ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായി; നികുതി ഇളവുകളോടെ പുതിയ സാമ്പത്തിക അധ്യായം


ശാരിക I വിദേശകാര്യം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച സുപ്രധാനമായ സംയുക്ത പ്രസ്താവന പുറത്തിറക്കി. കരാർ നിലവിൽ വന്നതോടെ അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്തപ്പോൾ ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന തീരുവ 18 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. തുണിത്തരങ്ങൾ, ചെരുപ്പുകൾ തുടങ്ങിയ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ തീരുവ കുറയ്ക്കാൻ ധാരണയായതിനൊപ്പം സോയാബീൻ ഓയിൽ, വൈൻ, സ്പിരിറ്റ് എന്നിവയ്ക്ക് തീരുവ പൂർണ്ണമായും ഒഴിവാക്കി.

ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ചില വിമാനങ്ങൾക്കും വിമാന ഭാഗങ്ങൾക്കും മേലുള്ള നികുതി ഒഴിവാക്കിയതിനൊപ്പം ബദാം, പഴങ്ങൾ തുടങ്ങിയ കാർഷിക വിഭവങ്ങൾക്കും നികുതി ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. കരാർ വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ മരുന്നുകൾ, രത്നം, വജ്രം എന്നിവയുടെ നികുതി അമേരിക്ക ഒഴിവാക്കും. ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള മേഖലകളിൽ വിപണി സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ബാധ്യതയുണ്ടെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. അഞ്ച് വർഷം കൊണ്ട് ഇന്ത്യ അമേരിക്കയിൽ നിന്ന് 500 ബില്യൺ ഡോളറിന്റെ ഇറക്കുമതി നടത്തുമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്.

അമേരിക്കയിൽ ഇന്ത്യൻ അരി ഇറക്കുമതി ചെയ്യുന്നതിന് മുൻഗണന നൽകുന്നതിനൊപ്പം അമേരിക്കൻ മദ്യത്തിന് ഇന്ത്യയിൽ തീരുവ കുറയ്ക്കും. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന റബ്ബർ, പ്ലാസ്റ്റിക്, തുകൽ, വാഹന സ്പെയർ പാർട്സ് എന്നിവയ്ക്കും തീരുവ ഇളവുണ്ടാകും. കൂടാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക പിഴ തീരുവ റദ്ദാക്കിക്കൊണ്ട് പ്രസിഡന്റ് ട്രംപ് പ്രത്യേക ഉത്തരവ് പുറത്തിറക്കി.

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി പകരം യുഎസിൽ നിന്ന് കൂടുതൽ ഊർജ ഉത്പന്നങ്ങൾ വാങ്ങുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഈ നടപടി. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിച്ചാൽ തീരുവ തിരികെ ഏർപ്പെടുത്തുമെന്ന് ഉത്തരവിൽ മുന്നറിയിപ്പുണ്ട്. അതേസമയം സംയുക്ത പ്രസ്താവനയിൽ റഷ്യൻ എണ്ണയെക്കുറിച്ച് പരാമർശമില്ല.

article-image

cvxv

You might also like

Most Viewed