രാ­മകഥാ­മൃ­തം - ഭാ­ഗം 29


എ. ശിവപ്രസാദ്

തന്റെ പുത്രനായ ഇന്ദ്രജിത്തിന്റെ മരണവാർത്തയറിഞ്ഞ രാവണൻ ബോധരഹിതനായി നിലംപതിച്ചു. അല്പനേരം കഴിഞ്ഞ് ബോധം വീണ്ടെടുത്ത രാവണൻ പുത്രനെയോർത്ത് വിലപിച്ചു. “എന്റെ പ്രിയപുത്രാ! നീ ഒരു മഹാവീരനായിരുന്നില്ലേ! നിനക്ക് സമാനമായി ഈ ഭൂമിയിൽ ആരുണ്ടായിരുന്നു? ഇന്ദ്രനെ തോൽപ്പിച്ച നീ എങ്ങിനെ ലക്ഷ്മണനാൽ പരാജിതനായി? നീ വീരനാണ്. നിനക്ക് വീരസ്വർഗ്ഗം ലഭിക്കുക തന്നെ ചെയ്യും! എന്റെ പ്രിയ ഇന്ദ്രജിത്തേ നീ എന്തിനാണ് അമ്മയായ മണ്ധോദരിയേയും അച്ഛനായ എന്നെയും വിട്ടുപോയത്. നിന്റെ വിയോഗത്തിൽ ദേവന്മാർ ഭയരഹിതരായിട്ടുണ്ടാവും.”

രാവണനെ ആർക്കും തന്നെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല. അല്പനേരം കൊണ്ടുതന്നെ രാവണന്റെ ദുഃഖം കോപത്തിന് വഴിമാറി. പ്രകൃത്യാ തന്നെ രാവണൻ മുൻകോപിയായിരുന്നു. ദ്രവമയമായ അഗ്നിപോലെ ചൂടുള്ള കണ്ണീർ പുറത്തുവന്നു. ഉടൻ തന്നെ ആയുധങ്ങളും രഥവും തയ്യാറാക്കിക്കൊണ്ടുവരാൻ രാവണൻ ആജ്ഞാപിച്ചു. ഇന്ദ്രജിത്തിന്റെ മരണം മൂലമുണ്ടായ ദുഃഖവും കോപവും രാവണനെ ഒരു ഭ്രാന്ത് പിടിച്ചവനെപ്പോലെയാക്കി. രാവണൻ ഉറയിൽ നിന്നും വാള് ഊരിയെടുത്ത് സീതാദേവിയെ വധിക്കാനായി ഓടി. അശോകവനിയിലെത്തിയ രാവണൻ സീതയുടെ അടുത്തേയ്ക്ക് വാളുമായി പോയി. നിരവധി രാക്ഷസന്മാർ അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി ചെന്നു. വാളുയർത്തിപ്പിടിച്ച രാവണൻ അടുത്തേയ്ക്ക് വരുന്നത് സീത കണ്ടു. സീതയുടെ അടുത്തേയ്ക്ക് പോകുന്ന രാവണന്റെ മുന്നിൽ മന്ത്രിയായ സുപാർശൻ ചെന്നു. സീതയെ ഇപ്പോൾ കൊല്ലുന്നത് അനുചിതമാണെന്നും സീതയെ കൊന്നു കളഞ്ഞാൽ പിന്നെ എങ്ങിനെ സ്വന്തമാക്കാൻ കഴിയുമെന്നും സുപാർശ്വൻ ചോദിച്ചു. ഇപ്പോൾ അങ്ങ് രാമനോട് യുദ്ധം ചെയ്യാൻ പോകുകയാണ് വേണ്ടതെന്ന് സുപാർശ്വൻ പറഞ്ഞു.

