യു.എ.ഇ.യിലെ പ്രവേശനവിലക്ക്; പ്രവാസികൾ പ്രതിസന്ധിയിൽ

ദുബൈ : ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ യു.എ.ഇ. പ്രഖ്യാപിച്ച പ്രവേശന വിലക്ക് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികളെ ദുരിതത്തിലാക്കി. ഏപ്രിൽ 24 ശനിയാഴ്ച വൈകീട്ടു മുതൽ 10 ദിവസത്തേക്കാണ് യു.എ.ഇ. ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അവധിക്ക് നാട്ടിലെത്തിയവർ വിമാനടിക്കറ്റിനായി നെട്ടോട്ടമായിരുന്നു. വിലക്ക് നീട്ടിയേക്കാമെന്ന ആശങ്കയുമുണ്ട്. ദുബായിലെത്താൻ 48 മണിക്കൂറിനകമുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം ഹാജരാക്കണമെന്ന പുതിയ നിബന്ധനയും പ്രയാസമുണ്ടാക്കുന്നു.
നാട്ടിലേക്ക് അവധിക്ക് പോയവരിൽ ഭൂരിഭാഗവും ചെറിയ പെരുന്നാൾ കഴിഞ്ഞ് മടങ്ങാനിരിക്കുന്നവരാണ്. വിവാഹം, ആശുപത്രി ആവശ്യങ്ങൾ തുടങ്ങിയവയ്ക്ക് കുറച്ചുദിവസത്തെ അവധിക്ക് പോയവരുമുണ്ട്. 10 ദിവസത്തിനുള്ളിൽ തൊഴിൽവിസ, താമസവിസ, പാർട്ണേഴ്സ് വിസ എന്നിവ തീരാനിരിക്കുന്നവരും കൂട്ടത്തിലുണ്ട്. തിരിച്ചെത്തിയില്ലെങ്കിൽ തൊഴിൽ പോകുമെന്ന അവസ്ഥയിലാണ് ചിലർ. യു.എ.ഇയിൽനിന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്ത് കാത്തിരുന്ന പലർക്കും യാത്ര റദ്ദാക്കേണ്ടി വന്നു.
ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ ദിർഹം (ഏകദേശം 20,404 രൂപ) മുടക്കി ടിക്കറ്റെടുത്തവരുമുണ്ട്. തുക തിരികെ നൽകാനോ വീണ്ടും ബുക്ക് ചെയ്യാനോ ഉള്ള ക്രമീകരണങ്ങൾ ഇത്തിഹാദ് എയർവേസ്, എമിറേറ്റ്‌സ്, ഫ്ളൈദുബായ് എന്നീ വിമാനക്കമ്പനികൾ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ എന്നിവരുടെ നേതൃത്വത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി പ്രത്യേക ചാർട്ടേഡ് വിമാനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.