നെഹ്‌റു ഐൻസ്റ്റീനൊപ്പം സ്മരിക്കപ്പെടുമ്പോൾ മോദി എപ്‌സ്റ്റീൻ ഫയലിനൊപ്പം ഓർക്കപ്പെടും; രാജ്യസഭയിൽ ഇമ്രാൻ പ്രതാപ്ഗഢിയുടെ തീപ്പൊരി പ്രസംഗം
ശാരിക l ദേശീയം
ന്യൂഡൽഹി: രാജ്യസഭയിലെ പ്രക്ഷുബ്ധമായ ചർച്ചകൾക്കിടയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആക്രമണവുമായി കോൺഗ്രസ് എംപിയും പ്രശസ്ത കവിയുമായ ഇമ്രാൻ പ്രതാപ്ഗഢി രംഗത്തെത്തി. രാജ്യസഭയിൽ കവിതകൾ ഉദ്ധരിച്ചും ശക്തമായ വാക്കുകളിലൂടെയും ശ്രദ്ധേയമായ പ്രസംഗങ്ങൾ നടത്തുന്ന ഇമ്രാൻ, ഇത്തവണയും തന്റെ നിലപാടുകൾ കൊണ്ട് സഭയെയും സാമൂഹ്യ മാധ്യമങ്ങളെയും ഒരുപോലെ പിടിച്ചുകുലുക്കി.
ബജറ്റ് അവതരണത്തിന് പിന്നാലെ നടന്ന ചർച്ചയിൽ മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകം, ഇന്ത്യ-അമേരിക്ക വ്യാപാര കരാർ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഉയർത്തിയ വിമർശനങ്ങൾ ഏറ്റുപിടിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകക്കേസിൽ പ്രതികളായ ബിജെപി നേതാക്കളെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും ഇമ്രാൻ ആരോപിച്ചു. ബറേലിയിൽ നിസ്കരിക്കുകയായിരുന്ന മുസ്‌ലിങ്ങളെ അറസ്റ്റ് ചെയ്തതും, മധ്യപ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾക്കിടെ നടന്ന ആക്രമണങ്ങളും അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
മധ്യപ്രദേശിലെ ബെതൂലിൽ സ്വകാര്യ സ്കൂൾ തകർത്തതും ജമ്മു കശ്മീരിൽ മെഡിക്കൽ പ്രവേശനം നേടിയ മുസ്‌ലിം വിദ്യാർഥികളുടെ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കിയതുമുൾപ്പെടെയുള്ള ന്യൂനപക്ഷ വിരുദ്ധ നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഐൻസ്റ്റീന്റെ പേരിനൊപ്പം ലോകം നെഹ്‌റുവിനെ സ്മരിക്കുമ്പോൾ, ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദ ഫയലുകൾക്കൊപ്പമായിരിക്കും നരേന്ദ്ര മോദിയെ രാജ്യം ഓർക്കുകയെന്ന ഇമ്രാന്റെ പരാമർശം സഭയിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. എപ്സ്റ്റീൻ ഫയലിലെ മോദിയെക്കുറിച്ചുള്ള പരാമർശങ്ങളിൽ സർക്കാർ തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം പ്രസംഗത്തിൽ ആവർത്തിച്ചു.
sddfsdf


