സൗദിയിൽ നവജാത ശിശുക്കളെ തട്ടിയെടുത്ത വനിതയ്ക്ക് വധശിക്ഷ


ദമാം: സൗദിയിലെ 2 ആശുപത്രികളിൽ നിന്നായി 3 നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതി സൗദി വനിത മർയമിനു വധശിക്ഷ. ദമാം ക്രിമിനൽ കോടതിയുടേതാണ് വിധി. മൂന്നാം പ്രതി യെമനിക്കു 25 വർഷത്തെ തടവുണ്ട്. 5 പ്രതികളുള്ള കേസിൽ 2 പേരുടെ ശിക്ഷയാണ് കഴിഞ്ഞ ദിവസം വിധിച്ചത്.

1993 ജൂലൈ 4ന് ഖത്തീഫ് ആശുപത്രിയിൽനിന്നു സെപ്റ്റംബർ 8, 1999 ജൂലൈ 21 എന്നീ തീയതികളിലായി ദമാം മെറ്റേണിറ്റി ആശുപത്രിയിൽ നിന്നുമാണ് നഴ്സിന്റെ വേഷത്തിലെത്തിയ വനിത കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ആദ്യ കുഞ്ഞിനു ഭർത്താവിന്റെ അറിവോടെ ഫാമിലി കാർഡിൽ പേരു ചേർത്തു സൗദി തിരിച്ചറിയൽ കാർഡ് എടുത്തിരുന്നു. എന്നാൽ മറ്റു 2 കുട്ടികളുടെ പേരു ചേർക്കാൻ രണ്ടാം ഭർത്താവ് വിസമ്മതിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് എടുക്കാനായി വീണ്ടും സമർപ്പിച്ച രേഖകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് രണ്ടര പതിറ്റാണ്ടു മുൻപ് നടന്ന തട്ടിക്കൊണ്ടുപോകൽ പുറം ലോകമറിഞ്ഞത്.
ആൺമക്കളില്ലാത്ത വിഷമമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ പ്രേരിപ്പിച്ചതെന്ന് വനിത സമ്മതിച്ചു.
തുടർന്ന് ഡിഎൻഎ പരിശോധന നടത്തി യഥാർത്ഥ രക്ഷിതാക്കളെ കണ്ടെത്തി 3 കുട്ടികളെയും കൈമാറുകയായിരുന്നു.
തട്ടിക്കൊണ്ടുപോകൽ, വ്യാജ രേഖ ചമയ്ക്കൽ, ആൾമാറാട്ടം, കുട്ടികൾക്ക് വിദ്യാഭ്യാസവും പൗരത്വവും നിഷേധിക്കൽ, കള്ളം പറയൽ തുടങ്ങി കുറ്റങ്ങളാണ് വനിതയ്ക്കെതിരെ ചുമത്തിയത്. വിദേശത്തുള്ള അഞ്ചാം പ്രതിയെ സൗദിയിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed