വന്ദേ ഭാരത് ദൗത്യം: യുഎഇ പ്രവാസികൾക്ക് ഇനി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം
അബുദാബി: യുഎഇയിൽ നിന്ന് നാട്ടിൽ പോകാനാഗ്രഹിക്കുന്നവർക്ക് വന്ദേ ഭാരത് വിമാനങ്ങളുടെ ടിക്കറ്റുകൾ ഇനി നേരിട്ട് ബുക്ക് ചെയ്യാമെന്ന് ഇന്ത്യൻ എംബസി. വന്ദേ ഭാരത് ദൗത്യത്തിന്‍റെ നാലാം ഘട്ടത്തിൽ ജൂലൈ മൂന്ന് മുതൽ യുഎഇയിൽ നിന്ന് മടങ്ങുന്നവർക്കാണ് ഇന്ത്യൻ എംബസിയുടെ അനുമതിയില്ലാതെ നാട്ടിലെത്താൻ സാധിക്കുക.
എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ് വഴിയും ഓഫീസുകൾ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് ആദ്യം ടിക്കറ്റ് നൽകുക. ജൂലൈ മൂന്ന് മുതൽ 14 വരെയുള്ള വിമാനങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. എയർ ഇന്ത്യയുടെ അബുദാബി, ദുബൈ, ഷാർജ, അൽഐൻ, റാസൽഖൈമ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലെ ഓഫീസുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാനും യാത്രക്കാർക്ക് സാധിക്കുമെന്ന് എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.

