ആ കരി­യി­ല ഇപ്പോ­ഴും കത്താൻ പാ­കത്തി­ലാണ്...


രാജീവ് വെള്ളിക്കോത്ത് 

1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്പോൾ ആ ചടങ്ങിൽ സംബന്ധിക്കാൻ നമ്മുടെ രാഷ്ട്രപിതാവിനായില്ല. അദ്ദേഹം പശ്ചിമ ബംഗാളിലെ നവഖാലിയിലായിരുന്നുവത്രെ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്പോൾ ഗാന്ധിജി കൂടി ഉണ്ടാകണമെന്ന ജവഹർലാൽ നെഹ്്റുവിന്റെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ വലംകൈ ആയിരുന്ന വി.കെ കൃഷ്ണ മേനോനെ ഗാന്ധിജിയുടെ അടുത്തേയ്ക്ക് ദൂതനായി പറഞ്ഞയച്ചു. നെഹ്‌റു കൊടുത്തയച്ച സന്ദേശം അദ്ദേഹം വായിക്കുകയും ചെയ്തു. അതിന് സുദീർഘമായ മറുപടി പ്രതീക്ഷിച്ച മേനോൻ ഗാന്ധിജി കടലാസിൽ പൊതിഞ്ഞ ഒരു കരിയിലയായിരുന്നു മറുപടിയായി നൽകിയത്. നിങ്ങൾ ഇന്ത്യയെ ഈ പരുവത്തിൽ ആക്കരുത് എന്നായിരുന്നു ആ സന്ദേശം. അതോ ഇപ്പോഴും ഒരു തീപ്പൊരി വീണാൽ കത്താൻ പാകത്തിലുള്ള കരിയിലയാണ് ഇന്ത്യ എന്ന സന്ദേശമായിരുന്നോ ദീർഘ വീക്ഷണത്തോടെ അദ്ദേഹം നൽകിയത്? സ്വാതന്ത്ര്യലബ്ധിയിൽ‍ ഒരു സാധാരണ ഇന്ത്യക്കാരനുണ്ടാകുന്ന സന്തോഷം പോലും ഗാന്ധിജിക്ക് ഉണ്ടായിരുന്നില്ല എന്നാണ് ഈ സംഭവം വെളിവാക്കുന്നത്. പരാജയമടഞ്ഞ പോരാളിയുടേതിനേക്കാൾ‍ തകർ‍ന്നടിഞ്ഞ ഒരു സാധാരണ മനുഷ്യന്റെ മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. മരണം വരേയും ആ നിരാശാബോധം അദ്ദേഹത്തെ വേട്ടയാടുകയും ചെയ്തിരുന്നു. ഞാൻ ശൂന്യമായിപ്പോയി എന്നതായിരുന്നു ഗാന്ധിജിയുടെ മനസ്സിൽ ഉണ്ടായിരുന്ന വികാരം. ഇന്ത്യാ ചരിത്രത്തിൽ‍ അത് വരെ കാണാതിരുന്ന സാമുദായിക ഭ്രാന്തിന് രാജ്യം അടിമപ്പെട്ട നാളുകളിൽ‍ തന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും തകർ‍ന്നടിയപ്പെട്ടതായി ഗാന്ധിജി അന്ന് തന്നെ തിരിച്ചറിഞ്ഞു. കോൺ‍ഗ്രസ്− ലീഗ് നേതാക്കൾ‍ ബ്രിട്ടീഷ് പ്രതിനിധികളുമായി അധികാരക്കൈമാറ്റ ചർ‍ച്ചകളിൽ‍ മുഴുകുന്ന സമയത്ത് ഇന്ത്യൻ അതിർ‍ത്തികളിൽ‍ പരസ്പരം കൊന്ന് മുന്നേറുന്ന മുസ്ലീംകൾ‍ക്കും ഹിന്ദുക്കൾ‍ക്കുമിടയിൽ‍ മുറിവേറ്റ ഹൃദയവുമായി അക്ഷരാർത്‍ഥത്തിൽ‍ ഓടിനടക്കുകയായിരുന്ന രാഷ്ട്രപിതാവിന് അന്ന് ഈ കരിയിലയല്ലാതെ മറ്റെന്ത് സന്ദേശമാണ് കൊടുത്തയക്കാനാവുക?

സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകൾ പിന്നിടുന്പോഴും  ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ മനസ്സും ആ കരിയിലയ്ക്ക് സമാനമാണെന്ന് പറയാം. ഓരോ സംസ്ഥാനത്തുമുള്ള ഇന്ത്യക്കാരന്റെ മനസിലും ഇന്ത്യയെക്കുറിച്ചുള്ള സങ്കൽപ്പം വെവ്വേറെയാണ്. ജാതി, മത, രാഷ്ട്രീയത്തിന്റെ അതിർത്തിവരന്പുകളെ  ലംഘിക്കാൻ ഒരു ഇന്ത്യക്കാരന്റെ മനസ്സിനും ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യക്കാരൻ എന്ന് അഭിമാനത്തോടെ പറയുന്നതിന് പകരം കേരളീയൻ, ബംഗാളി, തമിഴൻ എന്നുള്ള പ്രയോഗങ്ങളാണ് പലപ്പോഴും നടത്തിവരുന്നത്. കേരളത്തിന്റെയും തമിഴ് നാടിന്റെയും തന്നെ കാര്യമെടുത്താൽ ഇന്ത്യക്കാരായ നമ്മുടെ പരസ്പര മത്സരത്തിന്റെ ഉദാഹരണമാകും. ഇന്ത്യൻ മണ്ണിൽ നിന്നുത്ഭവിച്ചു ഇന്ത്യയുടെ സമുദ്രത്തിലേയ്ക്ക് ലയിക്കുന്ന മഹാനദികളിലെ വെള്ളം പോലും കേരളയീന്റെ വെള്ളമെന്നും തമിഴന്റെ വെള്ളമെന്നും സങ്കൽപ്പിച്ച് പരസ്പരം പോരാടുകയാണ്.

സ്വാതന്ത്ര്യത്തിന് മുൻപും പിൻപും ജാതിയുടെയും മതത്തിന്റെയും രാഷ്രീയത്തിന്റെയും പേരിൽ വിഭാഗങ്ങളായി തിരിഞ്ഞ് പോരാടുന്ന കാഴ്ച ഇന്ത്യൻ സംസ്ഥാനങ്ങളിലെങ്ങും ഇന്നും നടമാടുന്നു. മാറി മാറി വരുന്ന ഭരണ വർഗ്ഗത്തിന്റെ താൽപ്പര്യത്തിനനുസൃതമായുള്ള നിയമങ്ങളും നിയമം നടപ്പിലാക്കുന്നവരുടെ വിഭാഗീയതയും ഇത്തരത്തിലുള്ള രാഷ്ട്രീയ മത വർഗീയ മാത്സര്യത്തിന് ഹേതുവാകുന്നുണ്ടെന്നുള്ളതിന് യാതൊരു സംശയവുമില്ല. ജനകീയം വാഴേണ്ടുന്ന നാടുകളിൽ വാഴുന്നത് ഭരണകർത്താക്കളുടെ ഹിതം മാത്രം. അധികാരവും അഴിമതിയും ഭരണകൂടഭീകരതയുമെല്ലാം ആഗോളവൽ‍ക്കരിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ‍ സകല തിന്മകളും ഒന്നു ചേർ‍ന്ന് ഭീകര രൂപംപൂണ്ട അധികാര സ്വത്വത്തിന് മുന്നിൽ‍ നിസഹായരായിപ്പോകുന്ന സാധാരണ ജനങ്ങളെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മനുഷ്യത്വം മറക്കാത്ത ചില മനുഷ്യരെങ്കിലും ജീവിച്ചിരിക്കുന്പോഴും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തങ്ങളും സമര രീതികളും സ്വപ്നം കാണാൻ പോലും കഴിയാത്ത അത്രയും അകലത്തിലേയ്ക്ക് എത്തിക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ടുകൾ പിന്നിടുന്പോൾ.. ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ എണ്ണം വിരലിൽ എണ്ണാവുന്നത് മാത്രമാകുന്പോൾ ഗാന്ധിജി വിഭാവനം ചെയ്തതത് പോലെയല്ലെങ്കിലും ആ കരിയില കത്താതെ സൂക്ഷിക്കാനെങ്കിലും ഓരോ ഭാരതീയനും തയ്യാറാവുക തന്നെ വേണം. ഐക്യഭാരതം പടുത്തുയർത്തുന്ന പോരിൽ ഹൃദയമൊന്നായ് ഭാഷയൊന്നായ് ജാതിയൊന്നായ് ജീവിക്കാൻ മനസ്സുകൊണ്ടെങ്കിലും തയ്യാറാവണം. തോക്കുകൾ അല്ല നമുക്ക് വേണ്ടത് തൂന്പകളാണ്. വാളുകൾ വീണയാക്കുക... തലകളല്ല വയലിലെ വിളവുകളാണ് കൊയ്തെടുക്കേണ്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed