കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ അനന്ത്‌നാഗിൽ മൂന്ന് ഭീകരരെ ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കൂടുതൽ ഭീകരർ സ്ഥലത്ത് മറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കുൽചോഹർ മേഖലയിൽ ഭീകരർ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. ഇതോടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ അവന്തിപ്പോരയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. സോപോരയിൽ വ്യാഴാഴ്ച പുലർച്ച ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അതേസമയം ബുദ്ഗാമിൽ സൈന്യം നടത്തിയ തെരച്ചിലിൽ അഞ്ച് ഭീകരരെ സൈന്യം പിടികൂടി. ലഷ്‌കർ ഇ ത്വയിബ ഭീകരരെയാണ് പിടികൂടിയത്. പ്രദേശത്ത് ആയുധക്കടത്തിൽ സജീവമായിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