സുപാർശ്വന്റെ വാക്കുകളാൽ രാവണന്റെ കോപം അല്പം കുറഞ്ഞു. വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം രാവണൻ പ്രത്യേകമായ സ്വന്തം സൈന്യത്തെ വിളിച്ചു വരുത്തി. എന്നിട്ട് തന്റെ സൈന്യത്തോട് ഇങ്ങനെ പറഞ്ഞു. “കുതിരകളും കാലാളുകളും രഥങ്ങളും ആനകളും ഉൾപ്പെട്ട സൈന്യങ്ങളുമായി നിങ്ങൾ ഇപ്പോൾ തന്നെ പുറപ്പെടണം. ആ രാമനെ നാല് ഭാഗത്ത് നിന്നും വളയുക. എന്നിട്ട് രാമന്റെ മേൽ ശരങ്ങൾ വർഷിക്കുക, ഏത് വിധേയനേയും രാവണനെ വധിക്കുക ഇനി അതു സാധിക്കുന്നില്ലെങ്കിൽ ഞാൻ നാളെ നേരിട്ട് രാമനോടെതിരിടും. എന്റെ കൂർത്ത ശരങ്ങൾ കൊണ്ട് ഞാനവന്റെ മാറ് പിളർക്കും. എന്നിട്ട് എന്റെ മകന്റെ മരണത്തിന് പ്രതികാരം ചെയ്യും. രാവണസൈന്യം യുദ്ധഭൂമിയിലേയ്ക്ക് എത്തി. പിന്നീടങ്ങോട്ട് അതിഘോരമായ യുദ്ധമായിരുന്നു. പക്ഷെ ജാംബവാൻ, ഹനുമാൻ, സുഗ്രീവൻ, അംഗദൻ, സുഷേണൻ എന്നീ വീരന്മാരുടെ ബാഹു പരാക്രമങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ രാവണസൈന്യത്തിനായില്ല. രാവണസൈന്യം ഏതാണ്ട് ഛിന്നഭിന്നമായി.

തന്റെ സൈന്യത്തിന് ക്ഷയം സംഭവിച്ചതറിഞ്ഞ രാവണൻ യുദ്ധമുഖത്തെത്തി. ശ്രീരാമൻ രാവണൻ നിൽക്കുന്നിടത്തെത്തി. പിന്നീടങ്ങോട്ട് കനത്ത അസ്ത്രപ്രയോഗമായിരുന്നു. ഇരുവരും പരസ്പരം അതിമാരകമായ അസ്ത്രങ്ങൾ പ്രയോഗിച്ചു. ഇതിനിടയിൽ ലക്ഷ്മണൻ എത്തി രാവണനോട് യുദ്ധം തുടങ്ങി. ലക്ഷ്മണൻ രാവണന്റെ രഥത്തിലെ കൊടിക്കൂറ ഏയ്ത് മുറിച്ചു. ഇതിനിടയിൽ വിഭീഷണൻ രാവണന്റെ കുതിരകളെ കൊന്നു. ക്രൂദ്ധനായ രാവണൻ വിഭീഷണന് നേരെ തിരിഞ്ഞപ്പോൾ ലക്ഷ്മണൻ അത് തടഞ്ഞു. അതിക്രൂദ്ധിതനായ രാവണൻ തനിക്ക് മയൻ നൽകിയ ശക്തി എന്ന വേൽ ലക്ഷ്മണന് നേരെ പ്രയോഗിച്ചു. ഒരിക്കൽ ഉപയോഗിച്ചാൽ ശത്രുവിന് മേൽ പതിച്ചല്ലാതെ ശക്തി എന്ന വേൽ തിരിച്ചുവരുമായിരുന്നില്ല. അതുതന്നെ സംഭവിച്ചു. ലക്ഷ്മണന് മേൽ ശക്തി പതിച്ചപ്പോൾ ലക്ഷ്മണൻ ബോധരഹിതനായി വീണു. ലക്ഷ്മണൻ വീണതു കണ്ട ശ്രീരാമൻ അടുത്തു ചെന്ന് ലക്ഷ്മണനെ ചേർത്തു പിടിച്ചു. ജാംബവാൻ അവിടെയെത്തിയിട്ട് മൃതസഞ്ജീവനി വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഹനുമാൻ മൃതസഞ്ജീവനിക്കായി വീണ്ടും പോയി. രാമസൈന്യത്തിൽ നിരാശ പടർന്നു. രാവണസൈന്യത്തിൽ ആഹ്ലാദവും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed