അയ്യായിരം അഫ്ഗാൻ പൗരന്മാർക്ക് താൽക്കാലിക അഭയം നൽകുമെന്ന് യുഎഇ
അബുദാബി: അഫ്ഗാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് താൽക്കാലിക അഭയം നൽകാൻ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. അയ്യായിരം അഫ്ഗാനിസ്ഥാൻ പൗരന്മാർക്ക് 10 ദിവസത്തേക്ക് താൽക്കാലിക അഭയം നൽകുമെന്ന് യുഎഇ അറിയിച്ചു. യുഎസിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനമെന്നും യുഎഇ ഭരണകൂടം അറിയിച്ചു.
അമേരിക്കൻ വിമാനങ്ങളിൽ അഫ്ഗാന്‍ പൗരന്മാരെ യുഎഇയിലെത്തിക്കും. ജർമ്മനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുമായുള്ള ധാരണ അമേരിക്ക ഉടൻപ്രഖ്യാപിക്കും. അതേസമയം, കാബൂൾ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തിൽ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അഫ്ഗാനിൽ യുഎസിനെ സഹായിച്ച സ്വദേശികളെ രക്ഷപ്പെടുത്തുമെന്നും ജോ ബൈഡൻ അറിയിച്ചു. കാബൂൾ വിമാനത്താവളത്തിൽ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് ഉള്ളത്. ഇതിനകം 18,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്ന് മാറ്റി.
