സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാം: ആരോഗ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കൂടുകയാണ്. തിരുവനന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണെന്നും കെ.കെ ശൈലജ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ജില്ലയിൽ കൂടുതലാണ്. മറ്റ് ജില്ലങ്ങളേക്കാൾ തിരുവനന്തപുരത്തിന് ശ്രദ്ധ ആവശ്യമാണെന്നും വഞ്ചിയൂർ സ്വദേശിയുടെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

തിരുവനന്തപുരം കളക്ടറുമായി സംസാരിച്ചുവെന്ന് പറഞ്ഞ മന്ത്രി, വഞ്ചിയൂർ സ്വദേശിയുടെ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത് എന്ന് കൂട്ടിച്ചേർ‍ത്തു. തിരുവനന്തപുരത്ത് കളക്ടറും ആരോഗ്യപ്രവർത്തകരും തമ്മിൽ അഭിപ്രായ വ്യത്യസം ഇല്ലെന്നും രമേശിന്റെ കേസിൽ എന്ത് കൊണ്ട് സ്രവം എടുക്കാൻ വൈകിയെന്ന ആരോഗ്യ വിദഗ്ധരുടെ റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും വിശദീകരിച്ചു. അതേസമയം, സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങൾ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed