കൊവിഡ് വാക്സിൻ ഈ വർഷം അവസാനത്തോടെ ലഭ്യമാക്കുമെന്ന് യുഎഇ
അബുദാബി: കൊവിഡിനെതിരായ വാക്സിൻ ഈ വർഷം അവസാനത്തോടെ ലഭ്യമാക്കാനാവുമെന്ന് യുഎഇ. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിച്ചതായും യുഎഇ അധികൃതർ അറിയിച്ചു. ചൈനയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് യുഎഇയുടെ പരീക്ഷണം.
ലോകത്ത് ആദ്യമായാണ് ഒരു കൊവിഡ് വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് കടക്കുന്നതെന്നും യുഎഇ അധികൃതർ അവകാശപ്പെടുന്നു. ചൈനീസ് കന്പനിയായ സിനോഫാം, അബുദാബി ആസ്ഥാനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഗ്രൂപ്പ് 42 (ജി42) എന്നിവ തമ്മിൽ അടുത്തിടെ ഒപ്പുവെച്ച ധാരണപ്രകാരമാണിത്. അബുദാബി ഹെൽത്ത് അതോരിറ്റിയുടെ മേൽനോട്ടത്തിൽ ജി42 ആയിരിക്കും യുഎഇയിലെ ക്ലിനിക്കൽ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്.
വാക്സിന്റെ ഒന്നും രണ്ടും പരീക്ഷണ ഘട്ടങ്ങൾ വിപരീത ഫലങ്ങളൊന്നുമില്ലാതെ വിജയികരമായി പൂർത്തിയായിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹുസൈനി പറഞ്ഞു. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും ചൈനയിലാണ് നടന്നത്. വാക്സിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മൂന്ന് ഘട്ടങ്ങളിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്. രോഗപ്രതിരോധ ശേഷി കൃത്യമായി വിലയിരുത്തി വാക്സിൻ ഫലപ്രദമാണെന്ന് ഉറപ്പാക്കുകയാണെന്നും അവർ പറഞ്ഞു.

