു ഇന്പിച്ചി ബാവ നിയമസഭാംഗവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെയാണ് ഇന്പിച്ചിബാവ രാഷ്ട്രീയ രംഗത്തെത്തുന്നത്. കോഴിക്കോട്ടു വെച്ചു നടന്ന അഖില കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ സംഘാടനത്തിലൂടെ പി.കൃഷ്ണപിള്ളയുടെ ശ്രദ്ധപിടിച്ചു പറ്റി. കൃഷ്ണപിള്ളയാണ് ഇന്പിച്ചിബാവയെ രാഷ്ട്രീയത്തിലേയ്ക്ക് കൈപിടിച്ചു നടത്തുന്നത്. 1967ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇ.എം.എസ് മന്ത്രിസഭയിൽ ഗതാഗതവകുപ്പു മന്ത്രിയായി. സി.പി.ഐ(എം) പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. നിലന്പൂർ കോവിലകം വക ഭൂമി കൈവശപ്പെടുത്തിക്കൊണ്ട് മിച്ച ഭൂമി സമരത്തിൽ സജീവ സാന്നിദ്ധ്യം വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടിരുന്നു. 

1917 ജൂലൈ 17 ന്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഏഴുകുടിക്കൽ തറവാട്ടിൽ അബ്ദുള്ളയുടെ മകനായാണ് ഇന്പിച്ചി ബാവയുടെ ജനനം. ഒരു തുറമുഖ തൊഴിലാളിയായിരുന്നു പിതാവ്. ബ്രിട്ടീഷുകാർ നടത്തിയിരുന്ന സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് കോഴിക്കോട് വിദ്യാർത്ഥികളുടെ ഇടയിൽ രൂപംകൊണ്ടിരുന്ന സ്റ്റുഡന്റ്സ് യൂണിയനിലെ അംഗവും സജീവ പ്രവർത്തകനുമായി മാറി. ഇക്കാലഘട്ടത്തിൽതന്നെ അദ്ദേഹം നല്ലൊരു പ്രാസംഗികനുമായിരുന്നു. അഖിലകേരള വിദ്യാർത്ഥി സമ്മേളനം കോഴിക്കോട്ട് സംഘടിപ്പിക്കുന്നതിൽ ഇന്പിച്ചി ബാവ കാണിച്ച പാടവം പി.കൃഷ്ണപിള്ളയുടെ ശ്രദ്ധ ആകർഷിച്ചു. കോഴിക്കോട് സാമൂതിരികോളേജിൽ വെച്ചായിരുന്നു സമ്മേളനം, പിന്നീട് അവിടെ വെച്ചു തന്നെ അഖില കേരള വിദ്യാർത്ഥി ഫെഡറേഷൻ രൂപീകരിക്കുകയുമുണ്ടായി. ഇന്പിച്ചി ബാവ ഈ സംഘടനയുടെ നേതാക്കളിലൊരാളായി തീർന്നു. ചെറുപ്പത്തിലേ പൊതുപ്രവർത്തനത്തിൽ തൽപ്പരനായിരുന്നു. കോൺഗ്രസ്സ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേയ്ക്ക് വന്ന ഇന്പിച്ചി ബാവ പിന്നീട് വൈകാതെ ഇടതുപക്ഷ പ്രസ്ഥാനത്തിലേയ്ക്ക് അടുക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി മാറുകയും ചെയ്തു. കോൺഗ്രസ്സിൽ നിന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും, അവിടെ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കുമുള്ള ഇന്പിച്ചി ബാവയുടെ യാത്രയിൽ പി. കൃഷ്ണപിള്ള സുപ്രധാനമായ പങ്കു വഹിച്ചിരുന്നു. പൊന്നാനിയിലെ അസംഘടിത ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് ഇന്പിച്ചിബാവ തൊഴിലാളി സംഘടനാ പ്രവർത്തനം തുടങ്ങിയത്. പിന്നീട് ദേശീയ പ്രസ്ഥാനത്തിൽ ഭാഗഭാക്കായ ഇന്പിച്ചിബാവ കേരളത്തിലെ തൊഴിലാളി സംഘടനയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സ്ഥാപനത്തിലും വളർച്ചയിലും വലിയ പങ്ക് വഹിച്ചു.

1940ലും 1942ലും ജയിൽ വാസമനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1943ൽ പൊന്നാനിയിൽ കോളറ പിടിപെട്ടപ്പോൾ ദുരിതാശ്വാസത്തിനായി മുന്നിട്ടിറങ്ങിയവരിൽ നേതാവിന്റെ ഛായ ഇന്പിച്ചി ബാവയിൽ ഉണ്ടായിരുന്നില്ല. പാർട്ടിയുടെ രണ്ടാം കോൺഗ്രസ്സിനുശേഷം പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ ഒളിവിൽ പോയി. ഇന്പിച്ചിബാവയെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിലുള്ള ദേഷ്യത്തിൽ അധികാരികൾ അദ്ദേഹത്തിന്റെ പിതാവിനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. 1951ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഇന്പിച്ചിബാവ മദിരാശി നിയോജകമണ്ധലത്തിൽ നിന്നും രാജ്യസഭാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയിൽ മലയാളത്തിൽ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് അദ്ദേഹം.

1946−ലെ കൽക്കട്ട കോൺഗ്രസിൽ മലബാറിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി 1964−ൽ പിളരുന്നതിന്‌ മുന്പ് അതിന്റെ ദേശീയ കൗൺസിൽ അംഗമായിരുന്നു ഇന്പിച്ചി ബാവ. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. മിച്ചഭൂമി സമരത്തിന് മലപ്പുറം ജില്ലയിൽ നേതൃത്വം നൽകിയത് ഇന്പിച്ചി ബാവയായിരുന്നു. നിലന്പൂർ കോവിലകം വക ഭൂമി കൈയേറിക്കൊണ്ടാണ് മലപ്പുറം ജില്ലയിലെ മിച്ച ഭൂമി സമരം തുടക്കം കുറിച്ചത്. 1962−ൽ പൊന്നാനിയിൽ നിന്ന് ലോകസഭാംഗമായി. 1967−ൽ ഇ.എം.എസ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി സേവനമനുഷ്ടിച്ചു. 1995 ഏപ്രിൽ 11−നാണ് ഇന്പിച്ചി ബാവ ഓർമ്മയാകുന്നത്. ബഹുമുഖമായ പ്രഹരശേഷി പ്രകടിപ്പിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ‍ അഗ്രഗണ്യനാണ് സഖാവ് ഇന്പിച്ചിബാവ. കൃഷ്ണപ്പിള്ളയുടെയും ഇ.എം.എസിന്റെയും, എ.കെ.ജിയുടെയും കൂടെ തന്നെയുള്ള ഒരു നാമധേയം. വൈവിധ്യങ്ങൾ‍ നിറഞ്ഞ ആ കമ്മ്യൂണിസ്റ്റ് വ്യക്തിത്വത്തിന്റെ സ്മരണകൾക്കു മുന്പിൽ ആദരവോടെ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed