യുഎഇയില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കിത്തുടങ്ങി


 

അബുദാബി: ചൈനീസ് കന്പനിയായ സിനോഫാം വികസിപ്പിച്ച കൊവിഡ് വാക്സിൻ യുഎഇ അംഗീകാരം നല്‍കിയതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കന്പനിയുടെ കോള്‍ സെന്ററില്‍ വിളിച്ച് അപ്പോയിന്റ്മെന്റ് വാങ്ങിയ ശേഷമാണ് വാക്സിനെടുക്കാന്‍ എത്തേണ്ടത്. 20 ലക്ഷം ഡോസ് വാക്സിനുകള്‍ കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിച്ചിരുന്നു.
പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങിയതോടെ നിരവധി പ്രവാസികളും ഇതിനോടകം വാക്സിനെടുത്തു. യുഎഇയില്‍ ജീവിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുന്ന നടപടിയാണിതെന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുന്ന യുഎഇ സര്‍ക്കാറിനെയും അവര്‍ അഭിനന്ദിച്ചു. ആദ്യ ഡോസ് എടുത്ത ശേഷം 21 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കണം. വാക്സിനെടുക്കാനെത്തുന്നവരുടെ ആരോഗ്യനില പരിശോധിച്ച ശേഷം സംശയങ്ങളും ദൂരീകരിച്ചാണ് ഇഞ്ചക്ഷന്‍ നല്‍കുന്നത്.
അബുദാബിയിലെ ഹോപ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം 20 ലക്ഷം ഡോസ് വാക്സിന്‍ കൊണ്ടുവന്നത്. മാസങ്ങളായി യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തിവന്നിരുന്ന വാക്സിനാണ് സിനോഫാമിന്റേത്. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലം യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യ വകുപ്പും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
കൊവിഡ് വൈറസ് ബാധയ്‍ക്കെതിരെ 86 ശതമാനം ഫലപ്രാപ്‍തി വാക്സിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed