കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയനായി പ്രവാസി മലയാളിയും


അബുദാബി: കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയനായി പ്രവാസി മലയാളിയും. 16 വർഷമായി യു.എ.ഇയിൽ പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം കോട്ടക്കൽ സ്വദേശി സദാബ് അലി(41)യാണ് യു.എ.ഇയുടെ കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയനായത്. ഒരു സിറിഞ്ച് ശരീര
ത്തിലെവിടെയോ കുത്തുന്ന ക്ലോസ് അപ്പ് ചിത്രവും മാനവികതയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനായതിൽ സന്തോഷം എന്ന കുറിപ്പും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അതിന്റെ പിന്നാന്പുറം അന്വേഷിച്ച സുഹൃത്തുക്കളിലൂടെയാണ് സദാബ് യു.എ.ഇ.യുടെ കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയനായ വിവരം പുറംലോകമറിയുന്നത്. അബുദാബി കമ്മ്യൂണിറ്റി പോലീസിന്റെ വി ആർ ഓൾ പോലീസ് പദ്ധതിയിലെ സജീവാംഗമാണ് സദാബ്. ആ കൂട്ടായ്മയിലൂടെയാണ് വാക്സിൻ പരീക്ഷണത്തിന്റെ ചിന്തയിലേക്ക് വരുന്നത്. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ സദാബ് ജൂലൈ 24−ന് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ പ്രാരംഭ പരിശോധനയ്ക്ക് വിധായനാവുകയും ചെയ്തു. എന്നാൽ ബിലിറൂബിൻ തോതിൽ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന് അപേക്ഷ പ്രാരംഭത്തിൽത്തന്നെ തള്ളി. പിന്നീടുള്ള വിശദ പരിശോധനയ്ക്കും കുടുംബത്തിലെ രോഗ പാരന്പര്യ നിർണയത്തിനും ശേഷം ആ വെല്ലുവിളി തരണം ചെയ്ത് വാക്സിൻ പരീക്ഷണത്തിന് സജ്ജമായ ശരീരമെന്ന സാക്ഷ്യപത്രം ലഭിച്ചു.

അങ്ങനെ നിരവധി പരിശോധനകൾക്കും ബോധവൽക്കരണങ്ങൾക്കുമൊടുവിൽ ജൂലൈ 28ന് ലോകം മുഴുവൻ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആ ഉദ്യമത്തിൽ അങ്ങനെ ഒരു പ്രവാസി മലയാളിയും പങ്കാളിയാവുകയായിരുന്നു. ഫാർമസിസ്റ്റ് കൂടിയായിരുന്ന ഭാര്യ സാഹിറയുടെ പിന്തുണ ഈ ഉദ്യമത്തിൽ ഭാഗമാവാൻ കരുത്തുപകർന്നു. അടുത്ത 379 ദിവസവും ഇദ്ദേഹം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാവും. മരുന്നിന്റെ പ്രതികരണം പലതരത്തിലാവാം. ചെറിയ പനിയോ ശ്വാസം മുട്ടലോ വയറിളക്കമോ ചുമയോ.... ഇതൊന്നുമില്ലാതെയുമാവാം. എല്ലാം കരുതലിന്റെ സുരക്ഷാവലയത്തിനുള്ളിൽത്തന്നെ. ഇനിയൊരു ഡോസ് കൂടിയുണ്ട്. 21 ദിവസത്തിനുശേഷം. എങ്കിലും എല്ലാ ദിവസവും ശാരീരികവും മാനസികവുമായ എല്ലാ മാറ്റങ്ങളും അടയാളപ്പെടുത്തണം. ഒരു നാൽപതുകാരനിലെ മാറ്റമാവില്ല ഇരുപതുകാരനിൽ. അതെല്ലാം അതതുസമയങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിനിധികൾ അന്വേഷിക്കും. എല്ലാ പിന്തുണയും സഹായങ്ങളും നൽകും. സൂചി കുത്തിയ കൈയ്യിലെ നിറവ്യത്യാസവും ചുറ്റിലുമുണ്ടായേക്കാവുന്ന നീരിന്റെയും തടിപ്പിന്റെയും സൂക്ഷ്മാംശവുംവരെ അടയാളപ്പെടുത്തണം. അത് വിശകലനവും തുടർവിശകലനങ്ങളും ചെയ്ത് ഒടുവിലാണ് ഒരു നിർണയത്തിൽ എത്തുക. വളരെ സങ്കീർണവും വിജയകരവുമായ ആദ്യ രണ്ടുഘട്ടങ്ങൾക്ക് ശേഷം യു.എ.

ഇ.യിൽ കൂടുതൽപ്പേരെ വാക്സിൻ പരീക്ഷണത്തിന് വിധേയമാക്കുന്ന മൂന്നാംഘട്ടം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുന്നതേയുള്ളൂ. കഴിഞ്ഞ ദിവസങ്ങളിലാണ് രജിസ്റ്റർ ചെയ്തവരിലേക്ക് പരീക്ഷണം വ്യാപിപ്പിക്കുന്നത്. കോവിഡ് പിടിപെട്ടിട്ടില്ലാത്ത ശാരീരികക്ഷമതയുള്ള 18−നും 60−നും ഇടയിൽ പ്രായമുള്ളവരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്. ഇവർ മറ്റ് ഗുരുതര രോഗങ്ങളൊന്നും ഇല്ലാത്തവരായിരിക്കുകയും വേണം. യു.എ.ഇ.യുടെ വിശ്വമാനവികതയെന്ന വലിയ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിർമ്മിത ബുദ്ധി, ക്ലൗഡ് കന്പ്യട്ടിംഗ് കന്പനിയായ ജി 42യും ചൈനീസ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed